സ്വന്തം ലേഖകൻ: ഏതാനും മാസമായി കോവിഡ് വീണ്ടും യുകെയില്‍ ഭീതി വിതയ്ക്കുകയാണ്. ഇക്കഴിഞ്ഞ ആഗസ്റ്റ് മുതല്‍ കോവിഡ് ഭീതി വളര്‍ത്തി തന്നെയാണ് യുകെയില്‍ അഴിഞ്ഞാടുന്നത്. പ്രധാനമായും മറ്റു പല അസുഖങ്ങള്‍ മൂലം ആരോഗ്യ സ്ഥിതി അല്പം മോശമായ സാഹചര്യത്തില്‍ ഉള്ളവരെയാണ് പ്രധാനമായും കോവിഡ് വീണ്ടും പിടികൂടി മരണത്തിലേക്ക് എത്തിക്കുന്നത് എന്നതിനാല്‍ പൊതുസമൂഹം വേണ്ടത്ര ഗൗരവം നല്‍കുന്നില്ല എന്നതാണ് ഇപ്പോള്‍ കോവിഡിനെ കുറിച്ചുള്ള വാര്‍ത്തകളോ വര്‍ത്തമാനങ്ങളോ ഇല്ലാതാകാന്‍ പ്രധാന കാരണം.
എന്നാല്‍ ആരോഗ്യമുള്ളവരെയും ഭയപ്പെടുത്തും വിധമാണ് യുകെയില്‍ കോവിഡ് വീണ്ടും നല്കുന്ന കണക്കുകള്‍ വ്യക്തമാക്കുന്നത്. യുകെയിലെ മികച്ച ആരോഗ്യ സംവിധാനങ്ങളും കണക്കുകള്‍ കൃത്യമായി സൂക്ഷിക്കുകയും രേഖപ്പെടുത്തുകയും ചെയ്യുന്ന സംവിധാനം ഉള്ളതിനാല്‍ മാത്രമാണ് ഈ വിവരങ്ങള്‍ ലഭ്യമാകുന്നതും. ലോകത്തു മറ്റു പല രാജ്യങ്ങളിലും ഇല്ലാത്ത കരുതലാണ് ഇക്കാര്യത്തില്‍ എന്‍എച്ച്എസ് നടത്തുന്നത് എന്നതും ബ്രിട്ടന്റെ ആരോഗ്യ രംഗത്തെ ലോകത്തിന്റെ മുന്നില്‍ തലയുയര്‍ത്തി നില്ക്കാന് സഹായിക്കുന്ന ഘടകവുമാണ്.
ഈ സാഹചര്യത്തിലാണ് രണ്ടു നാള് മുന്‍പ് കോവിഡ് ബാധയെ തുടര്‍ന്ന് മരണത്തെ പുല്കിയ ബിസിനസ് പ്രതിഭ കായംകുളം സ്വദേശി ഹനീഫ് ഷിബുവിന്റെ വേര്‍പാട് ലോകം തിരിച്ചറിയുന്നത്. ഇന്ന് പ്രിയപ്പെട്ടവര്‍ നിറകണ്ണുകളോടെ ഷിബുവിന് അന്ത്യാഞ്ജലി നേരുമ്പോള്‍ സമാനതകള്‍ ഇല്ലാത്ത ഒരു യാത്രാമൊഴി ആയി മാറുമത്.
നാട്ടിലും വിദേശത്തും ബിസിനസ് രംഗത്ത് വിജയക്കൊടി പാറിച്ച ഷിബു കുടുംബ സമേതം ഒന്നര വര്‍ഷം മുന്‍പ് യുകെയില്‍ എത്തിയതും ആ വിജയകഥകള്‍ ആവര്‍ത്തിക്കാനാണ്. എന്നാല്‍ വിധി കരുതി വച്ചിരുന്നത് മറ്റൊരു യാത്രയാണ്, അനന്തതയിലേക്ക് ഉള്ള യാത്ര. ഇന്ന് ഉച്ചക്ക് 12 മുതല്‍ രണ്ടു മണിവരെയാണ് ഹനീഫ് ഷിബുവിന് അന്ത്യാജ്ഞലി അര്‍പ്പിക്കാന്‍ പ്രിയപ്പെട്ടവര്‍ ഇന്‍ഫോര്‍ഡ് സെമിത്തേരിയില്‍ എത്തുക.
സെമിത്തേരിയുടെ വിലാസം: ഗാര്ഡന് ഓഫ് പീസ്, 57 എംബ്രിഡ്ജ് റോഡ്, ഇല്‍ഫോര്‍ഡ്, ഐജി6 5എസ്ഡബ്ല്യു.
കോവിഡ് സ്ഥിതിവിവരക്കണക്കുകള്‍ എന്നും സൂക്ഷമതയോടെ നോക്കിക്കൊണ്ടിരുന്ന കാലത്തേതു പോലെ തന്നെ രോഗികളെക്കുറിച്ചും ആശുപത്രിയില്‍ ഉള്ളവരെക്കുറിച്ചുമെല്ലാം ആരോഗ്യവകുപ്പില്‍ കൃത്യമായ കണക്കുകള്‍ ഉണ്ട്. രണ്ടു നാള് മുന്‍പ് വരെയുള്ള കണക്കുകളുമായാണ് ബ്രിട്ടന് ഇപ്പോഴും കോവിഡിനെ നേരിടുന്നത്. 65 പിന്നിട്ടവര്‍ക്ക് ബൂസ്റ്റര്‍ ഡോസ് വാക്സിന് നല്കി മറ്റൊരു കോവിഡ് തരംഗത്തെ നേരിടാന്‍ നടത്തിയ ഒരുക്കങ്ങളും ആരോഗ്യ വകുപ്പിന്റെ കണക്കുകളില്‍ ലഭ്യമാണ്.
കഴിഞ്ഞ ആഴ്ച അവസാനിച്ച കണക്കില്‍ 5975 പേരാണ് കോവിഡ് പോസിറ്റീവ് ആയി രാജ്യത്തുള്ളത്. തൊട്ടു മുന്‍പത്തെ ആഴ്ചയിലേക്കാള്‍ 38 ശതമാനം ഉയര്‍ന്ന കണക്കാണത്. അതേസമയം നവംബര്‍ 17 വരെയുള്ള കണക്കില്‍ 159 കോവിഡ് മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതാകട്ടെ തൊട്ടു മുന്‍പത്തെ ആഴ്ചയേക്കാള്‍ 91 കുറവാണു താനും.
വിന്റര്‍ കൂടി എത്തിയതോടെ ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെടുന്ന രോഗികളില്‍ കോവിഡ് രോഗികളുടെ എണ്ണം കൂടുന്നത് ആശങ്ക സൃഷ്ടിക്കുന്നതായി എന്‍എച്ച്എസ് തന്നെ വ്യക്തമാക്കുന്നുണ്ട്. കഴിഞ്ഞ ആഴ്ച വരെയുള്ള കണക്കില്‍ 2622 കോവിഡ് രോഗികളാണ് ആശുപത്രികളില്‍ കഴിയുന്നത്. ശരാശരി ഓരോ ആശുപത്രികളിലും 30 മുകളില്‍ കോവിഡ് രോഗികള്‍ ഉണ്ടെന്ന സൂചനയാണ് ഈ കണക്കുകള്‍ നല്‍കുന്നത്. രോഗികളുടെ എണ്ണത്തില്‍ അവസാന കണക്കില്‍ 561 പേരാണ് കൂടുതലായി അഡ്മിറ്റ് ചെയ്യപ്പെട്ടിരിക്കുന്നത്. ഓരോ ആശുപത്രികളിലും പ്രവേശിപ്പിക്കപ്പെട്ട രോഗികളുടെ കണക്കും മരിച്ചവരുടെ എണ്ണവും ഒക്കെ സര്‍ക്കാര്‍ വെബ്സൈറ്റില്‍ കൃത്യമായി ലഭ്യമാണ്.
വിന്ററില്‍ എത്തിയിരിക്കുന്ന പുത്തന്‍ വകഭേദമായ പിറോള ബി എ 2.86 എന്ന കോവിഡ് വകഭേദം ഏറ്റവും ശ്രദ്ധ നല്‍കേണ്ട ഒന്നാണ് എന്നാണ് ആരോഗ്യ വിദഗ്ധര്‍ നല്കുന്ന മുന്നറിയിപ്പ്. ഇക്കഴിഞ്ഞ ജൂലൈയില്‍ ഡെന്മാര്ക്കില് കണ്ടെത്തിയ ഒമൈക്രോണിന്റെ മറ്റൊരു വകഭേദമാണ് ഈ പുതിയ വൈറസ്. കഴിഞ്ഞ ഏതാനും മാസമായി ഈ വകഭേദമാണ് യുകെയില്‍ കോവിഡ് രോഗികളെ സൃഷ്ടിക്കുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്. അമേരിക്കയിലും സമാനമായ തരത്തില്‍ മറ്റൊരു കോവിഡ് വൈറസ് പടരുകയാണ് എന്നും വാര്‍ത്താ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
പിറോലയുടെ അര്‍ദ്ധ സഹോദരന് എന്ന് വിശേഷിപ്പിക്കാവുന്ന മറ്റൊരു വൈറസും ലോക വ്യാപകമായി കോവിഡ് രോഗികളെ സൃഷ്ടിക്കുന്നുണ്ട്. ജെ എന്‍ ഒന്ന് എന്നാണ് ഇതിനു പേരിട്ടിരിക്കുന്നത്. ഈ വരുന്ന ക്രിസ്മസ് ദിനങ്ങളില്‍ കോവിഡ് യുകെയില്‍ കൂടുതല്‍ രോഗികളെ സൃഷ്ടിക്കാന്‍ സാധ്യത ഉണ്ടെന്നു റ്റീസൈഡ് യൂണിവേഴ്സിറ്റി മൈക്രോബയോളജിസ്റ്റ് ഡോ. ബ്രോണോ സില്‍വസ്റ്റര്‍ മുന്നറിയിപ്പ് നല്കുന്നു. യാതൊരു രോഗ ലക്ഷണവും ഇല്ലാതെ ഒരു കള്ളനെ പോലെയാണ് ഈ വൈറസ് എത്തുന്നത് എന്ന് അദ്ദേഹം പറയുമ്പോള്‍ കഴിഞ്ഞ ദിവസം മരിച്ച ഹനീഫ് ഷിബുവിന്റെ കുടുംബം വെളിപ്പെടുത്തുന്നതും സമാനമായ കാര്യം തന്നെയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല