സ്വന്തം ലേഖകന്‍: യുകെ ബോര്‍ഡര്‍ കണ്‍ട്രോള്‍ ലാന്റിംഗ് കാര്‍ഡുകള്‍ ഡിജിറ്റല്‍ യുഗത്തിലേക്ക്, ഇയുവിന് പുറത്തുനിന്നുള്ള സന്ദര്‍ശകര്‍ പൂരിപ്പിക്കേണ്ട ലാന്റിംഗ് കാര്‍ഡുകള്‍ പഴങ്കഥയാകുന്നു. ബോര്‍ഡര്‍ കണ്‍ട്രോളിന്റെ ഡിജിറ്റല്‍ പരിവര്‍ത്തനത്തിന്റെ ഭാഗമായി യുകെയില്‍ വരുന്ന ഇന്ത്യക്കാര്‍ക്ക് ഇനി കാലഹരണപ്പെട്ട ലാന്‍ഡിംഗ് കാര്‍ഡുകള്‍ പൂരിപ്പിക്കേണ്ട ആവശ്യമില്ല.
യൂറോപ്യന്‍ യൂണിയന് പുറത്തു നിന്നെത്തുന്ന ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുള്ള 16 മില്യണ്‍ സന്ദര്‍ശകരാണ് പ്രതിവര്‍ഷം ലാന്റിംഗ് കാര്‍ഡ് പൂരിപ്പിക്കുന്നത്. എന്നാല്‍ യുകെ ബോര്‍ഡര്‍ ഫോഴ്‌സിന്റെ ഡിജിറ്റല്‍ പരിവര്‍ത്തനത്തിന്റെ ഭാഗമായി പ്രതി വര്‍ഷം 4.6 മില്ല്യണ്‍ പൗണ്ട് ചെലവുണ്ടാക്കുന്ന ഈ കടലാസു പണികള്‍ പൂര്‍ണമായും ഡിജിറ്റലാക്കും.
മെനക്കെടുത്തുന്ന കടലാസു പണികള്‍ ഇല്ലാത്താക്കി ബോര്‍ഡര്‍ ഫോഴ്‌സിനെ പൊതുജനങ്ങളുടെ സുരക്ഷയ്ക്കായി കൂടുതല്‍ സമയം മാറ്റിവക്കാന്‍ ഈ പരിഷ്‌ക്കാരം സഹായിക്കുമെന്ന് ഇമിഗ്രേഷന്‍ മന്ത്രി ബ്രാന്‍ഡന്‍ ലെവിസ് പറഞ്ഞു. മാത്രമല്ല പൂര്‍ണമായും ഡിജിറ്റലായ പുതിയ സംവിധാനം യുകെയില്‍ എത്തുന്ന സന്ദര്‍ശകര്‍ക്ക് പുതുമയാര്‍ന്ന ഒരു സ്വാഗതമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
1971 മുതലാണ് ഇയുവിനു പുറത്തു നിന്നുള്ള യാത്രക്കാര്‍ ലാന്റിംഗ് കാര്‍ഡുകള്‍ പൂരിപ്പിച്ച് നല്‍കണമെന്ന നിബന്ധന വന്നത്. യൂറോപ്യന്‍ യൂണിയന് പുറത്തു നിന്ന് ബ്രിട്ടീഷ് എയര്‍പോര്‍ട്ടുകളില്‍ എത്തുന്ന എല്ലാ യാത്രക്കാരും തുടര്‍ന്നും പൊലീസ്, സുരക്ഷാ, ഇമിഗ്രേഷന്‍ വാച്ച് ലിസ്റ്റുകള്‍ പൂര്‍ത്തിയാക്കുകയും ഓരോ യാത്രക്കാരുടേയും സ്റ്റാറ്റസ് ഉറപ്പാക്കുകയും വേണമെന്നും അധികൃതര്‍ അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല