സ്വന്തം ലേഖകൻ: സ്‌കൂള്‍ തുറക്കാന്‍ രണ്ടു ദിവസം മാത്രം ബാക്കിനില്‍ക്കെയായിരുന്നു ഇംഗ്ലണ്ടില്‍ 104 സ്‌കൂളുകള്‍ അടച്ചുപൂട്ടണമെന്ന അധ്യാപകരെയും വിദ്യാര്‍ഥികളെയും മാതാപിതാക്കളെയും ഒരുപോലെ ആശങ്കയിലാഴ്ത്തിയ നിര്‍ദ്ദേശം സര്‍ക്കാര്‍ പുറപ്പെടുവിച്ചത്. കെട്ടിട നിര്‍മാണത്തിന് ഉപയോഗിച്ചിരിക്കുന്ന പ്രത്യേകതരം കോണ്‍ക്രീറ്റ് (റീഇന്‍ഫോഴ്‌സ്ഡ് ഓട്ടോക്ലേവ്ഡ് ഏറിയേറ്റഡ് കോണ്‍ക്രീറ്റ്) ബലക്ഷയമുള്ളതാണെന്ന് കണ്ടെത്തിയതിന്റെ പശ്ചാത്തലത്തിലാണ് അടിയന്തരമായി സര്‍ക്കാര്‍ ഇത്തരത്തില്‍ തീരുമാനം എടുത്തത്.
ഈ സാഹചര്യത്തില്‍ നിര്‍ദേശം ലഭിച്ച 104 സ്‌കൂളുകളില്‍ മിക്കവയും കുട്ടികളുടെ ക്ലാസുകള്‍ മുടങ്ങാതിരിക്കാന്‍ പകരം സംവിധാനങ്ങള്‍ ത്വരിതഗതിയില്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കി വരുന്നുവെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ട്. ഇത് പ്രകാരം ചില സ്‌കൂളുകള്‍ പുതിയ ടൈംടേബിളുകളിലൂടെ കുട്ടികളുടെ ക്ലാസുകള്‍ മുടങ്ങാതിരിക്കാന്‍ ശ്രമിക്കുമ്പോള്‍ മറ്റ് ചില സ്‌കൂളുകള്‍ വാടകക്ക് മറ്റ് കെട്ടിടങ്ങളെടുത്ത് അതില്‍ ക്ലാസുകള്‍ നടത്താനും നീക്കമാരംഭിച്ചിട്ടുണ്ട്.
കുട്ടികളുടെ ക്ലാസുകള്‍ മുടങ്ങാതിരിക്കാന്‍ വീക്കെന്‍ഡുകളില്‍ ക്ലാസുകളെടുക്കാന്‍ തയ്യാറായും നിരവധി ടീച്ചര്‍മാര്‍ രംഗത്തെത്തിയിട്ടുണ്ട്. പുതിയ അധ്യയന വര്‍ഷം തൊട്ടടുത്ത് എത്തിയിരിക്കെ സര്‍ക്കാര്‍ തീരുമാനത്തിനെതിരേ ശക്തമായ ജനരോഷമാണ് ഉയരുന്നത്. സ്‌കൂള്‍ അടച്ച് രണ്ടുമാസത്തോളം സമയമുണ്ടായിട്ടും ഇക്കാര്യത്തില്‍ സ്‌കൂള്‍ തുറക്കുന്നതിന് മൂന്നു ദിവസം മുന്‍പ് മാത്രം തീരുമാനം എടുത്തത് സര്‍ക്കാരിന്റെ പിടിപ്പുകേടും ഉത്തരവാദിത്വം ഇല്ലായ്മയുമാണ് വ്യക്തമാക്കുന്നതെന്നാണ് പ്രതിപക്ഷത്തിന്റെ വിമര്‍ശനം.
സ്‌കൂളുകളുടെ ലിസ്റ്റ് രഹസ്യമാക്കി വയ്ക്കുന്നതിനെയും പ്രതിപക്ഷം വിമര്‍ശിച്ചു. അവധിക്കാലത്തിനു മുമ്പ് ഈ തീരുമാനം എടുത്തിരുന്നെങ്കില്‍ ബദല്‍ മാര്‍ഗങ്ങള്‍ നേരത്തെ കണ്ടെത്താന്‍ കൗണ്‍സിലുകള്‍ക്ക് കഴിയുമായിരുന്നു എന്നാണ് മാതാപിതാക്കളും പറയുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല