സ്വന്തം ലേഖകൻ: ബ്രിട്ടീഷ് രാജകുടുംബത്തിലെ തര്‍ക്കം അതിരൂക്ഷമാകുന്നു, ഹാരി രാജകുമാരന്റെ ഭാര്യ മേഗന്‍ മര്‍ക്കിളിനെ ചൊല്ലിയാണ് രാജകുടുംബത്തിലെ പ്രമുഖര്‍ പ്രശ്‌നങ്ങളുണ്ടാക്കുന്നത്. അവര്‍ കുടുംബത്തിലെ അംഗമേ അല്ലെന്നാണ് ചാള്‍സ് രാജാവിന്റെ നിലപാട്. ഇതിനെ പേരില്‍ ഹാരിയും ചാള്‍സും തമ്മില്‍ തെറ്റിയിരിക്കുകയാണ്.
കൊട്ടാരത്തില്‍ കടുത്ത രീതിയിലുള്ള പരിഹാസങ്ങളാണ് മേഗന് നേരിടേണ്ടി വരുന്നത്. ചാള്‍സ് എലിസബത്ത് രാജ്ഞിയുടെ സംസ്‌കാര സമയത്തും മേഗനെ പരിഹസിച്ചതായിട്ടാണ് റിപ്പോര്‍ട്ട്. മേഗനെ രാജകുടുംബത്തിലേക്ക് കൊണ്ടുവരുന്നത് രാജ്യദ്രോഹപരമായിട്ടാണ് ചാള്‍സ് വ്യാഖ്യാനിച്ചത്.
മേഗന്‍ മര്‍ക്കലിനെ ബ്രിട്ടീഷ് രാജകുടുംബത്തിന്റെ ചടങ്ങില്‍ നിന്ന് ചാള്‍സ് രാജാവ് വിലക്കി. ഇവരെ കൊട്ടാര പരിസരത്തേക്ക് പോലും കടത്തിവിടരുതെന്ന് നിര്‍ദേശിച്ചതായിട്ടാണ് റിപ്പോര്‍ട്ട്. ഇതോടെ മേഗന് പങ്കെടുക്കാന്‍ അനുവാദമില്ലാതെ അത്താഴ വിരുന്നില്‍ പങ്കെടുക്കാനില്ലെന്ന് ഹാരി പ്രഖ്യാപിക്കുകയായിരുന്നു. ഈ പരിപാടി ഹാരി ബഹിഷ്‌കരിക്കുകയായിരുന്നു. എലിസബത്ത് രാജ്ഞിയുടെ വിയോഗ സമയത്താണ് ഇത് നടന്നത്. മേഗനെയും ഈ അത്താഴ വിരുന്നില്‍ പങ്കെടുപ്പിക്കണമെന്ന് ഹാരി ആഗ്രഹിച്ചിരുന്നു.
ചാള്‍സ് പക്ഷേ ഹാരിയെ ഫോണ്‍ ചെയ്ത് മേഗനെ കൊണ്ടുവരരുതെന്ന് നിര്‍ദേശിക്കുകയായിരുന്നു. രാജസദസ്സിലേക്ക് മേഗനെ കൊണ്ടുവരുന്നത് ഒട്ടും ശരിയല്ലെന്നും, മാന്യത അല്ലെന്നും ചാള്‍സ് പറയുകയായിരുന്നു. എന്നാല്‍ പിതാവിനെ അനുനയിപ്പിക്കാന്‍ നോക്കിയ ഹാരി പരാജയപ്പെടുകയായിരുന്നു. മേഗനെ കൂടി വരാന്‍ അനുവദിക്കണമെന്ന് ഹാരി അഭ്യര്‍ഥിച്ചിരുന്നു. വില്യം രാജകുമാരനും അദ്ദേഹത്തിന്റെ അമ്മാവന്മാരായ ആന്‍ഡ്രൂവും എഡ്വാര്‍ഡും ഒന്നിച്ച് സ്‌കോട്‌ലന്‍ഡിലേക്ക് പോയ വിമാനത്തില്‍ ഹാരി ഉണ്ടായിരുന്നില്ല.
വിമാനത്തില്‍ തര്‍ക്കത്തെ തുടര്‍ന്നാണ് ഹാരിക്ക് എത്താനാവാതിരുന്നത്. ഇതെല്ലാം ഹാരിയെ ചൊടിപ്പിച്ചിരിക്കുകയാണ്. പിതാവുമായി അകന്നിരിക്കുകയാണ് അദ്ദേഹം. ചാള്‍സുമൊത്ത് അത്താഴം കഴിക്കാന്‍ താനുണ്ടാവില്ലെന്ന് ഹാരി അറിയിക്കുകയായിരുന്നു. വില്യമും, രാജ്ഞി കമീലയും ഈ ചടങ്ങിലുണ്ടായിരുന്നു. പകരം യോര്‍ക്കിലെ ഡ്യൂക്കിനൊപ്പമാണ് ഹാരി ഭക്ഷണം കഴിച്ചത്. അടുത്ത രാവിലെ തന്നെ മടങ്ങുകയും ചെയ്തു. മേഗനെ കൂടി തന്റെ കുടുംബത്തിന്റെ ചടങ്ങിലേക്ക് കൊണ്ടുവരാന്‍ ഹാരി വല്ലാതെ ശ്രമിച്ചിരുന്നുവെന്ന് ദ സണ്‍ റിപ്പോര്‍ട്ട് ചെയ്തു.
തനിക്കൊപ്പം ഭക്ഷണം കഴിക്കാനുള്ള ക്ഷണം ഹാരിക്ക് ചാള്‍സില്‍ നിന്ന് ലഭിച്ചിരുന്നു. എപ്പോഴൊക്കെ ഇംഗ്ലണ്ടിലെത്തിയാലും അത് സാധ്യമാകും. പക്ഷേ ഹാരി കടുത്ത ദേഷ്യത്തിലാണ്. സഹോദരനും പിതാവിനുമൊപ്പം സല്‍ക്കാരത്തില്‍ പങ്കെടുക്കാനില്ലെന്ന് പരസ്യമായി തന്നെ ഹാരി അറിയിച്ചിരിക്കുകയാണ്. ബല്‍മോറല്‍ കൊട്ടാരത്തില്‍ നിന്ന് നേരത്തെ തന്നെ ഹാരി മടങ്ങുകയും ചെയ്തു. വൈകാതെ തന്നെ ലണ്ടനിലേക്കാണ് ഹാരി മടങ്ങിയത്. രാജകുടുംബത്തില്‍ തിടുക്കപ്പെട്ട് മടങ്ങിയ ആദ്യ അംഗമാണ് ഹാരി. രാവിലെ പത്ത് മണിയോടെ തന്നെ ഹാരി ലണ്ടനിലേക്ക് മടങ്ങിയെന്നാണ് റിപ്പോര്‍ട്ട്.
ചാള്‍സിന്റെ അടുത്ത ബന്ധുവായ ക്രിസ്റ്റീന ഓക്‌സന്‍ബര്‍ഗും രൂക്ഷ വിമര്‍ശനമാണ് ഉന്നയിച്ചിരിക്കുന്നത്. മേഗനെ രാജകുടുംബം ടാര്‍ഗറ്റ് ചെയ്യുകയാണ്. അവരോട് അവിടെ പിടിച്ച് നില്‍ക്കാനാണ് താന്‍ അഭ്യര്‍ത്ഥിക്കുകയെന്നും ക്രിസ്റ്റീന പറഞ്ഞു. വളരെ മോശം പെരുമാറ്റമാണ് മേഗനോട് രാജകുടുംബത്തില്‍ നിന്നുണ്ടാവുന്നത്. ചിലരെങ്കിലും അവരുടെ പ്രശ്‌നങ്ങള്‍ ഏറ്റെടുക്കാനുണ്ടാവുമെന്നാണ് കരുതുന്നത്. കേറ്റ് മിഡില്‍ട്ടിനും ഇതേ അനുഭവമാണ് ഉണ്ടായത്. മധ്യവര്‍ത്തി കുടുംബത്തില്‍ വന്നവരെന്ന് പറഞ്ഞ് കൊണ്ട് ബ്രിട്ടീഷ് മാധ്യമങ്ങള്‍ കേറ്റിനെ അപമാനിച്ചുവെന്നും ക്രിസ്റ്റീന വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല