1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 10, 2017

സ്വന്തം ലേഖകന്‍: കണക്കുകൂട്ടലുകള്‍ തെറ്റി തെരേസാ മേയും കണസര്‍വേറ്റീവ് പാര്‍ട്ടിയും, ബ്രിട്ടനില്‍ പ്രധാനമന്ത്രിയുടെ രാജിക്കായി മുറവിളി, ജനപ്രിയനായി ജെറമി കോര്‍ബിന്‍, പ്രാദേശിക പാര്‍ട്ടികളുമായി കൈകോര്‍ത്ത് ഭരണം പിടിക്കാന്‍ നെട്ടോട്ടം. തെരഞ്ഞെടുപ്പു ഫലം പുറത്തുവന്നപ്പോള്‍ 318 സീറ്റുകളുമായി ഏറ്റവും വലിയ ഒറ്റക്കക്ഷിയായ തെരേസയുടെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി കേവല ഭൂരിപക്ഷം നഷ്ടമായെങ്കിലും ഏതുവിധേനെയും ഭരണം പിടിക്കാനുള്ള ശ്രമത്തിലാണ് നേതാക്കള്‍.

326 സീറ്റുകളാണ് ബ്രിട്ടീഷ് പാര്‍ലമെന്റില്‍ കേവല ഭൂരിപക്ഷത്തിനു വേണ്ടത്. 10 സീറ്റുകളുള്ള പ്രാദേശിക പാര്‍ട്ടിയായ ഡെമോക്രാറ്റിക് യൂണിയനിസ്റ്റുകളുമായി ചേര്‍ന്ന് ഭരണത്തിലെത്താനാണ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നീക്കങ്ങള്‍ നടത്തുന്നത്. തെരഞ്ഞെടുപ്പില്‍ താരമായത് ലേബര്‍ പാര്‍ടി നേതാവ് ജെറെമി കോര്‍ബിനാണ്. ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ അടിസ്ഥാന സവിശേഷതയായ ജനപക്ഷ നിലപാടുകള്‍ ശക്തിയായി ഉയര്‍ത്തിപ്പിടിച്ചായിരുന്നു കോര്‍ബിന്റെ തെരഞ്ഞെടുപ്പു പ്രചാരണം.

ആരോഗ്യം, വിദ്യാഭ്യാസം, റെയില്‍വേ തുടങ്ങിയ മേഖലകളെല്ലാം ദേശസാല്‍ക്കരിക്കുമെന്ന സുപ്രധാന വാഗ്ദാനമാണ് അദ്ദേഹം മുന്നോട്ടുവച്ചത്. വിദ്യാര്‍ഥികളുടെ ട്യൂഷന്‍ ഫീ ഒഴിവാക്കുമെന്ന പ്രഖ്യാപനം യുവജനങ്ങളുടെ വലിയ പിന്തുണ കോര്‍ബിന് നേടിക്കൊടുത്തു. പെന്‍ഷന്‍ സംരക്ഷിക്കുമെന്നും തൊഴിലാളിതാല്‍പ്പര്യം ഉയര്‍ത്തിപ്പിടിക്കുമെന്നും പ്രഖ്യാപിച്ച അദ്ദേഹം പ്രാഥമികവിദ്യാഭ്യാസത്തിനായി പ്രത്യേക വിഹിതം നീക്കിവയ്ക്കുമെന്നും വ്യക്തമാക്കി.

യൂറോപ്യന്‍ രാജ്യങ്ങളാകെ ചെലവുചുരുക്കല്‍ നയങ്ങള്‍ നടപ്പാക്കുകയും ജനക്ഷേമപദ്ധതികളില്‍നിന്ന് പിന്മാറുകയുംചെയ്യുന്ന കാലത്ത് കോര്‍ബിന്റെ ശക്തമായ നിലപാടുകള്‍ ലേബര്‍ പാര്‍ടിക്ക് ജനപ്രിയത തിരിച്ചു പിടിക്കാനായതാണ് തെരഞ്ഞെടുപ്പു ഫലം കാണിക്കുന്നതെന്ന് നിരീക്ഷകര്‍ പറയുന്നു. അതേസമയം കേവലഭൂരിപക്ഷത്തിനു 326 സീറ്റ് വേണ്ട പാര്‍ലമെന്റില്‍ 2020 വരെ ഭരിക്കാനുള്ള വ്യക്തമായ ഭൂരിപക്ഷമായ 330 സീറ്റുകള്‍ കയ്യിലിരിക്കേയാണു തെരേസാ മേയ് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. ബ്രെക്‌സിറ്റിന് യൂറോപ്യന്‍ യൂണിയനുമായുള്ള ചര്‍ച്ചയ്ക്ക് തന്റെ കരങ്ങള്‍ക്ക് ശക്തി വര്‍ധിപ്പിക്കാന്‍ വേണ്ടിയായിരുന്നു ഇത്.

എന്നാല്‍ പാര്‍ലമെന്റില്‍ ഭൂരിപക്ഷം വര്‍ധിപ്പിക്കുകയെന്ന പ്രഖ്യാപിത ലക്ഷ്യം പാളിയതും നിലവിലുണ്ടായിരുന്ന സീറ്റു പോലും നിലനിര്‍ത്താന്‍ കഴിയാതിരുന്നതും തെരേസാ മേയുടെ രാഷ്ട്രീയ ഭാവിയില്‍ നിഴല്‍ വീഴ്ത്തിയിരിക്കുകയാണ്. ജെറമി കോര്‍ബിന്‍ ഉള്‍പ്പെടെ നിരവധി കോണുകളില്‍ നിന്ന് പ്രധാനമന്ത്രിയുടെ രാജി ആവശ്യപ്പെട്ടു കഴിഞ്ഞു. മുന്‍ ഡപ്യൂട്ടി പ്രധാനമന്ത്രിയും ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവുമായ നിക്ക് ക്ലെഗ് ആണ് ഈ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട പ്രമുഖന്‍. സ്‌കോട്ടിഷ് നാഷണല്‍ പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവും മുന്‍ സ്‌കോട്ടീഷ് ഫസ്റ്റ് മിനിസ്റ്ററുമായ അലക്‌സ് സാല്‍മണ്ടും പരാജയപ്പെട്ട പ്രമുഖരില്‍പെടുന്നു.

സ്വതന്ത്ര സ്‌കോട്ട്‌ലന്‍ഡ് വാദമുയര്‍ത്തി രണ്ടാം സ്‌കോട്ടിഷ് റഫറണ്ടത്തിനായി മുറവിളി കൂട്ടിയ സ്‌കോട്ടിഷ് നാഷണല്‍ പാര്‍ട്ടിയുടെ അലക്‌സ് സാല്‍മണ്ടിനെപ്പോലുള്ള പ്രമുഖരുടെ പരാജയം സ്വതന്ത്ര സ്‌കോട്ട്‌ലന്‍ഡ് വാദത്തിനും തിരിച്ചടിയായി. ആകെയുള്ള 650 സീറ്റുകളില്‍ മുഖ്യപ്രതിപക്ഷമായ ലേബറിന് 261 സീറ്റും മറ്റൊരു ദേശീയ പാര്‍ട്ടിയായ ലിബറല്‍ ഡെമോക്രാറ്റുകള്‍ക്ക് 12 സീറ്റും ലഭിച്ചു. സ്‌കോട്ടിഷ് നാഷണല്‍ പാര്‍ട്ടിക്ക് 35 സീറ്റും അയര്‍ലന്‍ഡിലെ പ്രധാന പ്രാദേശിക പാര്‍ട്ടിയായ ഡെമോക്രാറ്റിക് യൂണിയനിസ്റ്റ് പാര്‍ട്ടിക്ക് 10 സീറ്റും ലഭിച്ചു. യുകെ ഇന്‍ഡിപെന്‍ഡന്‍സ് പാര്‍ട്ടി, ഗ്രീന്‍ പാര്‍ട്ടി തുടങ്ങിയ കക്ഷികള്‍ക്ക് സീറ്റൊന്നും ലഭിച്ചില്ലെന്നതും ശ്രദ്ധേയമായി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.