1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 9, 2017

സ്വന്തം ലേഖകന്‍: ബ്രിട്ടീഷ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ തെരേസാ മേയ്ക്ക് തിരിച്ചടി, കേവല ഭൂരിപക്ഷം നേടാനാകാതെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി, മികച്ച പ്രകടനവുമായി ലേബര്‍ പാര്‍ട്ടി രണ്ടാം സ്ഥാനത്ത്, തൂക്കു മന്ത്രിസഭക്ക് സാധ്യത തെളിയുന്നു. തെരഞ്ഞെടുപ്പിനു മുമ്പുള്ള അഭിപ്രായ സര്‍വേ ഫലങ്ങള്‍ ശരിവച്ച് കണ്‍സര്‍വേറ്റീസ് പാര്‍ട്ടി ബ്രിട്ടീഷ് പാര്‍ലമെന്റ് തെരെഞ്ഞെടുപ്പില്‍ ഒന്നാമതെത്തി. ലേബര്‍ പാര്‍ട്ടി 262 സീറ്റുകളുമായി തൊട്ടുപിന്നിലെത്തിയപ്പോള്‍ സ്‌കോട്ടീഷ് നാഷനല്‍ പാര്‍ട്ടിക്ക് 35 ഉം ലിബറല്‍ ഡമോക്രാറ്റിനു 12 ഉം ഡമോക്രാറ്റിക് യൂണിയനിസ്റ്റിനു 10 ഉം മറ്റുള്ളവര്‍ക്ക് 12 ഉം സീറ്റുകള്‍ ലഭിച്ചു.

കേവല ഭൂരിപക്ഷത്തിന് 326 സീറ്റുകള്‍ വേണമെന്നിരിക്കെ, ഒരു പാര്‍ട്ടിക്കും ഒറ്റക്ക് ഭരിക്കാന്‍ സാധ്യതയില്ലെന്ന് ഉറപ്പായി. പ്രധാനമന്ത്രി തെരേസ മേ നേതൃത്വം നല്‍കുന്ന കണ്‍സര്‍വേറ്റീവ് പാര്‍ട്ടി ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുമെങ്കിലും ഒറ്റയ്ക്ക് ഭരണം ലഭിക്കാനിടയില്ല. ഇതോടെ, ബ്രിട്ടനില്‍ തൂക്കുമന്ത്രി സഭയ്ക്കു സാധ്യതയേറി. പിരിച്ചുവിട്ട സഭയില്‍ കണ്‍സര്‍വേറ്റിവ് പാര്‍ട്ടിക്കു 330 സീറ്റും ലേബര്‍ പാര്‍ട്ടിക്ക് 229 സീറ്റുമാണുണ്ടായിരുന്നത്.

വോട്ടെണ്ണലിന്റെ ആരംഭം മുതല്‍ ലീഡു നിലനിര്‍ത്തിയ ലേബര്‍ പാര്‍ട്ടി കണ്‍സര്‍വേറ്റീവ് പാര്‍ട്ടി കോട്ടകളായ 23 സീറ്റുകളും വെട്ടിപ്പിടിച്ചു. എന്നാല്‍, വോട്ടെണ്ണല്‍ പുരോഗമിച്ചപ്പോള്‍ നില മെച്ചപ്പെടുത്തിയ കണ്‍സര്‍വേറ്റീവുകള്‍ ശക്തമായി തിരിച്ചുവരികയായിരുന്നു. പ്രധാനമന്ത്രി തെരേസാ മേയ് മെയ്ഡന്‍ഹെഡില്‍നിന്ന് ജയിച്ചു കയറിയപ്പോള്‍ ലേബര്‍ പാര്‍ട്ടി നേതാവ് ജെറമി കോര്‍ബിന്‍ ഇസ്!ലിങ്ടണില്‍ വിജയിച്ചു.

ജനവിധി പ്രതികൂലമായ സാഹചര്യത്തില്‍ തേരേസ മേ എത്രയും പെട്ടെന്ന് പ്രധാനമന്ത്രി പദം ഒഴിയണമെന്ന് ജനവിധിയോട് ജെറമി കോര്‍ബിന്‍ പ്രതികരിച്ചപ്പോള്‍ ബ്രിട്ടനില്‍ സ്ഥിരതയുള്ള ഒരു ഭരണം ഉറപ്പു വരുത്തുമെന്നായിരുന്നു തെരേസാ മേയുടെ പ്രതികരണം. നാലു കോടി 69 ലക്ഷം വോട്ടര്‍മാരാണ് വിധി നിര്‍ണയത്തില്‍ പങ്കാളികളായത്. 56 ഇന്ത്യന്‍ വംശജരുള്‍പ്പെടെ 3,300 സ്ഥാനാര്‍ഥികളാണ് ഇക്കുറി മത്സരരംഗത്തുള്ളത്. കഴിഞ്ഞ തെരഞ്ഞെടുപ്പിനേക്കാള്‍ അഞ്ചുലക്ഷം വോട്ടര്‍മാര്‍ ഇക്കുറി പുതുതായി വോട്ടര്‍ പട്ടികയിലുണ്ടായിരുന്നു.

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.