സ്വന്തം ലേഖകൻ: ബ്രിട്ടനിൽ കണ്ടെത്തിയ ബ്രസീലിയൻ കൊവിഡ് വകഭേദവും അതിതീവ്ര വ്യാപന ശേഷിയുള്ളത്. വൈറസിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞതിനെ തുടർന്ന് തെക്കേ അമേരിക്കയിലെ എല്ലാ രാജ്യങ്ങളിൽ നിന്നും പോർച്ചുഗലിൽ നിന്നുമുള്ള യാത്രക്കാർക്ക് ബ്രിട്ടൻ വിലക്ക് ഏർപ്പെടുത്തി.
ബോറിസ് ജോൺസൺ സർക്കാരിന്റെ കൊവിഡ് -19 ഓപ്പറേഷൻ കമ്മിറ്റിയുടെ യോഗത്തിലാണ് തീരുമാനം. നിരോധനം വെള്ളിയാഴ്ച പുലർച്ചെ 4 മണി മുതൽ പ്രാബല്യത്തിൽ വന്നു. സൗത്ത് അമേരിക്കൻ രാജ്യങ്ങളായ അർജന്റീന, ബ്രസീൽ, ബൊളീവിയ, കേപ് വെർഡെ, ചിലി, കൊളംബിയ, ഇക്വഡോർ, ഫ്രഞ്ച് ഗയാന, ഗയാന, പനാമ, പരാഗ്വേ, പെറു, സുരിനാം, ഉറുഗ്വേ, വെനിസ്വേല എന്നീ രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാരെ തടയുമെന്ന് ഗതാഗത സെക്രട്ടറി ഗ്രാന്റ് ഷാപ്‌സ് ട്വീറ്റ് ചെയ്തു.
ബ്രസീലുമായുള്ള ശക്തമായ യാത്രാ ബന്ധം കണക്കിലെടുത്ത് താൽക്കാലികമായി പോർച്ചുഗലിനെയും യാത്രാ വിലക്കിന്റെ പരിധിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എന്നാൽ അവശ്യവസ്തുക്കളുടെ നീക്കം അനുവദിക്കുന്നതിന് അവിടെ നിന്നുള്ള ലോറികൾക്ക് ഇളവ് നൽകിയിട്ടുണ്ട്.
ബ്രിട്ടീഷ്, ഐറിഷ് പൗരന്മാർക്കും താമസ അവകാശമുള്ള രാജ്യക്കാർക്കും ഈ നിയമം ബാധകമല്ല,എന്നാൽ ഈ സ്ഥലങ്ങളിൽ നിന്ന് മടങ്ങുന്ന യാത്രക്കാർ അവരുടെ വീടുകളിൽ 10 ദിവസത്തേക്ക് സ്വയം ഒറ്റപ്പെടണം.
പുതിയ കൊറോണ വകഭേദത്തിന്റെ വ്യാപനം കുറയ്ക്കുന്നതിന് ഖത്തർ, കരീബിയൻ ദ്വീപുകളായ അരൂബ, ബോണെയർ, സിന്റ് യൂസ്റ്റേഷ്യസ്, സാബ എന്നിവിടങ്ങളിൽ നിന്ന് ഇംഗ്ലണ്ടിലേക്ക് എത്തുന്ന ആളുകൾക്ക് 10 ദിവസത്തേക്ക് സ്വയം ഒറ്റപ്പെടേണ്ടി വരും. ശനിയാഴ്ച പുലർച്ചെ 4 മണി മുതൽ ഈ തീരുമാനവും പ്രാബല്യത്തിലാകും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല