സ്വന്തം ലേഖകൻ: കുടിയേറ്റം തടയുന്നതിന്റെ ഭാഗമായി, യു കെയില്‍ ജോലി ചെയ്യുന്നവര്‍ ആശ്രിതരെയോ കുടുംബാംഗങ്ങളെയോ കൂടെ കൊണ്ടു വരുന്നതിനുള്ള ചുരുങ്ങിയ ശമ്പളം 18,600 പൗണ്ടില്‍ നിന്നും 38,700 പൗണ്ട് ആക്കുമെന്ന് ഈ മാസം ആദ്യമായിരുന്നു ഹോം സെക്രട്ടറി ജെയിംസ് ക്ലവര്‍ലി പ്രഖ്യാപിച്ചത്. ഈ തീരുമാനം വലിയ വിവാദമായി മാറിയിരുന്നു. ഈ തീരുമാനം അനേകം കുടുംബങ്ങള്‍ക്ക് ഒരുമിച്ച് താമസിക്കുന്നതിനുള്ള അവകാശം നിഷേധിക്കുമെന്നും, തീര്‍ത്തും മനുഷ്യത്വ രഹിതമാണ് എന്നുമൊക്കെയുള്ള വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.
ഇതേ തുടര്‍ന്നായിരുന്നു സര്‍ക്കാര്‍ ഈ നടപടിയില്‍ നിന്നും പിന്മാറിയത്. ഹോം ഓഫീസ് പുറത്തു വിട്ട പുതിയ കുറിപ്പില്‍ പറയുന്നത്, കുടുംബത്തെ കൂടെ കൂട്ടുന്നതിന് വിദേശ തൊഴിലാളികള്‍ക്ക് ആവശ്യമായ കുറഞ്ഞ വേതനം വരുന്ന വസന്തകാലത്തോടെ 29,000 പൗണ്ട് ആക്കുമെന്നാണ്. മാത്രമല്ല, നേരത്തെ പ്രഖ്യാപിച്ചതുപോലെ ഇത് 38,700 പൗണ്ട് ആക്കുന്നത് എപ്പോള്‍ എന്നതിന് വ്യക്തമായ ഒരു മറുപടി നല്‍കുന്നുമില്ല.
പാര്‍ലമെന്റില്‍ ഒരു ചോദ്യത്തിന് എഴുതി നല്കിയ മറുപടിയിലൂടെ ഈ മാറ്റം ഹോം ഓഫീസ് മിനിസ്റ്റര്‍ ലോര്‍ഡ് ഷാര്‍പ് ഓഫ് എപ്സണ് സ്ഥിരീകരിച്ചിട്ടുമുണ്ട്. നിലവിലെ 18,600 പൗണ്ട് എന്ന പരിധി ബ്രിട്ടനിലെ തൊഴിലെടുക്കുന്നവരില്‍ 75 ശതമാനം പേരെയും കുടുംബത്തെ കൂടെ കൊണ്ടുവരാന്‍ അനുവദിക്കുന്നുണ്ട് എന്ന് മന്ത്രി പറയുന്നു. എന്നാല്‍, അത് 38,700 പൗണ്ട് ആയി ഉയര്‍ത്തിയാല്‍ വെറും 30 ശതമാനം പേര്‍ക്ക് മാത്രമെ കുടുംബത്തെ കൂടെ കൂട്ടാന്‍ ആകൂ എന്നും മന്ത്രി ചൂണ്ടിക്കാണിച്ചു.
2024-ലെ വസന്തകാലത്ത് ഈ പരിധി 29,000 പൗണ്ട് ആക്കി ഉയര്‍ത്തുമെന്നും മന്ത്രി പറഞ്ഞു. പിന്നീട് ഇത് 34,500 പൗണ്ട് ആയും അവസാനം 38,700 പൗണ്ട് ആയും ഉയര്‍ത്തും എന്നാല്‍ ഈ വര്‍ദ്ധനവ് എപ്പോള്‍ നടത്തുമെന്ന കാര്യം മന്ത്രി വ്യക്തമാക്കിയിട്ടില്ല. ശമ്പള വര്‍ദ്ധനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പുനപരിശോധിക്കുമെന്ന് നേരത്തെ പ്രധാനമന്ത്രി ഋഷി സുനക് എം പിമാര്‍ക്ക് ഉറപ്പു നല്‍കിയിരുന്നു. പരിധി 38,700 പൗണ്ട് ആക്കി ഉയര്‍ത്തുന്നത് പ്രായോഗികമല്ല എന്ന് ലിബറല്‍ ഡെമോക്രാറ്റുകള്‍ നേരത്തെ പറഞ്ഞിരുന്നു.
നേരത്തെ കടുത്ത വിമര്‍ശനമായിരുന്നു ശമ്പള പരിധി വര്‍ദ്ധനവുമായി ബന്ധപ്പെട്ട് ഋഷി സുനകിന് നേരിടേണ്ടി വന്നത്. പ്രണയത്തിന് വില നിശ്ചയിക്കുകയാണ് എന്ന് പറഞ്ഞ വിമര്‍ശകര്‍ പാവപ്പെട്ട ബ്രിട്ടീഷുകാര്‍ക്ക് ഇനിമുതല്‍ വിദേശ പങ്കാളിക്കൊത്ത് താമസിക്കാന്‍ കഴിയില്ല എന്നും ആരോപിച്ചിരുന്നു. മുന്‍ മന്ത്രിയും ടോറി നേതാവുമായിരുന്ന ഗവിന്‍ ബര്വെല്ലും ഇതേ അഭിപ്രായക്കാരനായിരുന്നു. ധനികര്‍ക്ക് മാത്രമെ പ്രണയിക്കാനാകൂ എന്ന അവസ്ഥയെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി ആശയങ്ങള്‍ ഒരിക്കലും പിന്തുണയ്ക്കില്ല എന്ന് അദ്ദേഹം പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല