1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 13, 2023

സ്വന്തം ലേഖകൻ: വിലക്കയറ്റ സമയത്ത് സാധാരണക്കാര്‍ക്ക് താങ്ങാകുവാന്‍ സുനാക് സര്‍ക്കാര്‍ പ്രഖ്യാപിച്ച കോസ്റ്റ് ഓഫ് ലിവിംഗ് പേയ്മെന്റ് സഹായ പദ്ധതിയുടെ അടുത്ത ഗഡു വിതരണം ഒക്ടോബര്‍ 31ന് ആരംഭിക്കും. ലക്ഷക്കണക്കിന് കുടുംബങ്ങള്‍ക്കാണ് ഈ ആനുകൂല്യം ലഭിക്കുക. ഇതിനുള്ള യോഗ്യതാ മാനദണ്ഡങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്. സര്‍ക്കാര്‍ പ്രഖ്യാപിച്ച 900 പൗണ്ടിന്റെ കോസ്റ്റ് ഓഫ് ലിവിംഗ് പേയ്മെന്റിന്റെ രണ്ടാമത്തെ ഗഡുവാണിത്.

യൂണിവേഴ്സല്‍ ക്രെഡിറ്റ്, പെന്‍ഷന്‍ ക്രെഡിറ്റ്, ടാക്സ് ക്രെഡിറ്റ് എന്നീ ആനുകൂല്യങ്ങളില്‍ ഏതെങ്കിലും ലഭിക്കുന്നവര്‍ക്കായിരിക്കും ഈ ധന സഹായം ലഭിക്കുക. സാധാരണക്കാര്‍ക്ക് വിലക്കയറ്റത്തിന്റെ പ്രത്യാഘാതത്തില്‍ നിന്നും പരമാവധി സുരക്ഷ ഉറപ്പാക്കുക എന്നതാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നതെന്ന് വര്‍ക്ക് ആന്‍ഡ് പെന്‍ഷന്‍സ് സെക്രട്ടറി മെല്‍ സ്ട്രൈഡ് പറഞ്ഞു.

അതിനു പുറമെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ആയിരക്കണക്കിന് വര്‍ക്ക് കോച്ചുകള്‍, ആളുകള്‍ക്ക് ജോലി ലഭിക്കുന്നതിനും, ജോലി സമയം വര്‍ദ്ധിപ്പിക്കുന്നതിനും, നൈപുണികള്‍ വളര്‍ത്തുന്നതിനും സഹായിക്കുന്നുണ്ട്. ഇത് പരോക്ഷമായി വരുമാന വര്‍ദ്ധനവിന് സഹായിക്കും. പ്രാദേശിക ജോബ് സെന്ററുകളെ സമീപിച്ചാല്‍ ഇത്തരത്തിലുള്ള സഹായം ലഭിക്കുമെന്നും സെക്രട്ടറി അറിയിച്ചു.

ഇപ്പോള്‍ നല്‍കുന്ന 300 പൗണ്ടിന്റെ ധന സഹായം, അതിന് അര്‍ഹതയുള്ളവരുടെ അക്കൗണ്ടിലേക്ക് എത്തും. അതിനായി പ്രത്യേകം അപേക്ഷിക്കേണ്ടതില്ലെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചിട്ടുണ്ട്. യൂണിവേഴ്സല്‍ ക്രെഡിറ്റ്, ഇന്‍കം ബേസ്ഡ് ജോബ് സീക്കെഴ്സ് അലവന്‍സ്, ഇന്‍കം റിലേറ്റഡ് എംപ്ലോയ്മെന്റ് ആന്‍ഡ് സപ്പോര്‍ട്ട് അലവന്‍സ്, ഇന്‍കം സപ്പോര്‍ട്ട്, വര്‍ക്കിംഗ് ടാക്സ് ക്രെഡിറ്റ്, ചൈല്‍ഡ് ടാക്സ് ക്രെഡിറ്റ്, പെന്‍ഷന്‍ ക്രെഡിറ്റ് എന്നീ ആനുകൂല്യങ്ങളില്‍ ഏതെങ്കിലും ലഭിക്കുന്നവര്‍ക്ക് ഈ ധനസഹായത്തിനും അര്‍ഹതയുണ്ടായിരിക്കും.

ഈ ബെനിഫിറ്റുകളില്‍ ഏതിനെങ്കിലും 2023 ആഗസ്റ്റ് 18 നും 2023 സെപ്റ്റംബര്‍ 17 നും ഇടയില്‍ അര്‍ഹതയുണ്ടായിരുന്നവര്‍ക്കായിരിക്കും ഇത് ലഭിക്കുക. എച്ച് എം ആര്‍ സിയില്‍ നിന്നും ഇത് ലഭിക്കണമെങ്കില്‍, 2023 ആഗസ്റ്റ് 18 നും 2023 സെപ്റ്റംബര്‍ 17 നും ഇടയില്‍ ടാക്സ് ക്രെഡിറ്റ് പെയ്മെന്റുകള്‍ ലഭിച്ചിരിക്കണം. ഈ ധനസഹായം നികുതി രഹിതമായിരിക്കും. മാത്രമല്ല, ബെനെഫിറ്റ് ക്യാപിനെ ബാധിക്കുകയുമില്ല.

ഡി ഡബ്ല്യൂ പി ആനുകൂല്യങ്ങള്‍ ലഭിക്കുന്നവര്‍ക്ക് ഈ പേയ്മെന്റ് ഒക്ടോബര്‍ 31 നും നവംബര്‍ 19 നും ഇടയില്‍ ലഭിക്കും. ടാക്സ് ക്രെഡിറ്റ് ഓണ്‍ലി ഉപഭോക്താക്കള്‍ ആണെങ്കില്‍ എച്ച് എം ആര്‍ സിയില്‍ നിന്നും ഈ തുക നവംബര്‍ 10 നും നവംബര്‍ 19 നും ഇടയില്‍ ലഭിക്കും. ഇതിനു പുറമെ അര്‍ഹതയുള്ളവര്‍ക്ക് ഡിസെബിലിറ്റി കോസ്റ്റ് ഓഫ് ലിവിംഗ് പേയ്മെന്റ് ആയി 150 പൗണ്ട് കൂടി അധികമായി ലഭിക്കാന്‍ സാധ്യതയുണ്ട്.

അറ്റ്ന്‍ഡന്‍സ് അലവന്‍സ്, കോണ്‍സ്റ്റന്റ് അറ്റന്‍ഡന്‍സ് അലവന്‍സ്, ഡിസെബിലിറ്റി ലിവിംഗ് അലവന്‍സ് ഫോര്‍ അഡള്‍ട്സ്, ഡിലെബിലിറ്റി അലവന്‍സ് ഫോര്‍ ചില്‍ഡ്രന്‍, പേഴ്സണല്‍ ഇന്‍ഡിപെന്‍ഡന്റ് പേയ്മെന്റ്, അഡള്‍ട്ട് ഡിസെബിലിറ്റി പേയ്മെന്റ് (സ്‌കോട്ട്ലാന്‍ഡില്‍) ചൈല്‍ദ് ഡിസെബിലിറ്റി പേയ്മെന്റ് (സ്‌കോട്ട്ലാന്‍ഡില്‍) ആംഡ് ഫോഴ്സസ് ഇന്‍ഡിപെന്‍ഡന്‍സ് പേയ്മെന്റ്, വാര്‍ പെന്‍ഷന്‍ മൊബിലിറ്റി സപ്ലിമെന്റ് എന്നീ ആനുകൂല്യങ്ങള്‍ ലഭിക്കുന്നവര്‍ക്കായിരിക്കും ഇതിനായി അര്‍ഹത ഉണ്ടായിരിക്കുക.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.