സ്വന്തം ലേഖകൻ: കോവിഡ്, ബ്രെക്സിറ്റ് ആഘാതങ്ങളെ അതിജീവിക്കാൻ അത്ഭുതങ്ങളൊന്നും ഇല്ലാതെ യുകെയുടെ 2021 ബജറ്റ് ചാൻസലർ റിഷി സുനക് അവതരിപ്പിച്ചു. പൊതുമേഖലയില്‍ പേ ഫ്രീസ് റദ്ദാക്കിയതും മിനിമം വേജ് 9.50 മില്ല്യണിലേക്ക് വര്‍ദ്ധിപ്പിച്ചതുമാണ് മലയാളി സമൂഹത്തിനടക്കം ആശ്വാസമാകുന്ന ജനപ്രിയ പ്രഖ്യാപനങ്ങൾ. ഒപ്പം കുറഞ്ഞ വരുമാനമുള്ള കുടുംബങ്ങള്‍ക്ക് പ്രതിവര്‍ഷം 1000 പൗണ്ട് അധികം ലഭ്യമാക്കാനുള്ള യൂണിവേഴ്‌സല്‍ ക്രെഡിറ്റ് നിർദേശങ്ങളും സുനക് മുന്നോട്ട് വക്കുന്നു.
കോവിഡ് പ്രതിസന്ധി മറികടക്കാൻ സ്കൂളുകള്‍ക്ക് കൂടുതല്‍ പണം നല്‍കുമെന്നും സുനാക് പ്രഖ്യാപിച്ചു. എന്നാല്‍ നികുതി കുറയ്ക്കാന്‍ അടുത്ത തെരഞ്ഞെടുപ്പ് വരെ കാത്തിരിക്കണമെന്ന തൻ്റെ നിലപാടും ചാന്‍സലർ ആവർത്തിച്ചു. സാമ്പത്തിക രംഗം തിരിച്ചുവരവിന്റെ പാതയിലാണെന്നു അവകാശപ്പെട്ട ചാന്‍സലര്‍ 150 ബില്ല്യണ്‍ പൗണ്ടിന്റെ ഫണ്ട് പ്രഖ്യാപനങ്ങളാണ് നടത്തിയിരിക്കുന്നത്. ഡെലിവെറി പ്രതിസന്ധി അവസാനിപ്പിക്കാനുള്ള നടപടികളും, ഇന്ധന ഡ്യൂട്ടി വര്‍ദ്ധനവ് ഒഴിവാക്കുകയും ചെയ്തപ്പോൾ അടുത്ത തെരഞ്ഞെടുപ്പിന് മുന്‍പ് നികുതി കുറയ്ക്കാമെന്നാണ് സുനകിൻ്റെ വാഗ്ദാനം.
“തൊഴിലവസരങ്ങള്‍ വര്‍ദ്ധിച്ചു, നിക്ഷേപം കൂടുന്നു. പബ്ലിക് സര്‍വ്വീസും മെച്ചപ്പെടുന്നു. പബ്ലിക് ഫിനാന്‍സും സ്ഥിരത കൈവരിക്കുന്നുണ്ട്. ശമ്പളവും ഉയരുകയാണ്,“ അദ്ദേഹം പറഞ്ഞു. മഹാമാരിയുടെ ഉയരത്തില്‍ പോലും തൊഴിലില്ലായ്മ ഭയപ്പെട്ട അവസ്ഥയിലേക്ക് പോയില്ല. സര്‍ക്കാരിന്റെ എല്ലാ ഡിപ്പാര്‍ട്ട്‌മെന്റിനും സ്‌പെന്‍ഡിംഗ് ഉയര്‍ത്താന്‍ അനുമതി നല്‍കിയ ചാന്‍സലര്‍ ഫ്യൂവല്‍ ഡ്യൂട്ടി ഫ്രീസിംഗ് തുടരുമെന്നും അറിയിച്ചു.
അടുത്ത മൂന്ന് വര്‍ഷം കൊണ്ട് ഇംഗ്ലണ്ടിലെ സ്‌കൂളുകളില്‍ വിദ്യാര്‍ത്ഥി അടിസ്ഥാനത്തില്‍ ഫണ്ടിംഗ് അനുവദിച്ച് 2010ന് മുന്‍പുള്ള നിലവാരം കൈവരിക്കും. ബാങ്കുകള്‍ സൂക്ഷിക്കേണ്ട എക്‌സ്ട്രാ കോര്‍പ്പറേഷന്‍ ടാക്‌സില്‍ 5% കുറവ് വരും. അടുത്തവര്‍ഷം എല്ലാ നേഴ്സുമാര്‍ക്കും ശമ്പള വര്‍ദ്ധനവ് ഉണ്ടാകുമെന്നും സുനക് പ്രഖ്യാപിച്ചു. ഇതെക്കുറിച്ച് പഠിക്കാന്‍ ഉടന്‍തന്നെ പേ റിവ്യൂ ബോഡിയോടെ അനുബന്ധിച്ചുള്ള നടപടികള്‍ ആരംഭിക്കും.
പേ റിവ്യൂ ബോഡിയുടെ ശുപാര്‍ശകള്‍ സര്‍ക്കാര്‍ അംഗീകരിച്ചാല്‍ അടുത്ത വര്‍ഷം തന്നെ പുതിയ ശമ്പളസ്കെയില്‍ നിലവില്‍ വരും. വിമാന യാത്രകള്‍ക്ക് 2023 ഏപ്രില്‍ മുതല്‍ നികുതി വര്‍ദ്ധനയുണ്ടാവും. മദ്യപിക്കുന്നവര്‍ക്കും, ഹോസ്പിറ്റാലിറ്റി സ്ഥാപനങ്ങള്‍ക്കും ബിസിനസ് നിരക്കില്‍ 50 ശതമാനം ഡിസ്‌കൗണ്ട്, എച്ച്ജിവി ടാക്‌സിലും, പുതിയ ലോറി പാര്‍ക്കിലും ഫ്രീസിംഗ്, എന്‍എച്ച്എസ് ബാക്ക്‌ലോഗ് ഒഴിവാക്കാന്‍ 6 ബില്ല്യണ്‍ പൗണ്ട്, കുറ്റകൃത്യങ്ങള്‍ കുറയ്ക്കാന്‍ തെരുവുകളില്‍ കൂടുതല്‍ സിസിടിവി, വിളക്കുകള്‍, ഇരകള്‍ക്ക് സഹായം എന്നിവയ്ക്ക് 435 മില്ല്യണ്‍ പൗണ്ട് അധികം, അതിര്‍ത്തി നിയന്ത്രണത്തിന് 700 മില്ല്യണ്‍ പൗണ്ട് എന്നിവയാണ് മറ്റ് പ്രധാന പ്രഖ്യാപനങ്ങളിൽ ചിലത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല