സ്വന്തം ലേഖകൻ: യുകെയിലെ കെയര്‍ മേഖല വല്ലാത്തൊരു പ്രതിസന്ധി അഭിമുഖീകരിക്കുകയാണ് ഇപ്പോള്‍. കുടിയേറ്റ നിയമങ്ങള്‍, ഹോം ഓഫീസ് കൂടുതല്‍ കര്‍ക്കശമാക്കിയതോടെ മുന്‍പെങ്ങും ഇല്ലാത്ത പ്രതിസന്ധിയാണ് മേഖല അഭിമുഖീ കരിക്കുന്നത്.ഇമിഗ്രേഷന്‍ പെര്‍മിറ്റുകള്‍ പുതുക്കി നല്‍കാത്തതിനാല്‍ നിരവധി വിദേശ തൊഴിലാളികള്‍ വീട്ടിലിരുത്തി ശമ്പളം കൊടുക്കുകയാണെന്ന് യു കെയിലെ ഏറ്റവും വലിയ ഹോം കെയര്‍ സേവന ദാതാക്കളില്‍ ഒരാള്‍ പറയുന്നു.
കോവിഡ് പ്രതിസന്ധിക്ക് ശേഷം കെയര്‍ വര്‍ക്കര്‍മാരുടെ കൊഴിഞ്ഞുപോക്ക് വന്‍ തോതില്‍ നിന്നും ഉണ്ടായപ്പോള്‍ അത് നികത്തുന്നതിനാണ് വിദേശ കെയര്‍വര്‍ക്കര്‍മാരെ യു കെയിലേക്ക് വരുത്തിയത്. ഇതില്‍ അധികം പേരും ആഫ്രിക്കയില്‍ നിന്നും എത്തിയവരാണ്. എന്നാല്‍, അവിടെയും ഏതു തരത്തിലും പണമുണ്ടാക്കാന്‍ നടക്കുന്ന തട്ടിപ്പുകാര്‍ വിളയാടാന്‍ തുടങ്ങിയപ്പോള്‍ സര്‍ക്കാരിന് നിയമങ്ങള്‍ കര്‍ശനമാക്കേണ്ടതായി വരുന്നു.
കെയറര്‍ വീസയില്‍ ആളുകളെ എത്തിച്ച്, പറഞ്ഞുറപ്പിച്ച ശമ്പളം പോലും നല്‍കാതെ പറ്റിച്ച നിരവധി കഥകളാണ് പുറത്തു വന്നത്. അധുനിക അടിമത്തം വരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. അതിനെയെല്ലാം തടയുന്നതിനായിരുന്നു സര്‍ക്കാര്‍ നിയമങ്ങള്‍ കര്‍ശനമാക്കിയത്. എന്നാല്‍, ഒരറ്റത്തു നിന്നും ഇപ്പോള്‍ കാര്യങ്ങള്‍ പൂര്‍ണ്ണമായും മറ്റേ അറ്റത്ത് എത്തി നില്‍ക്കുന്നു എന്നാണ് ഗ്രോസ്വെനര്‍ ഹെല്‍ത്ത്കെയര്‍ ചീഫ് എക്സിക്യുട്ടീവ് ഡാരെന്‍ സ്റ്റാപെല്‍ബെര്‍ഗ് പറയുന്നത്.നിയമ ഇളവുകളിലെ പഴുതുകള്‍ ഉപയോഗിച്ച് തട്ടിപ്പുകാര്‍ തട്ടിപ്പ് നടത്തിയപ്പോള്‍, നിയമം കര്‍ശനമക്കുമ്പോള്‍ വലയുന്നത് നേരായ വഴിയില്‍ സ്ഥാപനം നടത്തുന്നവരാണ്.
യു കെയില്‍ ഏറ്റവും വലിയ മൂന്നാമത്തെ കെയര്‍ സേവന ദാതാവായ ഗ്രോസ്വെനര്‍ ഹെല്‍ത്ത്കെയര്‍ ഇപ്പോള്‍ തന്നെ 30 ഓളം സിംബാബ്വേക്കാരായ കെയര്‍ വര്‍ക്കര്‍മാര്‍ക്ക് കുറഞ്ഞ തോതിലുള്ള ശമ്പളം നല്‍കി വെറുതെ ഇരുത്തിയിരിക്കുകയാണ്. വരും മാസങ്ങളില്‍ 90 പേര്‍ക്ക് കൂടി ഇങ്ങനെ ചെയ്യേണ്ടി വരുമെന്ന് കമ്പനി പറയുന്നു. സ്പോണ്‍സര്‍ ചെയ്ത് യു കെയിലേക്ക് കെയര്‍ വര്‍ക്കര്‍മാരെ കൊണ്ടുവരുന്നത് എളുപ്പമായിരുന്നു. എന്നാല്‍, ഈ സിസ്റ്റം ദുരുപയോഗം ചെയ്യപ്പെട്ടതോടെ മര്യാദക്ക് സ്ഥാപനങ്ങല്‍ നടത്തുന്നവരാണ് കുടുങ്ങിയതെന്നും ഡാരന്‍ സ്റ്റാപെല്ബെര്‍ഗ് പറയുന്നു.
ഇതിനോടകം തന്നെ ഈ കമ്പനിയില്‍ നിന്നും പതിനൊന്ന് ജീവനക്കാര്‍ തങ്ങളുടെ നാടുകളിലേക്ക് തിരികെ പോയി. പല കമ്പനികളില്‍ നിന്നായി ഇനിയും പലരും മടങ്ങിപ്പോകാന്‍ ഒരുങ്ങുകയാണ്. ഇംഗ്ലണ്ടില്‍ മാത്രം 1,52,000 കെയര്‍ വര്‍ക്കര്‍മാരുടെ ഒഴിവുള്ളപ്പോഴാണ് ഇത് സംഭവിക്കുന്നത് എന്നോര്‍ക്കണം. 2023-ല്‍ 1,06,000 കെയര്‍ വര്‍ക്കര്‍ വീസകളായിരുന്നു സര്‍ക്കാര്‍ അനുവദിച്ചത്. എന്നാല്‍, ഇത്തരത്തില്‍ വിദേശ കെയറര്‍മാരെ റിക്രൂട്ട് ചെയ്ത പല കമ്പനികളും കെയര്‍ ക്വാളിറ്റി കമ്മീഷന്‍ പരിശോധിച്ചിരുന്നില്ല. മാത്രമല്ല ബോര്‍ഡേഴ്സ് ചീഫ് ഇന്‍സ്പെക്ടറുടെ പരിശോധനയില്‍ പുറത്തു വന്നത് ഇല്ലാത്ത കെയര്‍ ഹോമിന്റെ പേരില്‍ 275 വീസകള്‍ അനുവദിച്ചു എന്നാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല