സ്വന്തം ലേഖകൻ: യുകെയില്‍ കാലാവസ്ഥ ദുരിതം തീവ്രമാക്കി ‘സിയാറാന്‍’ കൊടുങ്കാറ്റ്. തീരദേശ പട്ടണങ്ങളില്‍ 110 മൈല്‍ വരെ വേഗത്തില്‍ കാറ്റ് തകര്‍ത്താടുകയാണ്. ജീവഹാനിക്ക് സാധ്യതയുള്ള രണ്ട് ആംബര്‍ മുന്നറിയിപ്പുകളാണ് മെറ്റ് ഓഫീസ് പുറപ്പെടുവിച്ചിരിക്കുന്നത്. ബുധനാഴ്ച്ച വൈകുന്നേരത്തോടെ കനത്ത മഴയും, ശക്തമായ കാറ്റും ഇംഗ്ലണ്ടിലും, വെയില്‍സിലും എത്തിയതോടെയാണ് രണ്ടാമത്തെ ഉയര്‍ന്ന ജാഗ്രതാ നിര്‍ദ്ദേശം വരുന്നത്.
കൊടുങ്കാറ്റിനെ തുടര്‍ന്ന് പല ഭാഗങ്ങളിലും സാരമായ യാത്രാതടസ്സം രൂപപ്പെട്ടു. ട്രെയിന്‍, വിമാനങ്ങള്‍, ഫെറികള്‍ എന്നിവ കാലതാമസം നേരിടുന്നതും, റദ്ദാക്കുന്നതും ശനിയാഴ്ച വരെ നീണ്ടുനില്‍ക്കുമെന്നാണ് കരുതുന്നത്. ഈയാഴ്ച യുകെയില്‍ കാലാവസ്ഥ കൂടുതല്‍ മോശമാകുന്ന സാഹചര്യമാണുള്ളത്.
അതിശക്തമായ കാറ്റിന് പുറമെ 3 ഇഞ്ച് വരെ മഴയും, 35 അടി ഉയരമുള്ള തിരമാലകളുമാണ് ബ്രിട്ടന് നേരിടുന്നത്. ഈ അവസരത്തില്‍ കൂടുതല്‍ അസ്ഥിരമായ കാലാവസ്ഥയാണ് രാജ്യം പ്രതീക്ഷിക്കേണ്ടതെന്ന് കാലാവസ്ഥാ വിദഗ്ധര്‍ വ്യക്തമാക്കുന്നു. നിരവധി സ്കൂളുകള്‍ മോശം കാലാവസ്ഥയെ തുടര്‍ന്ന് അടച്ചിട്ടുണ്ട്. കൂടാതെ വീടുകള്‍ക്ക് പുറത്ത് വെള്ളപ്പൊക്ക ബാരിയറുകളും ഉയര്‍ത്തി.
ഇംഗ്ലണ്ടിന്റെ സൗത്ത് തീരവും, പെംബ്രോക്ഷയറിലെ ചില ഭാഗങ്ങളിലും കാറ്റിനുള്ള ആംബര്‍ മുന്നറിയിപ്പ് നല്കി. നിരവധി മേഖലകളില്‍ മഴ മൂലമുള്ള മഞ്ഞ ജാഗ്രതാ നിര്‍ദ്ദേശവും നിലവിലുണ്ട്. നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ സിയാറന്‍ കൊടുങ്കാറ്റ് വെള്ളപ്പൊക്കത്തിന് ഇടയാക്കിയിട്ടുണ്ട്. ഇവിടെ രാവിലെ 9 വരെയാണ് മെറ്റ് ഓഫീസ് മഴ ജാഗ്രതയുള്ളത്.
തീരമേഖലയില്‍ യാത്ര ചെയ്യുമ്പോള്‍ അതീവ ജാഗ്രത പുലര്‍ത്താനും ആവശ്യപ്പെട്ടിട്ടുണ്ട്. വെള്ളം കെട്ടിനില്‍ക്കുന്നത് കണ്ടാല്‍ ഇതിലൂടെ ഡ്രൈവ് ചെയ്യുന്നത് ഒഴിവാക്കണം. സതേണ്‍, വെസ്റ്റേണ്‍ മേഖലകളില്‍ 20 മുതല്‍ 25 എംഎം വരെ വ്യാപകമായ മഴയാണ് മെറ്റ് ഓഫീസ് പ്രവചിക്കുന്നത്. ബാബെറ്റ് കൊടുങ്കാറ്റ് ഉണ്ടാക്കിയ ദുരിതം മാറും മുമ്പേയാണ് അടുത്ത കൊടുങ്കാറ്റ് യുകെയിലേക്ക് എത്തിയിരിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല