സ്വന്തം ലേഖകൻ: ഇംഗ്ലണ്ടിൽ കോവിഡ് വ്യാപനം 9 മാസത്തിനിടെ ഏറ്റവും താഴ്ന്ന നിരക്കിൽ. കഴിഞ്ഞ ഓഗസ്റ്റിനു ശേഷം ലോക്ക്ഡൗൺ ഇളവ് നൽകിയിട്ടും വാക്സിൻ റോൾ ഔട്ട് കാര്യക്ഷമമായതാണ് കോവിഡ് നിരക്കുകൾ കുറയാൻ കാരണമെന്ന് പുതിയ കണക്കുകൾ സൂചിപ്പിക്കുന്നു.
റിയാക്റ്റ് -1 പഠനത്തിന്റെ അടിസ്ഥാനത്തിൽ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം രാജ്യത്തുടനീളം മാർച്ച് മുതൽ മെയ് ആദ്യം വരെ രോഗ വ്യാപനത്തിൽ ഗണ്യമായ കുറവുണ്ടായി.
മാർച്ച് മുതലുള്ള കണക്കുകൾ പരിഗണിച്ച അവസാന റൗണ്ടിനും ഏപ്രിൽ മുതൽ മെയ് ആരംഭം വരെയുള്ള കണക്കുകൾ പരിശോധിച്ച നിലവിലെ റൗണ്ടിനും ഇടയിൽ, ഇംഗ്ലണ്ടിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 0.20 ശതമാനത്തിൽ നിന്ന് 50% കുറഞ്ഞ് 0.10 ശതമാനമായി. അനുബന്ധ ആർ നമ്പർ 0.90 ആയതായും വിദഗ്ദ്ധർ കണക്കാക്കുന്നു.
ഏപ്രിൽ 15 നും മെയ് 3 നും ഇടയിൽ ഇംഗ്ലണ്ടിലുടനീളം നടത്തിയ 127,408 കൊറോണ വൈറസ് സ്വാബ് ടെസ്റ്റുകളുടെ ഫലങ്ങളും പഠനത്തിൽ ഉൾപ്പെടുന്നു. 25 മുതൽ 34 വയസ്സ് വരെ പ്രായമുള്ളവരൊഴികെ എല്ലാ പ്രായക്കാരിലും കോവിഡ് നിരക്ക് കുറവുണ്ടായതായി ഗവേഷകർ കണ്ടെത്തി, 55 മുതൽ 64 വയസ്സ് വരെ പ്രായമുള്ളവരിൽ ഗണ്യമായ കുറവാണുണ്ടായിരിക്കുന്നത്. അതേസമയം ഏഷ്യൻ സമൂഹത്തിൽ ഉയർന്ന തോതിലുള്ള വ്യാപനവും കണക്കുകൾ കാണിക്കുന്നു.
വൈറസ് വ്യാപനത്തിൻ്റെ രീതിയും ആശുപത്രി പ്രവേശനവും മരണവും തമ്മിലുള്ള വ്യത്യാസം സൂചിപ്പിക്കുന്നത് കൂട്ട പ്രതിരോധ കുത്തിവയ്പ്പ് നടത്തുന്നത് ഗുരുതരമായ ഫലങ്ങളെ തടയുന്നു എന്നാണ്. യുകെയുടെ അവിശ്വസനീയമായ വാക്സിനേഷൻ റോൾ ഔട്ടിന്റെ വിജയം കോവിഡ് -19 അണുബാധ നിരക്കിനെ എങ്ങനെ സ്വാധീനിക്കുന്നുവെന്ന് പുതിയ ഡാറ്റ കാണിക്കുന്നതായി ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻകോക് ചൂണ്ടിക്കാട്ടി.
അതേസമയം ഇംഗ്ലണ്ടിൽ ആശുപത്രി ചികിത്സ കാത്തിരിക്കുന്ന ആളുകളുടെ എണ്ണം പുതിയ റെക്കോഡിലേക്ക് ഉയർന്നതായി ഏറ്റവും പുതിയ കണക്കുകൾ വ്യക്തമാക്കുന്നു. എൻഎച്ച്‌എസ് ഇംഗ്ലണ്ടിന്റെ കണക്കനുസരിച്ച് 2021 മാർച്ച് അവസാനം 4.95 ദശലക്ഷം ആളുകൾ ചികിത്സ ആരംഭിക്കാൻ കാത്തിരിക്കുന്നുണ്ടായിരുന്നു. 2007 ഓഗസ്റ്റിന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്.
ആശുപത്രി ചികിത്സ ആരംഭിക്കാൻ 52 ആഴ്ചയിൽ കൂടുതൽ കാത്തിരിക്കേണ്ടവരുടെ എണ്ണം 2021 മാർച്ചിൽ 436,127 ആയിരുന്നു. 2020 മാർച്ചിൽ, ചികിത്സ ആരംഭിക്കാൻ 52 ആഴ്ചയിൽ കൂടുതൽ കാത്തിരിക്കേണ്ടവരുടെ എണ്ണം വെറും 3,097 ആയിരുന്നിടത്താണ് കുത്തനെയുള്ള ഈ വർധനയെന്നതും ശ്രദ്ധേയം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല