1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 25, 2024

സ്വന്തം ലേഖകൻ: ഇംഗ്ലണ്ടിലെ പല കൗണ്‍സിലുകളും പാപ്പരാകുന്നതിന്റെ വക്കത്തെത്തി നില്‍ക്കുമ്പോള്‍ ഭൂരിഭാഗം വീട്ടുടമസ്ഥരും അതിന്റെ ചൂട് അനുഭവിക്കാന്‍ പോവുകയാണ്. ഇതിനോടകം തന്നെ 30 ല്‍ അധികം കൗണ്‍സിലുകള്‍ വരുന്ന ഏപ്രില്‍ മാസത്തോടെ നികുതിയില്‍ 5 ശതമാനത്തിന്റെ വര്‍ദ്ധനവ് വരുത്തുമെന്ന് പ്രഖ്യാപിച്ചു കഴിഞ്ഞു. അതായത് ഒരു ശരാശരി ബാന്‍ഡ് ഡി വീടിന് 100 പൗണ്ട് വരെ നികുതി വര്‍ദ്ധിക്കും. അതായത് കൗണ്‍സില്‍ ടാക്സ് ശരാശരി 2,100 പൗണ്ട് ആകും എന്ന് ചുരുക്കം.

ടെലെഗ്രാഫ് പത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതിനോടകം തന്നെ ചെറിയൊരു വിഭാഗം കൗണ്‍സിലുകള്‍ പാപ്പരായി കഴിഞ്ഞിരിക്കുന്നു. തങ്ങളുടെ സേവനങ്ങള്‍ തുടര്‍ന്ന് കൊണ്ടു പോകുന്നതിനായി അവര്‍ 10 ശതമാനം വരെ അവരുടെ ലെവിവര്‍ദ്ധിപ്പിക്കുവാനാണ് തയ്യാറാകുന്നത്. പ്രതിസന്ധി പരിഹരിച്ച്, പ്രായമായവര്‍ക്കും കുട്ടികള്‍ക്കുമുള്ള സേവനങ്ങള്‍ തടസ്സമില്ലാതെ തുടരുന്നതിനായി കൗണ്‍സില്‍ സിസ്റ്റത്തിലേക്ക് 500 മില്യന്‍ പൗണ്ട് വകയിരുത്തിയെന്ന് ലെവലിംഗ് അപ് സെക്രട്ടറി മൈക്കല്‍ ഗോവ് പ്രസ്താവിച്ചു.

എം. പിമാര്‍ക്ക് എഴുതി നല്‍കിയ പ്രസ്താവനയിലായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞിരിക്കുന്നത്. കൗണ്‍സിലുകള്‍ക്ക് ഇത്തരത്തില്‍ ഇടക്കാലാശ്വാസം അനുവദിക്കുന്നത് സാധാരണമല്ലെന്ന് പറഞ്ഞ ഒരു മുതിര്‍ന്ന കൗണ്‍സില്‍ അംഗം പക്ഷെ പല കൗണ്‍സിലുകളെയും പാപ്പരാകുന്നതില്‍ നിന്നും ഇത് സംരക്ഷിക്കുമെന്നും പറഞ്ഞു. അതേസമയം, തീര്‍ത്തും ദുഃഖകരമായ ഒരു പുതുവത്സരമാണ് നികുതിദായകര്‍ക്കെന്ന് ടാക്സ് പേയേഴ്സ് അലയന്‍സ് തലവന്‍ എലിയട്ട് കെക്ക് പറഞ്ഞു.

പല കൗണ്‍സിലുകളും, തങ്ങളുടെ പ്രശ്നങ്ങള്‍ സ്വയം പരിഹരിക്കാന്‍ ശ്രമിക്കാതെ അതിന്റെ ബാദ്ധ്യതകള്‍ മുഴുവന്‍ നികുതിദായകരുടെ തലയില്‍ വെയ്ക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. വരുന്ന വര്‍ഷത്തെ നികുതി നിരക്ക് ഇനിയും പ്രഖ്യാപിക്കാത്ത കൗണ്‍സിലുകളിലും, ഇപ്പോള്‍ തീരുമാനമെടുത്ത കൗണ്‍സിലുകളുടെ നടപടി പ്രതിഫലിക്കും എന്നത് ഏതാണ്ട് ഉറപ്പാണ്. നേരത്തെ, പാപ്പരായി പ്രഖ്യാപിച്ച് എസ് 114 നോട്ടീസുകള്‍ കൈപ്പറ്റിയ കൗണ്‍സിലുകള്‍ക്ക് പണപ്പെരുപ്പ നിരക്കിനേക്കാള്‍ കൂടിയ നിരക്കില്‍ നികുതി വര്‍ദ്ധിപ്പിക്കുന്നതിനുള്ള അനുമതി നല്‍കിയിരുന്നു.

പാപ്പരായ കൗണ്‍സിലുകള്‍ക്ക് അധിക ധനസഹായം ആവശ്യപ്പെട്ട് 40 ല്‍ അധികം ഭരണകക്ഷി എം പിമാര്‍ ശബ്ദം ഉയര്‍ത്തിയിരുന്നു. പ്രധാനമന്ത്രിക്കും ചാന്‍സലര്‍ക്കും എഴുതിയ കത്തുകളിലായിരുന്നു അവര്‍ ഇത് ആവശ്യപ്പെട്ടത്. അടിയന്തിരമായി പണം ലഭ്യമാക്കിയില്ലെങ്കില്‍, പൊതു തെരഞ്ഞെടുപ്പ് നടക്കുന്ന വര്‍ഷം പല കൗണ്‍സിലുകള്‍ക്കും നികുതി വര്‍ദ്ധന ഉള്‍പ്പടെയുള്ള കടുത്ത നടപടികളിലേക്ക് നീങ്ങേണ്ടി വരുമെന്നും അതില്‍ സൂചിപ്പിച്ചിരുന്നു. മുന്‍ ഹോം സെക്രട്ടറി പ്രീതി പട്ടേല്‍, ടോറി ചെയര്‍മാന്‍ സര്‍ ജെയ്ക്ക് ബെറി എന്നിവരും ഈ കത്തില്‍ ഒപ്പിട്ടവരില്‍ ഉള്‍പ്പെടുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.