സ്വന്തം ലേഖകൻ: യുകെയില്‍ അപകടകാരിയായ പിരോള വേരിയന്റിനെതിരെയുള്ള മുന്‍കരുതലും പ്രതിരോധവും ദുര്‍ബലം. ഇതിന്റെ ഫലമായി രാജ്യത്തു കോവിഡ് ഭീഷണി വീണ്ടും ശക്തമാകുമെന്ന മുന്നറിയിപ്പുമായി വിദഗ്ധര്‍ രംഗത്തെത്തി. നിലവില്‍ പടര്‍ന്ന് പിടിക്കുന്ന അപകടകാരിയായ കോവിഡ് 19 വേരിയന്റ് പിരോല രാജ്യത്തിന് അധികം വൈകാതെ തലവേദന സൃഷ്ടിക്കുമെന്നാണ് വിദഗ്ദരുടെ മുന്നറിയിപ്പ്.
ബിഎ.2.86 കൊറോണവൈറസ് വേരിയന്റ് അതിവേഗം പടരുന്നതിനെ തുടര്‍ന്ന് ഓട്ടം കോവിഡ് ബൂസ്റ്റര്‍ പ്രോഗ്രാം നാലാഴ്ചക്കകം നടപ്പിലാക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായ സാഹചര്യത്തിലാണ് പുതിയ മുന്നറിയിപ്പുമായി വിദഗ്ധര്‍ രംഗത്തെത്തിയിരിക്കുന്നത്. പുതിയ കോവിഡ് വേരിയന്റുകള്‍ക്കെതിരായ യുകെയുടെ സമീപകാല പോരാട്ടം വളരെ ദുര്‍ബലമാണെന്നും അതിനാല്‍ ഇവ രാജ്യത്തിന് വരും നാളുകളില്‍ കടുത്ത ഭീഷണിയുയര്‍ത്തുമെന്നുമാണ് പ്രഫസര്‍ ലോറന്‍സ് യംഗിനെ പോലുള്ള എക്‌സ്പര്‍ട്ടുകള്‍ മുന്നറിയിപ്പേകിയിരിക്കുന്നത്. പുതിയ വേരിയന്റുകളെ ചെറുക്കുന്നതില്‍ വേണ്ടത്ര ഗൗരവമില്ലാത്ത സമീപനമാണ് യുകെ പുലര്‍ത്തി വരുന്നതെന്നും ഇത് വീണ്ടും രാജ്യത്തെ പുതിയ കോവിഡ് ഭീഷണിയിലേക്ക് തള്ളി വിടുമെന്നുമാണ് പ്രഫ. യംഗ് മുന്നറിയിപ്പ് നൽകുന്നത്.
പുതിയ അക്കാദമിക് വര്‍ഷത്തിലല്‍ മില്യണ്‍ കണക്കിന് കുട്ടികള്‍ സ്‌കൂളുകളിലേക്ക് തിരിച്ചെത്തുന്ന വേളയിലും തണുപ്പേറിയ കാലാവസ്ഥ രാജ്യത്ത് ഉണ്ടാകാന്‍ പോവുന്ന സാഹചര്യത്തിലുമാണ് പിരോള വേരിയന്റ് പടരുന്നതെന്നത് കടുത്ത അപകടസാധ്യത ഉയർത്തുന്നു. ഈ സാഹചര്യത്തില്‍ കോവിഡിനെതിരായ പോരാട്ടത്തിലും പ്രതിരോധത്തിലും അലംബാവം പുലര്‍ത്തുന്നത് വന്‍ അപകടത്തിലേക്ക് രാജ്യത്തെ തള്ളി വിടുമെന്നാണ് ദി ഇന്റിപെന്റന്റ് പത്രത്തോട് സംസാരിക്കവേ പ്രഫ.യംഗ് പറഞ്ഞത്.
കോവിഡിനെക്കുറിച്ച് ഇനി യുകെ അധികകാലം വേവലാതിപ്പെടേണ്ടെന്ന തെറ്റിദ്ധാരണ പരക്കെയുണ്ടെന്നും അതിനാല്‍ ജനങ്ങളുടെ മുന്‍കരുതല്‍ കുറഞ്ഞെന്നും ഇത് അപകടമുണ്ടാക്കുമെന്നും യംഗ് ആവര്‍ത്തിച്ച് മുന്നറിയിപ്പേകുന്നു. ഇതിനാല്‍ പൊതു ഇടങ്ങളില്‍ പോകുമ്പോള്‍ മാസ്‌ക് ധരിക്കുകയും സാനിട്ടൈസര്‍ ഉപയോഗിക്കുകയും ചെയ്യണമെന്നും അദ്ദേഹം നിര്‍ദേശിക്കുന്നു. പിരോല വേരിയന്റിനെ ട്രാക്ക് ചെയ്യാന്‍ വളരെ പ്രയാസമാണെന്നതാണ് ഇത് പടരുന്നത് ആശങ്കയേറ്റുന്നതെന്നും യംഗ് ഓർമ്മിപ്പിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല