സ്വന്തം ലേഖകന്‍: ബ്രെക്‌സിറ്റിന്റെ വിലയായി ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയന് 40 ബില്യണ്‍ യൂറോ നല്‍കുമെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി തെരേസാ മേയ് സര്‍ക്കാര്‍, അത് ഇയുവിന്റെ വ്യാമോഹം മാത്രമെന്ന് വിലയിരുത്തല്‍. യൂറോപ്യന്‍ യൂനിയന്‍ വിടുന്നതിനു മുന്നോടിയായി കണക്കുകള്‍ തീര്‍പ്പാക്കാന്‍ ബ്രിട്ടന്‍ 40 ബില്യണ്‍ യൂറോയുടെ ബ്രെക്‌സിറ്റ് ബില്ല് തയാറാക്കുന്നതായി സണ്‍ഡെ ടെലിഗ്രാഫ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ബ്രക്‌സിറ്റ് ചര്‍ച്ചകള്‍ ചൂടു പിടിക്കുന്നതിനിടെ ബ്രസല്‍സ് ബ്രിട്ടനുമായി നടത്തിയ ചര്‍ച്ചയില്‍ 60 ബില്യണ്‍ യൂറോ വേണമെന്നായിരുന്നു ഇ.യു ആവശ്യപ്പെട്ടത്. എന്നാല്‍, ബ്രെക്‌സിറ്റ് പൂര്‍ത്തിയായാലും ബ്രിട്ടനുമായി വ്യാപാരബന്ധത്തിന് ഇ.യു തയാറായാല്‍ മാത്രമേ ഇത്രയും തുക നല്‍കൂവെന്ന് സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് പത്രം സണ്‍ഡേ ടെലിഗ്രാഫ് റിപ്പോര്‍ട്ട് ചെയ്യുന്നു.
എന്നാല്‍, ഇത്തരം റിപ്പോര്‍ട്ടുകള്‍ ഇയുവിന്റെ വ്യാമോഹം മാത്രമാണെന്നും ഇത്രയും വലിയ തുക നല്‍കാന്‍ ഒരിക്കലും ബ്രിട്ടന്‍ ആലോചിച്ചിട്ടില്ലെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. ഇയു ബജറ്റിലേക്കുള്ള ബ്രിട്ടന്റെ നിരവധി വര്‍ഷത്തെ സംഭാവന കണക്കിലെടുത്താണ് ഈ ഭീമന്‍ തുക കണക്കാക്കിയിരിക്കുന്നത്. ബ്രെക്‌സിറ്റ് നടപടിക്രമങ്ങളില്‍ തെരേസാ മേയ് സര്‍ക്കാരിന് ഏറ്റവു തലവേദനയുണ്ടാക്കുന്ന വിഭാഗമാണ് ഇയുവിന് നല്‍കാനുള്ള വില.
ബ്രെക്‌സിറ്റ് പ്രചാരന സമയത്ത് ആഴ്ച തോറും 350 മില്യന്‍ പൗണ്ട് ബ്രസല്‍സില്‍ നിന്ന് ഈടാക്കുമെന്നും ഇത് എന്‍എച്ച്എസിന്റെ ആവശ്യങ്ങള്‍ക്കായി വകയിരുത്തുമെന്നും സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിരുന്നു. അതിനാല്‍ വലിയ തുക ബ്രസല്‍സിനു നല്‍കുന്നതി തെരേസ്ആ മേയ് സര്‍ക്കാരിനെ കൂടുതല്‍ കുഴപ്പത്തിലാക്കുമെന്ന് നിരീക്ഷകര്‍ കരുതുന്നു. 2019 മാര്‍ച്ചോടെ ബ്രിട്ടന്റെ ഇയുവില്‍ നിന്നുള്ള വിടുതല്‍ പൂര്‍ണമാകുമെന്നാണ് കരുതുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല