1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 30, 2023

സ്വന്തം ലേഖകൻ: യുകെയിൽ എത്തിച്ചേരുന്ന കുടിയേറ്റ കുടുംബങ്ങളെ സംബന്ധിച്ച് ഡ്രൈവിങ്‌ ലൈസന്‍സ് എടുക്കുന്നത് ഒരു പ്രധാന കാര്യമാണ്. കാരണം ഒരു വാഹനം ഇല്ലാതെ യുകെയിൽ ജീവിക്കുക പ്രയാസകരമാണ്. ജോലി സംബന്ധമായ യാത്രകള്‍ക്ക് ഉൾപ്പടെ ഒരു വാഹനം സ്വന്തമായുള്ളത് സൗകര്യപ്രദമാകും. എന്നാല്‍ യുകെയിലെ ഡ്രൈവിങ്‌ ടെസ്റ്റ് അത്ര എളുപ്പത്തില്‍ പാസാകാന്‍ സാധിക്കുമോ എന്ന് ചോദിച്ചാൽ ഇല്ലെന്നാണ് ഡിവിഎസ്എ കണക്കുകള്‍ തന്നെ തെളിയിക്കുന്നത്.

നിലവില്‍ രാജ്യത്തെ ഡ്രൈവിങ്‌ തിയറി ടെസ്റ്റുകള്‍ ചരിത്രത്തിലെ തന്നെ ഏറ്റവും താഴ്ന്ന നിലയിലാണെന്ന് പുതിയ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 2007-08 കാലത്ത് തിയറി ടെസ്റ്റ് പാസാകാനുള്ള ലേണേഴ്സിന്റെ സാധ്യത 65.4% ആയിരുന്നുവെങ്കിൽ 2022-23 വര്‍ഷമായതോടെ വിജയസാധ്യത കേവലം 44.2% ലേക്കാണ് ചുരുങ്ങിയത്. ഡ്രൈവിങ് പരീക്ഷയിൽ ആദ്യ തവണ പാസാകുവാൻ കഴിയാത്തവർക്ക് എത്ര തവണ വേണമെങ്കിലും പങ്കെടുക്കാൻ കഴിയും. എന്നാൽ അഞ്ച് ലക്ഷത്തിൽപ്പരം ആളുകൾ ഇപ്പോഴും ഡ്രൈവിങ് ടെസ്റ്റിനായി കാത്തിരിപ്പ് ലിസ്റ്റിലാണ്.

വിവിധ മേഖലകളില്‍ വിജയശതമാനത്തിന്റെ അനുപാതത്തില്‍ സാരമായ വ്യത്യാസം നിലനില്‍ക്കുന്നതായി വിവിധ ഡ്രൈവിങ്‌ സ്‌കൂള്‍ നടത്തിപ്പുകാർ തന്നെ പറയുന്നുണ്ട്. ഇപ്പോൾ തിയറി ടെസ്റ്റിൽ ചോദ്യങ്ങളുടെ എണ്ണം കൂടിയതും പരിഭാഷകരുടെ സഹായം പിന്‍വലിച്ചതിനും പുറമെ പുതിയ തിയറി ടെസ്റ്റ് ചോദ്യങ്ങള്‍ പ്രസിദ്ധീകരിക്കുന്നത് അവസാനിപ്പിച്ചതും വിജയ ശതമാനത്തിൽ കുറവ് വരുത്തിയിട്ടുണ്ട് എന്നാണ് ഡ്രൈവിങ്‌ സ്കൂൾ നടത്തിപ്പുകാരുടെ അഭിപ്രായം. പ്രാക്ടിക്കൽ ടെസ്റ്റിലും ഇത്തരത്തിൽ വിജയശതമാനം കുറവ് തന്നെയാണെന്നാണ് കണക്കുകൾ നൽകുന്ന സൂചന.

യുകെയുടെ അംഗരാജ്യങ്ങളായ ഇംഗ്ലണ്ട്, സ്‌കോട്​ലാൻഡ്, വെയിൽസ് എന്നിവിടങ്ങളിലെ എല്ലാ ഡ്രൈവിങ്‌ ടെസ്റ്റ് സെന്ററുകളിലും 2022-23 ൽ മൊത്തം നടത്തിയ 1,688,955 ഡ്രൈവിങ് ടെസ്റ്റുകളിൽ 44% ആളുകൾക്കാണ് വിജയമുണ്ടായത്. തിയറി ടെസ്റ്റുകൾ വിജയിച്ചു കയറുന്ന കാര്യത്തിൽ യുകെയിൽ ഏറ്റവും പ്രയാസമേറിയ രാജ്യം ഇംഗ്ലണ്ട് ആണെന്നാണ് കണക്കുകൾ നൽകുന്ന സൂചന. സ്‌കോട്​ലാൻഡിലെ എവിമോറിലുള്ള ടെസ്റ്റ് സെന്ററിലാണ് ഏറ്റവും ഉയര്‍ന്ന വിജയശതമാനമുള്ളത്.

വിജയ ശതമാനത്തില്‍ മുന്നിലുള്ള ആദ്യ പത്ത് സെന്ററുകളില്‍ മിക്കതും തന്നെ സ്‌കോട്​ലാൻഡിൽ ഉൾപ്പെടുന്നു. ഏറ്റവും കുറഞ്ഞ വിജയനിരക്ക് ഇംഗ്ലണ്ടിലെ യോര്‍ക്ക്ഷയറിൽ ഉൾപ്പെടുന്ന ഹോണ്‍സീയിലാണ്. 23.6% ആണ് ഹോൺസീയിലെ വിജയ ശതമാനം. സമീപകാലത്തായി മലയാളികൾ ഉൾപ്പടെ നിരവധി ആളുകൾ യുകെയിലേക്ക് കുടിയേറിയതിനാൽ നിരവധി ആളുകളാണ് ഡ്രൈവിങ് പഠനത്തിനായി കാത്തിരിക്കുന്നത്. ഇന്ത്യയിൽ നിന്നും എത്തുന്നവർക്ക് ആദ്യ ഒരു വർഷം സ്വന്തം രാജ്യത്തെ ഡ്രൈവിങ്‌ ലൈസൻസ് യുകെയിൽ ഉപയോഗിക്കാമെങ്കിലും തുടർന്ന് യുകെ ലൈസൻസ് എടുക്കേണ്ടി വരും.

യുകെയിൽ ഡ്രൈവിങ്‌ പഠനത്തിന് തയാറെടുക്കുന്നവർ ആദ്യം ചെയ്യേണ്ടത് പ്രൊവിഷണൽ ലൈസൻസിന് അപേക്ഷിക്കുകയാണ്. ഇതു ലഭിക്കാൻ 34 മുതൽ 43 പൗണ്ട് വരെ ചെലവഴിക്കേണ്ടി വരും. ഇതു ലഭ്യമായാൽ ഡ്രൈവിങ്‌ തിയറി ടെസ്റ്റിന് അപേക്ഷിക്കാം. തിയറി ടെസ്റ്റിനുള്ള തീയതി ലഭിച്ചാൽ അതിന് തയാറെടുത്ത് പരീക്ഷ എഴുതാം. ഇതു പാസായാൽ മാത്രമേ ഒരാൾക്ക് ഡ്രൈവിങ്‌ പഠനം ആരംഭിക്കാൻ കഴിയുകയുള്ളു. ഡ്രൈവിങ്‌ പാഠങ്ങൾക്ക് മണിക്കൂറിന് ശരാശരി 33 പൗണ്ട് മുതലാണ് ചിലവാകുക.

ഡ്രൈവിങ് ആൻഡ് വെഹിക്കിൾ സ്റ്റാൻഡേർഡ് ഏജൻസി (ഡിവിഎസ്എ) കണക്കുകൾ പ്രകാരം ഒരാൾ ഒരുമണിക്കൂർ ദൈർഘ്യമുള്ള 47 ക്ലാസുകൾ പൂർത്തിയാക്കണം. ചുരുക്കം പറഞ്ഞാൽ പ്രാക്ടിക്കൽ പഠനത്തിന് 1551 പൗണ്ടെങ്കിലും ഏറ്റവും കുറഞ്ഞത് ചിലവഴിക്കേണ്ടി വരും. 33 മുതൽ 50 പൗണ്ട് വരെ ഒരു മണിക്കൂറിന് ഫീസ് ഈടാക്കുന്നവയാണ് മിക്ക ഡ്രൈവിങ്‌ പരിശീലന സ്ഥാപനങ്ങളും.

തിയറി ടെസ്റ്റിന് അപേക്ഷിക്കാൻ ഒരാൾ 23 പൗണ്ടാണ് ഫീസായി അടയ്‌ക്കേണ്ടത്. അതേസമയം പ്രാക്ടിക്കൽ ടെസ്റ്റിന് പ്രവൃത്തിദിവസങ്ങളിൽ 62 പൗണ്ടും വൈകുന്നേരങ്ങളിലും ബാങ്ക് അവധി ദിവസങ്ങളിലും വാരാന്ത്യങ്ങളിലും 75 പൗണ്ടും ആണ്. ഇവയെല്ലാം കണക്കുകൂട്ടുമ്പോൾ ഏകദേശം 1650 പൗണ്ട് ഒരു ഡ്രൈവിങ് ടെസ്റ്റിനായി ചിലവഴിക്കേണ്ടി വരുന്നുണ്ട്. ഒപ്പം പഠനത്തിനായി കഠിന പരിശ്രമവും നടത്തേണ്ടതുണ്ട്. പ്രാക്ടിക്കൽ ടെസ്റ്റിലെ ചെറിയ പിഴവുകൾ പോലും കണ്ടില്ലെന്ന് നടിക്കുന്നവരല്ല എക്സാമിനർമാർ.

ഡിവിഎസ്എയുടെ വാർഷിക കണക്കുകൾ പ്രകാരം സ്ത്രീകൾ തിയറി പരീക്ഷയിൽ വിജയിക്കുമ്പോൾ പുരുഷന്മാർ പ്രാക്ടിക്കലിൽ മികച്ചവരാണെന്നാണ് മനസിലാക്കാൻ കഴിയുന്നത്. എന്നാൽ പ്രാക്ടിക്കൽ ഡ്രൈവിങ്‌ ടെസ്റ്റിന് സ്ത്രീകളും പുരുഷന്മാരും തമ്മിലുള്ള അന്തരം സമീപ വർഷങ്ങളിൽ കുറഞ്ഞു വരുന്നുണ്ട്. വിജയ നിരക്കിലെ വ്യത്യാസം 2013 മുതൽ 2018 വരെ 6% ആയിരുന്നുവെങ്കിൽ 2022-23 ൽ വ്യത്യാസം 4% ആയി കുറഞ്ഞു. 2007 മുതൽ യുകെയിൽ ഡ്രൈവർമാർക്കായി ഓരോ വർഷവും 1.8 മുതൽ 1.5 ദശലക്ഷം വരെ ഡ്രൈവിങ്‌ ടെസ്റ്റുകൾ നടത്തിയിട്ടുണ്ട്. എന്നാൽ 2021 ൽ മാത്രം കോവിഡ് പാൻഡെമിക് കാരണം 4,36,000 ടെസ്റ്റുകൾ മാത്രമാണ് നടന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.