സ്വന്തം ലേഖകൻ: ഡ്രൈവിംഗ് ലൈസന്‍സ് കിട്ടുക എന്നത് ഇന്നത്തെ സാഹചര്യത്തില്‍ വലിയ കടമ്പയായി മാറുകയാണ്. കുടിയേറ്റ കുടുംബങ്ങളെ സംബന്ധിച്ച് ഡ്രൈവിംഗ് ലൈസന്‍സ് അനിവാര്യമാണ്. ജോലി സംബന്ധമായോ, യാത്രകള്‍ക്കോ എല്ലാം ഒരു വാഹനം കൈയിലുണ്ടെങ്കില്‍ കുടുംബത്തോടൊപ്പം യാത്ര സൗകര്യപ്രദമാകും. എന്നാല്‍ യുകെയിലെ ഡ്രൈവിംഗ് ടെസ്റ്റ് അത്ര എളുപ്പത്തില്‍ പാസാകാന്‍ സാധിക്കില്ലെന്നാണ് ഡിവിഎസ്എ കണക്കുകള്‍ തന്നെ തെളിയിക്കുന്നത്.
നിലവില്‍ രാജ്യത്തെ ഡ്രൈവിംഗ് തിയറി ടെസ്റ്റുകള്‍ ചരിത്രത്തിലെ തന്നെ ഏറ്റവും താഴ്ന്ന നിലയിലാമെന്ന് പുതിയ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 2007/08 കാലത്ത് തിയറി ടെസ്റ്റ് പാസാകാനുള്ള സാധ്യത 65.4 ശതമാനമായിരുന്നെങ്കില്‍ 2022/23 വര്‍ഷമായതോടെ ലേണേഴ്‌സിന് രക്ഷപ്പെടാനുള്ള വിജയസാധ്യത കേവലം 44.2 ശതമാനത്തിലേക്കാണ് ചുരുങ്ങിയതെന്ന് ഡിവിഎസ്എ കണക്കുകള്‍ തെളിയിക്കുന്നു.
വിവിധ മേഖലകളില്‍ വിജയശതമാനത്തിന്റെ അനുപാതത്തില്‍ സാരമായ വ്യത്യാസം നിലനില്‍ക്കുന്നതായി എഎ ഡ്രൈവിംഗ് സ്‌കൂള്‍ നടത്തിയ പരിശോധനയില്‍ വ്യക്തമായി. ചോദ്യങ്ങളുടെ എണ്ണം കൂടിയതും, പരിഭാഷകരുടെ സഹായം പിന്‍വലിച്ചതിനും പുറമെ പുതിയ തിയറി ടെസ്റ്റ് ചോദ്യങ്ങള്‍ പ്രസിദ്ധീകരിക്കുന്നത് അവസാനിപ്പിച്ചതും ചേര്‍ന്നാണ് ഈ പ്രത്യാഘാതം സൃഷ്ടിച്ചതെന്നാണ് കരുതുന്നത്.
സ്‌കോട്ട്‌ലണ്ടിലെ എവിമോറിലുള്ള ടെസ്റ്റ് സെന്ററിലാണ് ഏറ്റവും ഉയര്‍ന്ന വിജയശതമാനമുള്ളത്. വിജയശതമാനത്തില്‍ മുന്നിലുള്ള ആദ്യ പത്ത് സെന്ററുകളില്‍ എല്ലാം തന്നെ ഇവിടുത്തെ മെയിന്‍ലാന്‍ഡിലും, സ്‌കോട്ടിഷ് ഐലന്‍ഡുകളിലുമാണ്. ഏറ്റവും കുറഞ്ഞ വിജയനിരക്ക് യോര്‍ക്ക്ഷയറിലെ ഹോണ്‍സീയിലാണ്, 23.6 ശതമാനം. ഇംഗ്ലണ്ടിലെ ടെസ്റ്റ് സെന്ററുകളില്‍ നിന്നും തിയറി ജയിച്ച് കയറുന്നത് വളരെ കഠിനമാണെന്നു കണക്കുകള്‍ വ്യക്തമാക്കുന്നു. യുകെയില്‍ സമീപകാലത്തു എത്തിയ നിരവധി മലയാളികള്‍ ലേണേഴ്‌സിന് വിജയം നേടാന്‍ പലതവണയായി പരിശ്രമിക്കേണ്ട സ്ഥിതിയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല