1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 6, 2024

സ്വന്തം ലേഖകൻ: വർക്ക് വീസ ചട്ടങ്ങളില്‍ കടുത്ത നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്ന കാര്യം സൂക്ഷ്മ പരിശോധനയിലാണെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. നൂറുകണക്കിന് പുതിയ കെയര്‍ഹോമുകള്‍ക്ക് വിദേശത്തു നിന്നും ജീവനക്കാരെ നിയമിക്കാന്‍ സ്പോണ്‍സര്‍ഷിപ് നല്‍കിയേക്കും എന്ന റിപ്പോര്‍ട്ടിന് പിന്നാലെയാണ് ഈ അറിയിപ്പ് വരുന്നത്. പുതിയ നിയമം, വിദേശ ഹെല്‍ത്ത് വര്‍ക്കര്‍മാര്‍ക്ക് യു കെയിലേക്ക് കുടുംബത്തെ കൊണ്ടു വരുന്നതിന് നിയന്ത്രണമേര്‍പ്പെടുത്തുമ്പോള്‍, വിദേശ ജീവനക്കാരെ സ്പോണ്‍സര്‍ ചെയ്യണമെങ്കില്‍ കെയര്‍ ക്വാളിറ്റി കമ്മീഷനില്‍ റജിസ്റ്റര്‍ ചെയ്തിരിക്കണം എന്ന നിബന്ധനയും വയ്ക്കുന്നു.

ഈ നടപടികള്‍ ബ്രിട്ടനിലേക്കുള്ള കുടിയേറ്റത്തിന്റെ തോത് കുറയ്ക്കാന്‍ സഹായിക്കും എന്നാണ് സര്‍ക്കാര്‍ കരുതുന്നത്. എന്നാല്‍, നൂറു കണക്കിന് കമ്പനികള്‍ക്ക് സ്പോണ്‍സര്‍ഷിപ് ലൈസന്‍സ് നല്‍കിയെന്ന വാര്‍ത്ത പരന്നതോടെ നിരവധി വ്യാജ കമ്പനികള്‍ വീസ സ്പോണ്‍സര്‍ ചെയ്യുന്നതായുള്ള ആശങ്കയും ഉയര്‍ന്നിട്ടുണ്ട്. കെയര്‍ സേവനം നല്‍കുന്ന ചരിത്രം പോലുമില്ലാത്ത, കേവലം അഞ്ച് മാസങ്ങള്‍ക്ക് മുന്‍പ് ആരംഭിച്ച കമ്പനികള്‍ക്ക് വരെ ലൈസന്‍സ് നല്‍കി എന്നാണ് ചില റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

സി ക്യൂ സി പരിശോധന നടക്കാത്ത, ചുരുങ്ങിയത് 268 കമ്പനികള്‍ക്ക് എങ്കിലും വിദേശ ജീവനക്കാരെ സ്പോണ്‍സര്‍ ചെയ്യുന്നതിനുള്ള ലൈസന്‍സ് നല്‍കിയതായി സ്റ്റാന്‍ഡേര്‍ദ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഒബ്സര്‍വര്‍ നടത്തിയ അന്വേഷണത്തിലാണ് ഇത് കണ്ടെത്തിയതെന്നും പറയുന്നുണ്ട്. വീസ നിയമങ്ങള്‍ കൂടുതല്‍ കര്‍ക്കശമാക്കുന്നതിനുള്ള നടപടികള്‍ പരിശോധിച്ചു വരികയാണെന്നാണ് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചത്.

മൈഗ്രേഷന്‍ സിസ്റ്റം ദുരുപയോഗം ചെയ്യുന്നതിനുള്ള ശക്തമായ മാറ്റങ്ങള്‍ അടുത്തയാഴ്ച്ച വരുമെന്നും പ്രധാനമന്ത്രിയുടെ വക്താവ് അറിയിച്ചു. കെയര്‍ വര്‍ക്കര്‍മാര്‍ ആശ്രിതരെ കൂടെ കൊണ്ടു വരുന്നതിനെ വിലക്കുന്നതിനൊപ്പം, കെയര്‍ സേവന ദാതാക്കള്‍ക്ക് റെജിസ്ട്രേഷന്‍ നിര്‍ബന്ധമാക്കുന്നതും ഇതില്‍ ഉള്‍പ്പെടും. ബ്രിട്ടനിലേക്ക് കുടിയേറുന്ന കെയര്‍ വര്‍ക്കര്‍മാരുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിച്ചതോടെയാണ് ഈ നടപടി.

2023-ല്‍ 1,46,477 പേര്‍ക്ക് ബ്രിട്ടനില്‍ ജോലി ചെയ്യാന്‍ ഹെല്‍ത്ത് വീസ അനുവദിച്ചപ്പോള്‍ അവര്‍ക്കൊപ്പം വന്ന ആശ്രിതരെ കൂടി കൂട്ടിയാല്‍ ബ്രിട്ടനില്‍ ഈ വഴി എത്തിയ മൊത്തം ആളുകളുടെ എണ്ണം 3,49,929 ആയി. 2022-ല്‍ ഇത് 1,57,636 ഉം 2021- ല്‍ ഇത് 63,291 ഉം ആയിരുന്നു. മാത്രമല്ല, വര്‍ക്ക് വീസയില്‍ ബ്രിട്ടനില്‍ താമസിക്കുന്നവരുടെ എണ്ണം കഴിഞ്ഞ എട്ട് വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിലയിലുമാണ്. കെയര്‍ വര്‍ക്കര്‍മാരുടെയും ഹോം കെയര്‍മാരുടെയും അധികമായ വരവാണ് ഇതിന് കാരണമെന്ന് ഹോം ഓഫീസ് പറയുന്നു.

കെയര്‍ വര്‍ക്കര്‍മാര്‍ക്ക് കൂടെ ആശ്രിതരെ കൊണ്ടു വരുന്നതിനുള്ള വിലക്ക് മാര്‍ച്ച് 11 മുതല്‍ പ്രാബല്യത്തില്‍ വരും. വിദേശികളെ സ്പോണ്‍സര്‍ ചെയ്യുന്നതിന് സി ക്യൂ സി പരിശോധന നിര്‍ബന്ധമാക്കുന്നതും അന്ന് തന്നെ നിലവില്‍ വരും. അതുപോലെ സ്‌കില്‍ഡ് വര്‍ക്കര്‍ വീസയില്‍ എത്തുന്നവര്‍ക്ക് ആവശ്യമായ കുറഞ്ഞ വേതന പരിധി ഉയരുന്നത് ഏപ്രില്‍ 4 മുതല്‍ പ്രാബല്യത്തില്‍ വരും. ആശ്രിതരെ ബ്രിട്ടനിലേക്ക് കൊണ്ടു വരുന്നതിനുള്ള കുറഞ്ഞ വേതന പരിധി ഉയരുന്നതും ഏപ്രില്‍ മുതല്‍ നിലവില്‍ വരും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.