സ്വന്തം ലേഖകൻ: ബ്രിട്ടനിൽ കൊവിഡ് രണ്ടാം തരംഗം അതി രൂക്ഷം. കഴിഞ്ഞ 24 മണിക്കൂറിനിടെ ബ്രിട്ടനിൽ കൊവിഡ് മൂലം മരിച്ചത് 77 പേരാണ്. ഇതിൽ 58 പേർ ആശുപത്രികളിൽ ചികിൽസയിൽ കഴിയവേയാണ് മരിച്ചതെന്നതു ഗൗരവം വർധിപ്പിക്കുന്നു. രോഗം മൂർച്ഛിച്ച് ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നവരുടെ എണ്ണവും ദിനംതോറും വർധിക്കുകയാണ്. ഇന്നലെ മാത്രം 17,540 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്.
ഈ സ്ഥിതി തുടർന്നാൽ ആശുപത്രികളെല്ലാം കൊവിഡ് രോഗികളെക്കൊണ്ട് നിറയുന്ന സ്ഥിതി വിദൂരമാകില്ല. ഇതൊഴിവാക്കാൻ രണ്ടാമതൊരു ലോക്ഡൗണിനുപോലും സർക്കാർ മടിക്കില്ലെന്നാണ് സൂചനകൾ. രാജ്യവ്യാപകമായി ‘സർക്യൂട്ട് ബ്രേക്കർ’ ലോക്ക്ഡൗൺ ഏർപ്പെടുത്തി നിയമങ്ങൾ കൂടുതൽ കഠിനമാക്കണമെന്ന് ആവശ്യപ്പെട്ട് സേജ് വിദഗ്ധർ രംഗത്തുണ്ട്.
സർക്കാരിന്റെ ശാസ്ത്ര ഉപദേശക കമ്മിറ്റിയായ സേജ് ഇന്നലെ ചേർന്ന കമ്മിറ്റി യോഗത്തിൽ സ്ഥിതി വിലയിരുത്തിയ ശേഷമാണ് ഈ ആവശ്യം മുന്നോട്ട് വച്ചത്. തൊട്ടുപിന്നാലെ സർക്കാർ പ്രതികരണം ശക്തമാക്കിയില്ലെങ്കിൽ 10 ദിവസത്തിനുള്ളിൽ ആശുപത്രികളുടെ പ്രവർത്തനം തന്നെ അവതാളത്തിലാകുമെന്ന് ആരോഗ്യമന്ത്രി മാറ്റ് ഹാൻകോക് അഭിപ്രായപ്പെടുകയും ചെയ്തു.
സ്കോട്ട്ലൻഡ്, നോർത്തേൺ അയർലൻഡ് തുടങ്ങിയ പ്രാദേശിക ഭരണകൂടങ്ങൾ ലോക്ഡൗണിന് അനുകൂലമാണ്. എന്നാൽ വീണ്ടുമൊരു ലോക്ഡൗണിലൂടെ രാജ്യത്തെ നിശ്ചലമാക്കുന്നതിനോട് സാമ്പത്തിക വിദഗ്ധരും ബിസിനസ് ഗ്രൂപ്പുകളും ഭരണകക്ഷിയിലെ നല്ലൊരു ശതമാനം നേതാക്കളും അനുകൂലിക്കുന്നില്ല.
അതിനിടെ ഇംഗ്ലണ്ടിൽ അടുത്തയാഴ്ച്ചമുതൽ പുതിയ ത്രീ ടയർ ട്രാഫിക് സിഗ്നൽ സ്റ്റൈൽ ലോക്ക്ഡൗൺ സംവിധാനം പ്രാബല്യത്തിൽ വരുമെന്ന് റിപ്പോർട്ടുകളുണ്ട്. എങ്കിൽ അടുത്തയാഴ്ച്ച മുതൽ നോർത്ത് ലോക്ക്ഡൗണിലേക്ക് നീങ്ങും. നിലവിലെ പദ്ധതികളുടെ ബ്ലൂപ്രിൻറുകൾ പ്രകാരം പബ്ബുകൾ, റെസ്റ്റോറന്റുകൾ, ലഷർ സൗകര്യങ്ങൾ തുടങ്ങിയവ വടക്കൻ ഭാഗങ്ങളിൽ അടച്ചിടുമെന്ന് പ്രതീക്ഷിക്കുന്നു. മറ്റ് നിയന്ത്രണങ്ങൾക്കിടയിലും അണുബാധ തുടരുന്ന മൂന്ന് നഗരങ്ങളായ മാഞ്ചെസ്റ്റർ, ലിവർപൂൾ, ന്യൂകാസിൽ എന്നിവിടങ്ങളിലായിരിക്കും കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുക.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല