സ്വന്തം ലേഖകൻ: യുകെയിൽ ആശങ്ക പരത്തി ഇ കോളി ബാക്ടീരിയ; നിരവധി പേർക്ക് ഭക്ഷ്യവിഷബാധ; ചീസിൽ നിന്ന് പകർന്നതെന്ന് നിഗമനം. ഇ- കോളി ബാക്ടീരിയ ബാധയെ തുടര്‍ന്ന് ഒരാള്‍ മരണമടഞ്ഞതായി ആരോഗ്യവകുപ്പ് അധികൃതര്‍ സ്ഥിരീകരിച്ചു. സ്‌കോട്ട്ലാന്‍ഡിലാണ് മരണം സംഭവിച്ചതെന്ന് യു കെ ഹെല്‍ത്ത് സെക്യുരിറ്റി ഏജന്‍സി അറിയിച്ചു. ഷിഗ ടോക്സിന്‍- പ്രൊഡ്യുസിംഗ് ഇ – കോളി (എസ് ടി ഇ സി) ബാധ രാജ്യത്ത് പലയിടങ്ങളില്‍ നിന്നായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതിനിടയിലാണ് ഈ മരണ വാര്‍ത്ത പുറത്തു വരുന്നത്. പാസ്ചറൈസ് ചെയ്യാത്ത ചീസില്‍ നിന്നാണ്‍’ ബാധ ഉണ്ടായിരിക്കുന്നത് എന്നാണ് സംശയിക്കപ്പെടുന്നത്.
കഴിഞ്ഞ ജൂലായ് മുതല്‍ ഇംഗ്ലണ്ടിലും സ്‌കോട്ട്ലാന്‍ഡിലുമായി ഏതാണ്ട് 30 എസ് ടി ഇ സി കേസുകളാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അവയില്‍ ഭൂരിഭാഗവും ഈ മാസമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഏഴ് മുതല്‍ 81 വയസ്സുവരെ പ്രായമുള്ള 15 സ്ത്രീകള്‍ക്കും 15 പുരുഷന്മാര്‍ക്കുമാണ് ബാധ ഉണ്ടായിരിക്കുന്നത്.അതില്‍ 12 പേര്‍ക്ക് തീവ്രമായ അതിസാരം ബാധിച്ചതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.
പതിനൊന്ന് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ ഒരാള്‍ക്ക് ഹീമോലൈറ്റിക് യുറെമിക് സിന്‍ഡ്രോം (എച്ച് യു എസ്) ബാധിച്ചതായും കണ്ടെത്തി. ജീവന് കടുത്ത ഭീഷണി ഉയര്‍ത്തുന്ന ഈ രോഗാവസ്ഥ പ്രധാനമായും വൃക്കകളെയാണ് ബാധിക്കുക. അന്വേഷണത്തില്‍ ചില രോഗികളും, പാസ്ചുറൈസ് ചെയ്യാത്ത ചീസും തമ്മിലുള്ള ബന്ധം കണ്ടെത്തിയതായി എക്സ്പ്രസ്സ് പത്രം നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഒരു തരം, റോ മില്‍ക്ക് ചീസില്‍ എസ് ഇ ടി സി ബാധിച്ചിരിക്കാം എന്ന് ഫുഡ് സ്റ്റാന്‍ഡേര്‍ഡ്സ് ഏജന്‍സി (എഫ് എസ് അ) യും ഫുഡ് സ്റ്റാന്‍ഡേര്‍ഡ്സ് സ്‌കോട്ട്ലാന്‍ഡും (എഫ് എസ് എസ്) നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. അതിന്റെ ഫലമായി മിസിസ് കിര്‍ക്കം ലങ്കാഷയര്‍ ചീസ് ഉദ്പന്നങ്ങളില്‍ നാലിനങ്ങള്‍ ക്രിസ്ത്മസ് തലേന്ന് വിപണിയില്‍ നിന്നും മടക്കി എടുത്തിരുന്നു.
ഒരു മുന്‍കരുതല്‍ എന്ന നിലയില്‍ വിപണിയില്‍ നിന്നും പിന്‍വലിച്ച ഉദ്പന്നങ്ങള്‍ മൈല്‍ഡ് ആന്‍ഡ് ക്രീമി ലങ്കാഷയര്‍, ടേസ്റ്റി ലങ്കാഷയര്‍, മെച്യുര്‍ ലങ്കാഷയര്‍, സ്മോക്ക്ഡ് ലങ്കാഷയര്‍ എന്നിവയാണ്. നമ്പര്‍ 1 ഫാംഹൗസ് കിര്‍ഖാംസ് ലങ്കാഷയര്‍ ചീസ്, (ഒക്ടോബര്‍ 30 മുതല്‍ ജനുവരി 16 വരെ യൂസ് ബൈ ഡേറ്റ് ഉള്ളത്) വെയ്റ്റ്റോസ് പിന്‍വലിച്ചിട്ടുണ്ട്. മിസിസ്സ് കിര്‍ഖാംസിനുള്ള എല്ലാ ഓര്‍ഡറുകളും മരവിപ്പിക്കുകയും അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.
എന്നാല്‍, ഉദ്പന്നങ്ങളി ഈ പ്രത്യേക ഇനം ഇ- കോളി ബാക്ടീരീയയുടെ സാന്നിദ്ധ്യം സ്ഥിരീകരിക്കുന്നതിനുള്ള പരിശോധനകള്‍ ഒന്നും തന്നെ ഇതുവരെ നടന്നിട്ടില്ല എന്നാണ് മിസിസ്സ് കിര്‍ഖാംസ് വക്താവ് അറിയിച്ചത്. ഉദ്പന്നങ്ങള്‍ എല്ലാം തന്നെ വിപണിയില്‍ നിന്നും പിന്‍വലിക്കുന്നത അതീവ ക്ലേശകരമാണെന്നും അവര്‍ പറഞ്ഞു.
പരിശോധന ലബോറട്ടറികള്‍ വീണ്ടും തുറന്ന് പരിശോധനകള്‍ ആരംഭിക്കുന്നത് വരെ ഒന്നും ചെയ്യാനാകാത്ത അവസ്ഥയാണെന്നും അവര്‍ പറയുന്നു. അതിനിടെ യു കെയില്‍ ചുരുങ്ങിയത് 30 പേര്‍ക്കെങ്കിലും എസ് ടി ഇ സി ബാധിച്ചതായി യു കെ എച്ച് എസ് എയിലെ ഗാസ്ട്രോീന്റെസ്റ്റിനല്‍ ഇന്‍ഫെക്ഷന്‍സ് ആന്‍ഡ് ഫുഡ് സേഫ്റ്റി ഡയറക്ടര്‍ ആമി ഡഗ്ലസ് പറഞ്ഞു. നിങ്ങള്‍ക്ക് അതിസാരമോ ഛര്‍ദ്ദിയോ ഉണ്ടെങ്കില്‍ രോഗബാധ മറ്റുള്ളവരിലേക്ക് പകരാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും അവര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.
കൈകള്‍ സോപ്പും ഇളം ചൂടുള്ള വെള്ളവും ഉപയോഗിച്ച് കഴുകുന്നതും പ്രതലങ്ങള്‍ വൃത്തിയാക്കുവാന്‍ ബ്ലീച്ച് അടിസ്ഥിത ഉദ്പന്നങ്ങള്‍ ഉപയോഗിക്കുന്നതും രോഗബാധ പടരാതിരിക്കാന്‍ സഹായിക്കും. ഈ ലക്ഷണങ്ങള്‍ ഉണ്ടെങ്കിലോ, ലക്ഷണങ്ങള്‍ അപ്രത്യക്ഷമായതിനുശേഷം 48 മണിക്കൂര്‍ നേരത്തേക്കോമറ്റുള്ളവര്‍ക്കായി ഭക്ഷണം പാചകം ചെയ്യരുതെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു.
കഠിനമായ് വയറുവേദന, അതിസാരം (ചിലപ്പോള്‍ രക്തത്തോട് കൂടിയത്) ഛര്‍ദ്ദി, പനി എന്നിവയാണ് എസ് ടി ഇ സിയുടെ പ്രധാന ലക്ഷണങ്ങള്‍ എച്ച് യു എസ് ബാധയുണ്ടെങ്കില്‍ മൂത്രമൊഴിക്കുന്നത് കുറയുക, അതിയായ ക്ഷീണം അനുഭവപ്പെടുക, കവിളിലേയും കണ്‍പോളകള്‍ക്ക് ഉള്ളിലേയും പിങ്ക് നിറം അപ്രത്യക്ഷമാവുക തുടങ്ങിയ ലക്ഷണങ്ങള്‍ ആയിരിക്കും. ലക്ഷണങ്ങള്‍ കാണപ്പെട്ടാല്‍ ഉടനടി ഡോക്ടറുടെ സേവനം തേടാനാണ് വിദഗ്ദരുടെ നിർദേശം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല