1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 8, 2021

സ്വന്തം ലേഖകൻ: ഓഗസ്‌റ്റോടെ രാജ്യം കോവിഡ് മുക്തമാകുമെന്ന് ബ്രിട്ടീഷ് ആരോഗ്യവകുപ്പ്. 2022 ആദ്യത്തോടെ കോവിഡ് വാക്‌സിന്റെ ബൂസ്റ്റര്‍ ഡോസ് വിതരണം പുനരാരംഭിക്കാമെന്ന് പ്രതീക്ഷിക്കുന്നതായും ആരോഗ്യവകുപ്പ് ഉന്നത ഉദ്യോഗസ്ഥനായ ക്ലൈവ് ഡിക്‌സ് പറഞ്ഞു. ഡെയ്‌ലി ടെലഗ്രാഫിനോടാണ് ഡിക്‌സ് ഇക്കാര്യം വ്യക്തമാക്കിയത്.

ക്ലൈവ് ഡിക്‌സാണ് ബ്രിട്ടന്റെ വാക്‌സിന്‍ വിതരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. ജൂലായ് അവസാനത്തോടെ രാജ്യത്തെ എല്ലാ ജനങ്ങള്‍ക്കും വാക്‌സിന്‍ നല്‍കാനാവുമെന്നും അതിലൂടെ വൈറസിന്റെ വിവിധ വകഭേദങ്ങളില്‍ നിന്ന് ജനങ്ങള്‍ക്ക് സംരക്ഷണം ഉറപ്പുവരുത്താമെന്നും കരുതുന്നതായി ഡിക്‌സ് വ്യക്തമാക്കി.

ജനസംഖ്യയുടെ പകുതിയോളം പേര്‍ക്ക് ആദ്യ ഡോസ് വാക്‌സിന്‍ കുറഞ്ഞ സമയത്തിനുള്ളില്‍ വിതരണം ചെയ്ത രണ്ടാമത്തെ രാജ്യമാണ് ബ്രിട്ടന്‍. 51 ദശലക്ഷം ഡോസ് വാക്‌സിന്‍ ഇതിനോടകം രാജ്യത്ത് വിതരണം നടത്തിക്കഴിഞ്ഞു.

പ്രതിരോധശേഷി കുറഞ്ഞ വ്യക്തികള്‍ക്ക് കൂടുതല്‍ ഫലപ്രദമാകുന്ന വിധത്തിലുള്ള ബൂസ്റ്റര്‍ വാക്‌സിന്‍ ലഭ്യമാക്കാനുള്ള ശ്രമത്തിലാണ് ബ്രിട്ടന്‍. നേരിയ പാര്‍ശ്വഫലമുള്ളതിനാല്‍ ഓക്‌സ്‌ഫോഡ്/ അസ്ട്രസെനകയുടെ വാക്‌സിന് പകരം 40 വയസ്സിന് താഴെയുള്ളവര്‍ക്ക് മറ്റൊരു വാക്‌സിന്‍ ലഭ്യമാക്കാന്‍ ബ്രിട്ടന്‍ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.

12 രാജ്യങ്ങളുടെ ഹരിത യാത്രാ പട്ടിക പ്രഖ്യാപിച്ചു

മെയ് 17 ന് അന്താരാഷ്ട്ര യാത്രകൾ പുനരാരംഭിക്കാനിരിക്കെ 12 രാജ്യങ്ങളുടെ ഹരിത യാത്രാ പട്ടിക ഗതാഗത സെക്രട്ടറി ഗ്രാന്റ് ഷാപ്പ്സ് പ്രഖ്യാപിച്ചു. മെയ് 17 മുതൽ യാത്രക്കാർക്ക് ഇംഗ്ലണ്ടിലേക്ക് മടങ്ങിയെത്തുമ്പോൾ ക്വാറൻ്റീൻ ആവശ്യമില്ലാതെ സന്ദർശിക്കാൻ കഴിയുന്ന 12 രാജ്യങ്ങളുടെ പട്ടികയാണ് പ്രഖ്യാപിച്ചത്. പോർച്ചുഗൽ, അസോറസ്, മഡെയ്‌റ, ഇസ്രായേൽ, ജിബ്രാൾട്ടർ, ഓസ്‌ട്രേലിയ, സിംഗപ്പൂർ, ന്യൂസിലാന്റ്, ഐസ്‌ലാന്റ്, ബ്രൂണൈ,
ഫറോ ദ്വീപുകൾ, ഫോക്ക്‌ലാന്റ് ദ്വീപുകൾ എന്നീ രാജ്യങ്ങളാണ് പട്ടികയിൽ.

എന്നാൽ ഗ്രീൻ ലിസ്റ്റിൽ ഉൾപ്പെടുന്ന ചില രാജ്യങ്ങളായ മാൾട്ട, ബാർബഡോസ് എന്നിവ പുതിയ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല. ഗ്രീൻ ലിസ്റ്റ് നിയമങ്ങൾ അനുസരിച്ച്, യാത്രക്കാർ യുകെയിലേക്ക് മടങ്ങുമ്പോൾ ക്വാറന്റൈനിൽ കഴിയേണ്ടതില്ല. പക്ഷേ, മടങ്ങിവരുന്നതിന്റെ രണ്ടാം ദിവസമോ അതിനു മുമ്പോ അവർ പുറപ്പെടുന്നതിന് മുമ്പുള്ള പരിശോധനയും പിസിആർ പരിശോധനയും നടത്തി സർട്ടിഫിക്കറ്റ് ഹാജരാക്കണം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.