സ്വന്തം ലേഖകൻ: കുടിയേറ്റ വിഷയം ചര്‍ച്ചക്ക് വരുമ്പോള്‍ പലരും ഉന്നയിക്കുന്ന ഒരു വാദമാണ് ബ്രിട്ടീഷ് സമ്പദ്ഘടനയുടെ വളര്‍ച്ചക്ക് കുടിയേറ്റം പ്രോത്സാഹിപ്പിക്കണം എന്നത്. എന്നാല്‍, തീരെ കഴമ്പില്ലാത്ത ഒരു വാദമാണ് അതെന്ന് തെളിയിച്ചുകൊണ്ട് പുതിയൊരു പഠന റിപ്പോര്‍ട്ട് പുറത്തു വന്നിരിക്കുന്നു. നിയമപരമായി യു കെയില്‍ എത്തി തൊഴില്‍ ഒന്നുമില്ലാതെ കഴിയുന്ന വിദേശികള്‍ 2020 മുതല്‍ സര്‍ക്കാര്‍ ഖജനാവിന് വരുത്തിയ ബാദ്ധ്യത 24 ബില്യന്‍ പൗണ്ട് വരുമെന്നാണ് ഈ റിപ്പോര്‍ട്ടില്‍ പറയുന്നത്.
സാമ്പത്തികമായി നിഷ്‌ക്രിയമായ വിഭാഗത്തില്‍ നിന്നും മാറ്റി നിര്‍ത്തിയിട്ടുള്ള വിദ്യാര്‍ത്ഥികളുടെ കണക്ക് ഇതില്‍ ഉള്‍പ്പെടുന്നില്ല. വിദേശ വിദ്യാര്‍ത്ഥികള്‍ ഉണ്ടാക്കുന്ന ബാദ്ധ്യത കൂടി കണക്കിലെടുത്താല്‍ മൊത്തം ബാദ്ധ്യത ഏതാണ് 36 ബില്യണോളം വരും ഞെട്ടിപ്പിക്കുന്ന ക്ണക്കുകള്‍ വെളിപ്പെടുത്തുന്നത് ബ്രിട്ടീഷ് കുടിയേറ്റ നിയമങ്ങളിലെ പഴുതുകളാണെന്ന അഭിപ്രായം ഉയരുന്നുണ്ട്.
പഴുതുകള്‍ ഉപയോഗിച്ച് ബ്രിട്ടനിലെത്തുന്നവര്‍ ഹൗസിംഗ് ബെനെഫിറ്റ്, യൂണിവേഴസല്‍ ക്രെഡിറ്റ്, ചൈല്‍ഡ് ബെനെഫിറ്റ് മറ്റ് ആനുകൂല്യങ്ങള്‍ കൈപ്പറ്റുന്നു. മാത്രമല്ല, രാജ്യത്തിന് കാര്യമായ സംഭാവനകള്‍ നല്‍കാതെ എന്‍ എച്ച് എസ്, സ്‌കൂളുകള്‍ തുടങ്ങിയ സൗകര്യങ്ങള്‍ ഉപയോഗിക്കുകയും ചെയ്യുന്നു എന്ന ആരോപണം ഉയരുന്നുണ്ട്. സാമ്പത്തിക അഭിവൃദ്ധിക്ക് കുടിയേറ്റം ആവശ്യമാണെന്ന സര്‍ക്കാരിന്റെയും ചില സാമ്പത്തിക വിദഗ്ധരുടെയും അഭിപ്രായങ്ങളെ ചോദ്യം ചെയ്യുക കൂടിയാണ് ഈ കണ്ടെത്തലുകള്‍.
ഓഫീസ് ഫോര്‍ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്സ് കഴിഞ്ഞയാഴ്ച്ച പുറത്തിറക്കിയ ഏറ്റവും പുതിയ കണക്കുകളെ അടിസ്ഥാനമാക്കി സെന്റര്‍ ഫോര്‍ മൈഗ്രേഷന്‍ കണ്‍ട്രോള്‍ ആണ് ഈ റിപ്പോര്‍ട്ട് പുറത്തുവിട്ടത്. സാമ്പത്തിക പുരോഗതിക്ക് അതിര്‍ത്തികള്‍ തുറന്നിടുക എന്നത് ഒറ്റമൂലിയാണെന്ന ചിന്ത തെറ്റാണെന്ന് സെന്റര്‍ പ്രതിനിധി പറഞ്ഞു. യു കെഇപ്പോള്‍ ഒരു സാമ്പത്തിക മാന്ദ്യത്തെ അഭിമുഖീകരിക്കുകയാണ്. പ്രതിശീര്‍ഷ വരുമാനം കൂപ്പു കുത്തുമ്പോള്‍ നയം രൂപീകരിക്കുന്നവര്‍ കുടിയേറ്റം വര്‍ദ്ധിപ്പിക്കാന്‍ ശ്രമിക്കുകയാണെന്നുംവക്താവ് കുറ്റപ്പെടുത്തി.
നെറ്റ് മൈഗ്രേഷന്‍ നിരക്ക് വര്‍ദ്ധിച്ചു വരുന്നതിനെ കുറിച്ചും റിപ്പോര്‍ട്ടില്‍ ആശങ്ക രേഖപ്പെടുത്തുന്നുന്റ്. അതിനിടയില്‍ ലെബര്‍ ഫോഴ്സ് സര്‍വ്വേയില്‍ നിന്നുള്ള ഏറ്റവും പുതിയ കണക്കുകളും കഴിഞ്ഞ ചൊവ്വാഴ്ച്ച ഒ എന്‍ എസ് പുറത്തു വിട്ടിരുന്നു. അതിന്‍ പ്രകാരം 16 മുതല്‍ 64 വയസ്സുവരെയുള്ള പ്രായക്കാര്‍ക്കിടയില്‍ 7,24,000 ല്‍ അധികം ബ്രിട്ടീഷുകാരല്ലാത്തവര്‍ സാമ്പത്തികമായി നിഷ്‌ക്രിയമാണെന്ന് പറയുന്നു. കഴിഞ്ഞ ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള കണക്കാണിത്.
നേരത്തെ 2020 ല്‍ 6,23,500 ബ്രിട്ടീഷുകാര്‍ സാമ്പത്തികമായി നിര്‍ജ്ജീവമായിരുന്നു എന്ന് കണ്ടെത്തിയിരുന്നു. 2021 ല്‍ ഇത് 6, 23,250 ഉം 2022 ല്‍ 7,40,000 ഉം കഴിഞ്ഞ വര്‍ഷം 7,11,500 ഉം ആയിരുന്നു. അതായത് കഴിഞ്ഞ അഞ്ച് വര്‍ഷക്കാലത്തിനിടയില്‍ സാമ്പത്തികമായി നിഷ്‌ക്രിയരായ കുടിയേറ്റക്കാരുടെ എണ്ണത്തില്‍ 16 ശതമാനം വര്‍ദ്ധനവ് ഉണ്ടായി എന്നര്‍ത്ഥം. ഇവരില്‍ പലരും ആനുകൂല്യങ്ങള്‍ കൈപ്പറ്റുന്നവരാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല