സ്വന്തം ലേഖകൻ: ബ്രിട്ടനിൽ കാൻസർ ബാധിതരായ മൂന്നു മലയാളികൾ 24 മണിക്കൂറിനിടെ മരിച്ചു. മാഞ്ചസ്റ്ററിൽ ഐടി എൻജിനീയറായ രാഹുലും ലിവർപൂളിലെ വീസ്റ്റോണിൽ നഴ്സായ ജോമോൾ ജോസും (55) മരിച്ചതിന്‍റെ ഞെട്ടൽ മാറും മുമ്പേയാണ് വാറിങ്ടനിലെ മെറീന ബാബു (20) എന്ന നഴ്സിങ് വിദ്യാർഥിയുടെ മരണവാർത്തയും എത്തിയത്.
വാറിങ്ടനിൽ താമസിക്കുന്ന ബൈജു മാമ്പള്ളി – ലൈജു ദമ്പതികളുടെ മകൾ മെറീന ഇന്നുച്ചയ്ക്കാണ് അന്തരിച്ചത്. ബ്ലഡ് കാൻസറിന് റോയൽ ലിവർപൂൾ ആശുപത്രിയിൽ ചികിൽസയിലായിരുന്നു. രോഗം സ്ഥീരീകരിച്ച് ഏതാനും ദിവസങ്ങൾക്കുള്ളിലുള്ള മെറീനയുടെ മരണം ഉൾക്കൊള്ളാനാകാതെ വിതുമ്പകയാണ് ബന്ധുക്കളും സുഹൃത്തുക്കളും.
യൂണിവേഴ്സിറ്റി ഓഫ് മാഞ്ചസ്റ്ററിൽ മൂന്നാംവർഷ നഴ്സിങ് വിദ്യാർഥിയായിരുന്നു. സഹോദരി മെർലിൻ, വാറിങ്ടൻ എൻഎച്ച്എസ് ആശുപത്രിയിൽ ഉദ്യോഗസ്ഥയാണ്. കോട്ടയം ചിങ്ങവനം സ്വദേശികളാണ് ബാബു മാമ്പള്ളിയും കുടുംബവും.
തിങ്കളാഴ്ച അന്തരിച്ച രാഹുൽ ഒരു വർഷത്തിലേറെയായി കാൻസറിനു ചികിൽസയിലായിരുന്നു. ഏതാനും ദിവസങ്ങളായി ആശുപത്രിയിലായിരുന്നു. മാഞ്ചസ്റ്ററിലെ റോയൽ ഇൻഫേമറി ആശുപത്രിയിൽ നഴ്സായ ജോൺസി രാഹുലാണ് ഭാര്യ. ഏഴു വയസ്സുകാരനായ ജോഹാഷ് മകനാണ്. ഛത്തീസ്ഗഡിൽ സ്ഥിരതാമസമാക്കിയ മലയാളി കുടുംബങ്ങളിൽ നിന്നുള്ളവരാണ് രാഹുലും ഭാര്യയും. മൂന്നുവർഷം മുൻപാണ് ഇവർ ബ്രിട്ടനിലെത്തിയത്. മൃതദേഹം നാട്ടിലെത്തിച്ച് സംസ്കാരിക്കാനാണ് ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ശ്രമം.
കുറുമുള്ളൂർ പുത്തറയിൽ പരേതനായ മാത്യുവിന്‍റെ മകളാണ് വീസ്റ്റോണിൽ മരിച്ച ജോമോൾ ജോസ്. ഭർത്താവ് ജോസ് ഏബ്രഹാം. ഇവർക്ക് മൂന്നു മക്കളുണ്ട്. ഇന്നു രാവിലെ വീസ്റ്റോൺ ഹോസ്പിറ്റലിലായിരുന്നു ജോമോളുടെ മരണം. സംസ്കാരം പിന്നീട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല