
സ്വന്തം ലേഖകൻ: യുകെയില്‍ ജീവിതച്ചെലവുകള്‍ കുതിച്ചുയര്‍ന്ന് കുടുംബങ്ങള്‍ക്ക് പ്രതിസന്ധി സൃഷ്ടിക്കുന്നതിനിടെ അടിസ്ഥാന ഭക്ഷ്യവസ്തുക്കള്‍ക്ക് പ്രൈസ് ക്യാപ്പ് ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തലത്തില്‍ ആലോചന. സൂപ്പര്‍മാര്‍ക്കറ്റുകള്‍ സ്വന്തം നിലയിലാണ് ഇത്തരം ക്യാപ്പുകള്‍ നടപ്പാക്കുക. ഇതുസംബന്ധിച്ച് സര്‍ക്കാര്‍ ചര്‍ച്ചകള്‍ നടത്തിവരുന്നതായാണ് റിപ്പോര്‍ട്ട്.
പരസ്പരധാരണയോടെ ഇത്തരമൊരു കരാറില്‍ എത്തിയാല്‍ അടിസ്ഥാന ഭക്ഷ്യവസ്തുക്കളായ ബ്രെഡ്, പാല്‍ പോലുള്ളവയുടെ നിരക്കുകള്‍ താഴ്ത്താന്‍ പ്രധാന റീട്ടെയിലര്‍മാര്‍ തയ്യാറാകും. ഏപ്രില്‍ വരെയുള്ള മാസങ്ങളില്‍ ഭക്ഷ്യവിലകള്‍ 19.1 ശതമാനമാണ് വര്‍ദ്ധിച്ചത്. 45 വര്‍ഷത്തിനിടെ രണ്ടാമത്തെ ഉയര്‍ന്ന നിരക്ക് വര്‍ദ്ധനവാണിത്.
എന്നാല്‍ നിര്‍ബന്ധിതമായി ഇത്തരമൊരു പ്രൈസ് ക്യാപ് ഏര്‍പ്പെടുത്താന്‍ ഉദ്ദേശിക്കുന്നില്ലെന്ന് ഡൗണിംഗ് സ്ട്രീറ്റ് സ്രോതസുകള്‍ വ്യക്തമാക്കി. ഇതിന് പകരം സൂപ്പര്‍മാര്‍ക്കറ്റുകള്‍ക്ക് സ്വന്തം നിലയില്‍ ഏതെല്ലാം ഭക്ഷ്യ ഉത്പന്നങ്ങള്‍ക്ക് ക്യാപ്പ് ഏര്‍പ്പെടുത്താന്‍ കഴിയുമെന്ന് നിശ്ചയിക്കാനും പദ്ധതിയില്‍ പങ്കെടുക്കാനും അവസരം ഒരുക്കുകയാണ് ചെയ്യുക.
ഒരുമിച്ച് പ്രവര്‍ത്തിച്ച് പ്രശ്‌നത്തിന് പരിഹാരം കാണാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്ന് ഹെല്‍ത്ത് സെക്രട്ടറി സ്റ്റീവ് ബാര്‍ക്ലേ കഴിഞ്ഞ ജിവസം വ്യക്തമാക്കിയിരുന്നു. നിലവില്‍ ഫ്രാന്‍സില്‍ ഉള്ളതുപോലെ, ചില അടിസ്ഥാന ഭക്ഷണ വസ്തുക്കള്‍ കഴിയുന്നത്ര വിലക്കുറവില്‍ നല്‍കുന്ന ഒരു ക്രമീകരണം ഉണ്ടാക്കുകയാണ് ലക്‌ഷ്യം.
എന്നാല്‍ ഇതുകൊണ്ടൊന്നും വില കുറയില്ലെന്നാണ് ബ്രിട്ടീഷ് റീട്ടെയില്‍ കണ്‍സോര്‍ഷ്യത്തിന്റെ പ്രതികരണം. കൂടാതെ പുതിയ നീക്കം ചില്ലറവില്പന മേഖലയെ തകര്‍ക്കും എന്നൊരു ആക്ഷേപവും ഉയരുന്നുണ്ട്. ചെറുകിട ഇടത്തരം കച്ചവടക്കാര്‍ക്ക് ഇതോടെ മത്സരിക്കാന്‍ കഴിയാതെ വരും. പലരും അടച്ചു പൂട്ടലിന്റെ വക്കില്‍ എത്തിയേക്കുമെന്നും വിപണി വിദഗ്ധര്‍ ചൂണ്ടിക്കാണിക്കപ്പെടുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല