സ്വന്തം ലേഖകന്‍: ബ്രിട്ടനില്‍ ഭരണം പിടിക്കാന്‍ കൊണ്ടുപിടിച്ച ശ്രമങ്ങളുമായി തെരേസാ മേയും കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയും, ചെറു പാര്‍ട്ടികളുമായി സഖ്യത്തിന് ശ്രമം തുടരുന്നു, സര്‍ക്കാരുണ്ടാക്കാനുള്ള തെരേസാ മേയുടെ ശ്രമം മരിച്ച സ്ത്രീയുടെ നടത്തം പോലെയാണെന്ന പരിഹാസവുമായി മുന്‍ ധനകാര്യ മന്ത്രി ജോര്‍ജ് ഓസ്‌ബോണ്‍ രംഗത്ത്. സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ ശ്രമിക്കുന്ന പ്രധാനമന്ത്രി തെരേസ മേയ് ഡെമോക്രാറ്റിക് യൂണിയനിസ്റ്റ് പാര്‍ട്ടിയുമായി (ഡി.യു.പി.) നടത്തുന്ന ചര്‍ച്ചകള്‍ തുടരുകയാണ്.
സര്‍ക്കാറില്‍ ഇരു പാര്‍ട്ടികളുടെയും സഹകരണം എങ്ങനെയായിരിക്കും എന്നതിനെക്കുറിച്ച് ഡി.യു.പി. നേതാവ് ആര്‍ലിന്‍ ഫോസ്റ്ററും മേയും ചൊവ്വാഴ്ച ചര്‍ച്ച ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്. അതേസമയം വടക്കന്‍ അയര്‍ലന്‍ഡിലെ അതിയാഥാസ്ഥിതിക കക്ഷിയായ ഡി.യു.പി.യുമായി മേയ് സഖ്യമുണ്ടാക്കുന്നതില്‍ രാജ്യവ്യാപകമായി പ്രതിഷേധമുയരുന്നുണ്ട്. സഖ്യശ്രമത്തെ അപലപിച്ചുള്ള പരാതിയില്‍ ആറുലക്ഷത്തിലേറെപ്പേര്‍ ഒപ്പിട്ടു.
മേയ്ക്ക് അധികാരത്തില്‍ത്തുടരാന്‍ ധാര്‍മികമായ അവകാശമില്ലെന്നുപറഞ്ഞ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയില്‍ പാളയത്തിലെ പടയും ഒരുങ്ങുന്നുണ്ട്. വിദേശ കാര്യസെക്രട്ടറി ബോറിസ് ജോണ്‍സണ്‍ മേയെ അട്ടമറിക്കാനുള്ള ശ്രമം തുടങ്ങിയെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍, ഇത് അസംബന്ധമാണെന്ന് ജോണ്‍സണ്‍ പ്രതികരിച്ചു. സര്‍ക്കാറുണ്ടാക്കാനുള്ള മേയുടെ ശ്രമം ‘മരിച്ച സ്ത്രീയുടെ നടത്തം’പോലെയാണെന്ന് മുന്‍ധനമന്ത്രിയും കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയംഗവുമായ ജോര്‍ജ് ഓസ്‌ബോണ്‍ പരിഹസിച്ചത് വിവാദമായി. ബിബിസിയുടെ ആന്‍ഡ്രൂ മാര്‍ ഷോയിലാണ് അദ്ദേഹം മേയ്‌ക്കെതിരേ രൂക്ഷമായ ഭാഷയില്‍ ആഞ്ഞടിച്ചത്. മേ എത്രയും വേഗം പ്രധാനമന്ത്രി സ്ഥാനത്തുനിന്നും രാജിവയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഈ മാസം എട്ടിനു നടന്ന ഇടക്കാല തെരഞ്ഞെടുപ്പിനു മുന്നോടിയായി നടന്ന പ്രചാരണത്തില്‍ തെരേസ മേ സ്വന്തം വിജയത്തിനു വേണ്ടി മാത്രമാണ് പ്രവര്‍ത്തിച്ചതെന്ന് ഓസ്‌ബോണ്‍ കുറ്റപ്പെടുത്തി. പാര്‍ട്ടി പരമ്പരാഗതമായി വിജയിച്ചിരുന്ന സീറ്റുകളായിരുന്നു ഓക്‌സ്‌ഫോഡ് ഈസ്റ്റ്, ബ്രൈറ്റണ്‍ കെംപ്ടൗണ്‍, ബാത്ത് തുടങ്ങിയവ. എന്നാല്‍ ഇപ്രാവിശ്യം അത് ലേബര്‍ പാര്‍ട്ടിയോടും ലിബറല്‍ ഡമോക്രാറ്റിക് പാര്‍ട്ടിയോടും പരാജയമേറ്റു വാങ്ങിയതായും അദ്ദേഹം പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല