സ്വന്തം ലേഖകൻ: യുകെയിൽ ശാരീരിക, മാനസിക വെല്ലുവിളികള്‍ നേരിട്ട സ്ത്രീയില്‍ നിന്നും 20,000 പൗണ്ട് മോഷ്ടിച്ച കെയറര്‍ക്ക് ഒരു വര്‍ഷവും ഒരു മാസവും തടവു ശിക്ഷ വിധിച്ച് മാഞ്ചസ്റ്റർ കോടതി. പെറ്റുല ഹാറ്റ്‌സര്‍ ( 55 ) ആണ് ശിക്ഷിക്കപ്പെട്ടത്.
കഴിഞ്ഞ 17 വര്‍ഷമായി പെറ്റുല ഹാറ്റ്‌സര്‍ ശുശ്രൂഷിച്ചിരുന്ന ആലിസണ്‍ ഹേഗ് എന്ന സ്ത്രീയുടെ പേരില്‍ നിരവധി ക്രെഡിറ്റ്കാര്‍ഡ്, കാറ്റലോഗ് അക്കൗണ്ടുകള്‍ ഉണ്ടാക്കിയായിരുന്നു തട്ടിപ്പ് നടത്തിയത്. ആലിസണിനെ ശുശ്രൂഷിക്കുന്ന മറ്റൊരു കെയറര്‍ ആയിരുന്നു ഈ തട്ടിപ്പിനെ കുറിച്ച് 2020ല്‍ ഗ്രേറ്റർ മാഞ്ചസ്റ്റർ പൊലീസിനെ അറിയിച്ചത്.
സെറിബ്രല്‍ പാള്‍സി എപിലെപ്‌സിയും ഡിസ്റ്റോണിയയും ബാധിച്ച ആലിസണിനെ പെറ്റുല ഹാറ്റ്‌സര്‍ ബുദ്ധിപൂര്‍വ്വം വഞ്ചിക്കുകയായിരുന്നു. സംസാരശേഷി ഇല്ലാത്ത ആലിസണിന്‍റെ പേരില്‍ നിരവധി അക്കൗണ്ടുകള്‍ തുറന്നതായി കണ്ടെത്തി. കൂടാതെ ആലിസണിന്‍റെ നിലവിലുള്ള ഒരു ബാങ്ക് അക്കൗണ്ടില്‍ പെറ്റുല ഹാറ്റ്‌സറിന് ആക്‌സസും ഉണ്ടായിരുന്നു.
ആലിസണിന്‍റെ ഭക്ഷണം, വസ്ത്രം എന്നിവ ഉൾപ്പടെ ഉള്ള ആവശ്യങ്ങൾക്കുള്ള പണമായിരുന്നു അക്കൗണ്ടില്‍ ഉണ്ടായിരുന്നത്. വിശദമായ അന്വേഷണങ്ങള്‍ക്ക് ശേഷം പെറ്റുല ഹാറ്റ്‌സറിനെ അവരുടെ വീട്ടില്‍ നിന്നും 2021 ല്‍ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
ചോദ്യം ചെയ്തപ്പോള്‍ ആലിസണിന്‍റെ പേരില്‍ താന്‍ അക്കൗണ്ടുകള്‍ തുടങ്ങിയതായും ക്രെഡിറ്റ് കാര്‍ഡുകളും മറ്റും സ്വന്തം ആവശ്യത്തിനായി ഉപയോഗിച്ചതായും സമ്മതിക്കുകയായിരുന്നു. തുടരന്വേഷണത്തില്‍ കൂടുതല്‍ തെളിവുകളും പൊലീസിന് ലഭിച്ചു.
ഇതിന്‍റെ അടിസ്ഥാനത്തില്‍ പത്ത് തട്ടിപ്പുകേസുകളിലും അത്രയും തന്നെ വ്യാജ രേഖ ചമച്ച കേസുകളിലും അവര്‍ കുറ്റക്കാരിയാണെന്ന് മാഞ്ചസ്റ്റർ കോടതി കണ്ടെത്തുകയായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല