സ്വന്തം ലേഖകൻ: ടോറികളുടെ ജനപ്രീതി കുത്തനെ താഴോട്ട് ഇടിയുന്നതിന്റെ പശ്ചാത്തലത്തില്‍ ബജറ്റില്‍ കൂടുതല്‍ ജനപ്രിയ നിര്‍ദ്ദേശങ്ങള്‍ക്ക് സമ്മര്‍ദ്ദം. ഫ്യൂവല്‍ ഡ്യൂട്ടിയില്‍ 5 പെന്‍സ് വെട്ടിക്കുറവ് ഒരു വര്‍ഷത്തേക്ക് കൂടി ദീര്‍ഘിപ്പിക്കാന്‍ ചാന്‍സലര്‍ ജെറമി ഹണ്ട് തയാറാകുമെന്നാണ് സൂചന. നാളെ ബജറ്റ് അവതരിപ്പിക്കുമ്പോള്‍ മോട്ടോറിസ്റ്റുകളെ സംരക്ഷിക്കുന്ന പ്രഖ്യാപനം ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. ഗവണ്‍മെന്റ് സാധാരണ മോട്ടോറിസ്റ്റുകള്‍ക്കൊപ്പമാണെന്ന് തെളിയിക്കാന്‍ ഇത് കാരണമാകും.
ഡ്രൈവര്‍മാര്‍ക്ക് നല്‍കുന്ന 5 ബില്ല്യണ്‍ പൗണ്ടിന്റെ പാക്കേജിലൂടെ ഫ്യൂവല്‍ ഡ്യൂട്ടി തുടര്‍ച്ചയായ 14-ാം വര്‍ഷമാണ് മരവിപ്പിച്ച് നിര്‍ത്തുക. ഇതുവഴി താല്‍ക്കാലിക 5 പെന്‍സ് നിരക്ക് കുറയ്ക്കലാണ് ഒരു വര്‍ഷത്തേക്ക് കൂടി നീളുക. നികുതി വെട്ടിക്കുറയ്ക്കാന്‍ ലക്ഷ്യമിട്ട ബജറ്റ് പ്രഖ്യാപനങ്ങള്‍ ഓഫീസ് ഫോര്‍ ബജറ്റ് റെസ്‌പോണ്‍സിബിലിറ്റിയുടെ വിധിയെഴുത്തോടെ അസ്ഥാനത്തായിരുന്നു. ഇതോടെ അവസാനവട്ട തിരുത്തലുകള്‍ നടത്താന്‍ ഹണ്ടും, പ്രധാനമന്ത്രി സുനാകും തീവ്ര പരിശ്രമത്തിലാണ്.
വ്യക്തിഗത നികുതിയില്‍ 2 പെന്‍സ് കുറവ് വരുത്തി നികുതി കുറയ്ക്കുന്നതിനെ കുറിച്ച് കണ്‍സര്‍വേറ്റീവുകള്‍ കാര്യമായി ചിന്തിക്കുന്നുവെന്ന് ഹണ്ട് വ്യക്തമാക്കുമെന്നാണ് സൂചന. എന്നാല്‍ ഭാവിയിലെ പബ്ലിക് ചെലവാക്കുകളെ നീക്കം ബാധിക്കും. എന്‍എച്ച്എസിന് അധിക ഫണ്ടിംഗോ, വെയ്റ്റിംഗ് ലിസ്റ്റ് കുറയ്ക്കാന്‍ ഉത്തേജന പാക്കേജോ ലഭ്യമാക്കാന്‍ ഇടയില്ലെന്നാണ് കരുതുന്നത്.
ഹെല്‍ത്ത് സര്‍വ്വീസിലെ തൊഴിലവസരങ്ങള്‍ നഷ്ടമാകാതിരിക്കാന്‍ അധിക ഫണ്ട് ആവശ്യമാണെന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഫിസ്‌കല്‍ സ്റ്റഡീസ് മുന്നറിയിപ്പ് നല്‍കി. പോളുകളില്‍ കേവലം 20 ശതമാനമെന്ന റെക്കോര്‍ഡ് ഇടിവ് നേരിടുകയാണ് ടോറികള്‍. ഈ ഘട്ടത്തില്‍ ബജറ്റില്‍ വഴിത്തിരിവ് സൃഷ്ടിക്കേണ്ടത് സുപ്രധാനമാണ്.
ഹണ്ട് പരിഗണിക്കുന്ന നടപടികളില്‍ ദേശീയ ഇന്‍ഷുറന്‍സ് കൂടുതല്‍ വെട്ടിക്കുറക്കല്‍ ഉണ്ട്, കഴിഞ്ഞ വര്‍ഷത്തെ ശരത്കാല പ്രസ്താവനയില്‍ ഇതിനകം 12% ല്‍ നിന്ന് 10% ആയി കുറച്ചിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല