1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 20, 2023

സ്വന്തം ലേഖകൻ: ബ്രിട്ടനിലെ ഉയര്‍ന്ന ജീവിത ചെലവ് താങ്ങാന്‍ കഴിയാത്തതിനാല്‍ ചരിത്രത്തില്‍ ആദ്യമായി ശമ്പള വര്‍ധവ് ആവശ്യപ്പെട്ട് ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടിലെ വൈദികര്‍. 500 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായാണ് ശമ്പള വര്‍ധനവ് ആവശ്യപ്പെടാന്‍ വൈദികര്‍ നിര്‍ബന്ധിതരാവുന്നത്. 2024 ഏപ്രില്‍ മുതല്‍ വൈദികര്‍ക്ക് ലഭിക്കുന്ന സ്‌റ്റൈപ്പന്‍ഡില്‍ 9.5ശതമാനം വര്‍ദ്ധനവ് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടിലെ 2,000-ലധികം വൈദികരെയും സാധാരണ ഉദ്യോഗസ്ഥരെയും പ്രതിനിധീകരിക്കുന്ന ട്രേഡ് യൂണിയന്‍ യൂണിറ്റ് തിങ്കളാഴ്ച പറഞ്ഞു.

”ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടിന്റെ ബാങ്കില്‍ കോടിക്കണക്കിന് പണമുണ്ട്. അതുകൊണ്ട് തന്നെ പുരോഹിതന്മാര്‍ ആവശ്യപ്പെടുന്ന ശമ്പളവര്‍ധനവ് താങ്ങാന്‍ അവര്‍ക്ക് സാധിക്കും”- യൂണിറ്റ് ജനറല്‍ സെക്രട്ടറി ഗ്രഹാം പറഞ്ഞു. ചര്‍ച്ച് കമ്മീഷണര്‍മാരുടെ 2022 വാര്‍ഷിക റിപ്പോര്‍ട്ടില്‍ ലിസ്റ്റ് ചെയ്തിരിക്കുന്ന 13.20 ബില്യണ്‍ ഡോളറിലേക്കാണ് അദ്ദേഹം വിരല്‍ ചൂണ്ടുന്നത്.

ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടിലെ പുരോഹിതര്‍ ജീവിത ചിലവുമായി ബന്ധപ്പെട്ട് വലിയ പ്രതിസന്ധി അനുഭവിക്കുന്നതായി അറിയാമായിരുന്നെന്നും അതിനൊപ്പം തന്നെ രൂപതകളുടെ പ്രശ്നങ്ങളെക്കുറിച്ചും തങ്ങള്‍ ബോധ്യമുണ്ടെന്നും ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടിലെ വക്താവ് പറഞ്ഞു. വര്‍ധിച്ചുവരുന്ന ഊര്‍ജ ബില്ലുമായി മല്ലിടുന്ന വൈദികരെ സഹായിക്കുന്നതിനായി രൂപതകള്‍ക്കായി 30 ലക്ഷം പൗണ്ട് കഴിഞ്ഞ വര്‍ഷം സഭ നീക്കിവച്ചിരുന്നു.

40 വര്‍ഷത്തിനിടെയുള്ള ഏറ്റവും വലിയ പണപ്പെരുപ്പത്തില്‍ ശമ്പള വര്‍ധനവ് ആവശ്യപ്പെട്ട് ലക്ഷക്കണക്കിന് ബ്രിട്ടീഷ് തൊഴിലാളികള്‍ കഴിഞ്ഞ ഒരു വര്‍ഷമായി പണിമുടക്ക് നടത്തി വരികയാണ്. വൈദികരുടെ മിനിമം സ്‌റ്റൈപ്പന്‍ഡ് 37,600 ഡോളറായി ഉയര്‍ത്താനും ദേശീയ സ്‌റ്റൈപ്പന്‍ഡ് 31,335 പൗണ്ടായി ഉയര്‍ത്താനും യൂണിറ്റ് നിര്‍ദേശിച്ചു

‘കഴിഞ്ഞ വര്‍ഷം പല പുരോഹിതര്‍ക്കും ജീവകാരുണ്യ പ്രവര്‍ത്തനത്തിലേക്കും സഹായത്തിലേക്കും തിരിയേണ്ടി വന്നു. ഇതുകാരണം അവര്‍ക്ക് ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ കഴിയാതെ വന്നു. പുരോഹിതന്മാരും അവരുടെ കുടുംബങ്ങളും അഭിമുഖീകരിക്കുന്ന ഏറ്റവും അടിയന്തിര ബുദ്ധിമുട്ടുകളും പ്രശ്‌നങ്ങളും പരിഹരിക്കുന്നതിന് പണപ്പെരുപ്പത്തിന് അനുസൃതമായ ശമ്പള വര്‍ധനവ് ആവശ്യമാണ്’. വൈദികരുടെയും യൂണിറ്റിന്റെയും അംഗമായ സാം മാഗിന്നിസ് പറഞ്ഞു.

ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടിന്റെ ശമ്പള കമ്മിറ്റി സ്‌റ്റൈപ്പന്‍ഡിനെക്കുറിച്ച് ശുപാര്‍ശ ചെയ്യാന്‍ അടുത്ത ആഴ്ച യോഗം ചേരും. പിന്നീട് അന്തിമ ശുപാര്‍ശയ്ക്കായി സെപ്റ്റംബറില്‍ ആര്‍ച്ച് ബിഷപ്പ് കൗണ്‍സിലിലേക്ക് പോകും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.