സ്വന്തം ലേഖകൻ: 70 വര്‍ഷം പഴക്കമുള്ള ഹൈദരാബാദ് നൈസാമിന്റെ ലണ്ടനിലെ നിക്ഷേപത്തിന്മേലുള്ള കേസില്‍ പാകിസ്താന് തിരിച്ചടി. 1947 ൽ വിഭജന സമയത്ത് ഹൈദരാബാദിലെ ഏഴാമത്തെ നൈസാമിന്റെ യു.കെ നാറ്റ്വെസ്റ്റ് ബാങ്കിലെ ഫണ്ടിനെക്കുറിച്ചുള്ള പാകിസ്താന്റെ അവകാശവാദം തള്ളിയ യു.കെ ഹൈക്കോടതി ഇന്ത്യയ്ക്ക് അനുകൂലമായി വിധി പ്രസ്താവിച്ചു.
70 വർഷത്തിലേറെ നീണ്ട നിയമ പോരാട്ടത്തിനൊടുവിലാണ് സുപ്രധാനമായ വിധി. നൈസാം ഉസ്മാന് അലി ഖാന്റെ നിക്ഷേപമായ 35 ദശലക്ഷം പൗണ്ട് (306 കോടി രൂപ) സംബന്ധിച്ചാണ് കേസ് നിലനിന്നിരുന്നത്. ഈ തുക എട്ടാമത്തെ നൈസാമിനും ഇന്ത്യക്കും അവകാശപ്പെട്ടതാണെന്ന് ജസ്റ്റിസ് മാര്‍ക്യുസ് സ്മിത്ത് വിധിച്ചു.
ഇന്ത്യാ-പാക് വിഭജന സമയത്ത് ഇന്ത്യയിലോ പാകിസ്താനിലോ ചേരാന്‍ തയ്യാറാകാതിരുന്ന നിസാം മിര്‍ ഉസ്മാന് അലി ഖാന് അന്നത്തെ പാകിസ്താന് ഹൈക്കമ്മീഷണർ ഹബീബ് ഇബ്രാഹിം റഹിംത്തൂളയുടെ ലണ്ടൻ ബാങ്ക് അക്കൗണ്ടിലേക്ക് സുരക്ഷിതമായി സൂക്ഷിക്കുന്നതിന് ഒരു 1,007,940 പൌണ്ട് കൈമാറിയിരുന്നു. ഈ സ്വത്തിന്മേലാണ് അവകാശത്തര്‍ക്കം നിലനിന്നിരുന്നത്.പണം തന്റെ കുടുംബത്തിന്റേതാണെന്ന് നൈസാമിന്റെ ഏഴാമത്തെ ചെറുമകന് മുഖര്‍റാം ജാ അവകാശപ്പെട്ടിരുന്നു. എന്നാല്‍ ആ തുക തങ്ങളുടെതാണെന്നായിരുന്നു പാകിസ്താന്റെ വാദം.
1948 ല്‍ ഹൈദരാബാദ് പിടിച്ചെടുക്കുന്നതിന് മുമ്പ് നൈസാമിന് നല്കിയ ആയുധങ്ങള്‍ക്ക് പകരമായാണ് ഫണ്ട് കൈമാറിയതെന്നും അതിനാല്‍ ഇത് തങ്ങള്‍ക്ക് അവകാശപ്പെട്ടതാണെന്നും 2013 ല്‍ പാകിസ്താന് വാദമുന്നയിച്ചിരുന്നു. ഇന്ത്യയുടെ കൈവശമല്ലാതെ സൂക്ഷിക്കാനാണ് ഫണ്ട് അയച്ചതെന്നും പാകിസ്താന് പറഞ്ഞിരുന്നു. എന്നാല്‍ നാറ്റ് വെസ്റ്റ് ബാങ്കിലെ പണം ആയുധത്തിനുപകരം നല്‍കിയതായി തെളിവുകളില്ലെന്ന് ജഡ്ജി പറഞ്ഞു.
ഹൈദരാബാദ് നിയമവിരുദ്ധമായി കൂട്ടിച്ചേര്‍ക്കപ്പെട്ടുവെന്ന പാകിസ്താന്റെ വാദവും കോടതി തള്ളി. കോടതി വിധി പരിശോധിച്ച ശേഷം തുടര്‍നടപടികള്‍ കൈക്കൊള്ളുമെന്ന് പാകിസ്താന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല