സ്വന്തം ലേഖകൻ: അപ്രതീക്ഷിതമായ ഒക്ടോബര്‍ മാസത്തില്‍ ബ്രിട്ടീഷ് സാമ്പത്തിക മേഖലയില്‍ 0.3 ശതമാനത്തിന്റെ വളര്‍ച്ചക്കുറവ് ഉണ്ടായത്. സാധാരണക്കാരും വ്യാപാരി-വ്യവസായികളുമൊക്കെ കുതിച്ചുയരുന്ന ജീവിത ചെലവുകളുടെ പശ്ചാത്തലത്തില്‍ കടുത്ത പ്രതിസന്ധി നേരിടുന്നതിനിടയിലാണിത്. ഇതോടെ ബ്രിട്ടന് ഒരു സാമ്പത്തിക മാന്ദ്യത്തിലേക്ക് കൂപ്പുകുത്താനുള്ള സാധ്യതകള്‍ വര്‍ദ്ധിക്കുകയാണെന്ന് സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തുന്നു.
സെപ്റ്റംബറിൽ 0.2 ശതമാനത്തിന്റെ വളര്‍ച്ച രേഖപ്പെടുത്തിയതിന് ശേഷം ഒക്ടോബറി ജി ഡി പിയില്‍ 0.3 ശതമാനത്തിന്റെ കുറവുണ്ടായതായി ഓഫീസ് ഫോര്‍ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്സ് പറയുന്നു. സമ്പദ്ഘടനയുടെ എല്ലാ പ്രധാന മേഖലകളിലും ഈ തകര്‍ച്ച ദൃശ്യമായിട്ടുണ്ട്. പല സാമ്പത്തിക വിദഗ്ധരും പൂജ്യം ശതമാനം വളര്‍ച്ചയാണ് പ്രവചിക്കുന്നത്.
ബ്രിട്ടീഷ് സാമ്പദ്ഘടനക്ക് കാര്യമായ സംഭാവനകള്‍ നല്‍കിയിരുന്ന, ഐ ടി, നിയമ സ്ഥാപനങ്ങള്‍, സിനിമാ നിര്‍മ്മാണം എന്നീ മേഖലകളിലെല്ലാം തന്നെ ഈ തകര്‍ച്ച ദൃശ്യമായിട്ടുണ്ട്. അതിനോടൊപ്പമാണ് ഉദ്പാദന മേഖലയിലും കെട്ടിട നിര്‍മ്മാണ മേഖലയിലും വ്യാപകമായ തകര്‍ച്ചയുണ്ടായത്. മോശം കാലാവസ്ഥ, ഈ മേഖലകളെ ഏതാണ്ട് നിശ്ചലമാക്കുകയും ചെയ്തിരുന്നു.
ഈ സൂചനകള്‍ നല്‍കുന്നത് വര്‍ഷത്തിന്റെ നാലാം പാദത്തില്‍ സാമ്പത്തിക വളര്‍ച്ച ഉണ്ടാകില്ലെന്നോ അല്ലെങ്കില്‍ ചെറിയ രീതിയിലുള്ള സാമ്പത്തിക മാന്ദ്യം ഉണ്ടായേക്കാം എന്നോ ആണെന്ന് കാപിറ്റല്‍ എക്കണോമിക്സിലെ സാമ്പത്തിക കാര്യ വിദഗ്ധന്‍ പോള്‍ ഡെയ്ല്സ് പറയുന്നു. പണപ്പെരുപ്പം പ്രതീക്ഷിച്ച രീതിയില്‍ കുറയുന്നില്ലെങ്കില്‍ കൂടി, നാളെ നടക്കുന്ന യോഗത്തില്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്കില്‍ വര്‍ദ്ധനവ് പ്രഖ്യാപിക്കില്ലെന്നാണ് ലഭിക്കുന്ന വിവരം.
കഴിഞ്ഞ കുറേ മാസങ്ങളായി പണപ്പെരുപ്പ നിരക്ക് കുറയുന്നുണ്ടെങ്കിലും, സര്‍ക്കാര്‍ ഉദ്ദേശിക്കുന്ന 2 ശതമാനത്തിലെത്തിക്കാന്‍ ഇനിയും വായ്പകള്‍, ചെലവേറിയതായി നിര്‍ത്തേണ്ടതുണ്ട് എന്നാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ട് പറയുന്നത്. സെപ്റ്റംബറില്‍ 6.7 ശതമാനം ഉണ്ടായിരുന്ന പണപ്പെരുപ്പം ഒക്ടോബറില്‍ 4.6 ശതമാനത്തില്‍ എത്തിയിരുന്നു.
നവംബറിലെ പണപ്പെരുപ്പത്തിന്റെ ഔദ്യോഗിക നിരക്ക് സര്‍ക്കാര്‍ അടുത്ത ബുധനാഴ്ച്ചയെ പ്രസിദ്ധീകരിക്കുകയുള്ളു. പണപ്പെരുപ്പ നിരക്ക് കുറയുന്നു എന്നതുകൊണ്ട്, സാധനങ്ങള്‍ക്ക് വില കുറയുന്നു എന്നര്‍ത്ഥമില്ല. വില കൂടുന്നതിന്റെ വേഗത കുറയുന്നു എന്നുമാത്രം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല