1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 23, 2023

സ്വന്തം ലേഖകൻ: യുകെയില്‍ കോവിഡ് നിരക്കുകൾ കഴിഞ്ഞ രണ്ടാഴ്ചയിൽ ഇരട്ടിയിലധികം വർധിച്ചു. ഇംഗ്ലണ്ടിലും, സ്‌കോട്ട്‌ലൻഡിലും 24 പേരില്‍ ഒരാള്‍ക്ക് വീതമാണ് ഡിസംബര്‍ 13 വരെയുള്ള ആഴ്ചയില്‍ വൈറസ് ബാധിച്ചത്. രണ്ടാഴ്ച മുന്‍പ് 55 പേരില്‍ ഒരാള്‍ക്കെന്ന നിലയിലായിരുന്നു ഇത്. ലണ്ടനില്‍ 16 പേരില്‍ ഒരാള്‍ക്ക് വീതമെന്ന നിലയിലാണ് വൈറസ് വ്യാപനം.

യുകെ ഹെല്‍ത്ത് സെക്യൂരിറ്റിയുടെയും നാഷനല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫിസിന്റെയും കണക്കുകള്‍ പ്രകാരം കോവിഡ് സാരമായി ബാധിക്കപ്പെട്ട മേഖലയാണ് ലണ്ടൻ നഗരം. വൈറസുമായി ബന്ധപ്പെട്ട് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണവും ഏറുകയാണെന്ന് എന്‍എച്ച്എസ് മുന്നറിയിപ്പ് നല്‍കി.

ക്രിസ്മസ്, ന്യൂഇയര്‍ സീസണില്‍ ആളുകള്‍ കൂടുതലായി സമ്പര്‍ക്കത്തില്‍ വരുമെന്നതിനാല്‍ വരുന്ന ആഴ്ചകളില്‍ വ്യാപനം വര്‍ധിക്കാനാണ് സാധ്യതയെന്ന് ആരോഗ്യ മേഖലയുടെ മേധാവികള്‍ ഭയപ്പെടുന്നു. പ്രായമായ ആളുകള്‍, ഗര്‍ഭിണികള്‍, മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ളവര്‍ എന്നിവർ ചുമ, തൊണ്ടവേദന, ജലദോഷം എന്നിങ്ങനെ അവസ്ഥകള്‍ നേരിടുന്നവരിൽ നിന്നും അകലം പാലിക്കണമെന്ന് മുന്നറിയിപ്പ് ഉണ്ട്‌. വൈറസ് ബാധിച്ചാല്‍ ഇവര്‍ ഗുരുതര രോഗബാധിതരാകുമെന്ന ആശങ്കയിലാണ് ഈ നിര്‍ദ്ദേശം.

പുതിയ കണക്കുകള്‍ യുകെയ്ക്ക് മുന്നറിയിപ്പാണെന്നും കോവിഡ് കാലം കഴിഞ്ഞിട്ടില്ലെന്നും കോവിഡ് മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ആരോഗ്യ പ്രവർത്തകർ മുന്നറിയിപ്പ് നല്‍കുന്നു. എങ്കിലും മുന്‍ വര്‍ഷങ്ങളിലെ പോലെ ദുരവസ്ഥ സൃഷ്ടിക്കാന്‍ വൈറസിന് സാധിക്കുന്നില്ലെന്നാണ് പൊതുവെ ഉയരുന്ന വിലയിരുത്തലുകൾ. ലണ്ടനിലും, സൗത്ത് ഈസ്റ്റ് ഇംഗ്ലണ്ടിലുമാണ് വൈറസ് നിരക്ക് കൂടുതലായി ഉയര്‍ന്നിട്ടുള്ളത്. ഇംഗ്ലണ്ടിലെ ആകെ കണക്കുകളില്‍ 4.3% രോഗബാധിതരായി കണക്കുകൾ സൂചിപ്പിക്കുമ്പോൾ ലണ്ടനില്‍ ഇത് 6.1% ആയാണ് ഉയർന്നിട്ടുള്ളത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.