സ്വന്തം ലേഖകൻ: ഒഫ്ജെമ്മിന്റെ പുതിയ പ്രൈസ് ക്യാപ് അനുസരിച്ച് ഊര്‍ജ്ജ ബില്ലില്‍ 293 പൗണ്ട് വരെ കുറവ് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബ്രിട്ടീഷ് ഗ്യാസ്, ഒ വി ഒ, ഇ ഡി എഫ്, ഇ കോണ്‍, ഒക്ടോപസ് ഉപഭോക്താക്കള്‍ക്ക് ഊര്‍ജബില്‍ പ്രതിവര്‍ഷം 1928 പൗണ്ട് എന്നതില്‍ നിന്നും ഏപ്രില്‍ 1 മുതല്‍ പ്രതിവര്‍ഷം 1,635 പൗണ്ടായി കുറയും. അതായത് നിലവിലെ ശരാശരി ബില്‍ തുകയില്‍ നിന്നും 15 ശതമാനത്തിന്റെ കുറവായിരിക്കും ഉണ്ടാവുക.
കുറഞ്ഞ ഊര്‍ജ്ജ ബില്‍ പല കുടുംബങ്ങളുടെയും സാമ്പത്തിക പ്രതിസന്ധിക്ക് വലിയൊരു അളവു വരെ പരിഹാരമാകുമെന്ന് എനര്‍ജി സേവിംഗ് ട്രസ്റ്റ് ചീഫ് എക്സിക്യുട്ടീവ് മൈക്ക് തോണ്‍ടണ്‍ പറയുന്നു. എന്നാല്‍, തികച്ചും അസ്ഥിരമായ അന്താരാഷ്ട്ര വിപണിയില്‍ വില വര്‍ദ്ധനവും ഉണ്ടാകാന്‍ ഇടയുള്ളതിനാല്‍ ബ്രിട്ടനിലെ ഊര്‍ജ ബില്‍ നിരക്കുകള്‍ കൂടിയും കുറഞ്ഞുമിരിക്കാന്‍ സാധ്യതയുണ്ട്.
അതേസമയം, യു കെ യില്‍ ഊര്‍ജ്ജ സുരക്ഷ ഉറപ്പാക്കുക എന്നതാണ് വിലയിലുണ്ടാകുന്ന മാറ്റങ്ങള്‍ പൊതുജനങ്ങളെ ബാധിക്കാതിരിക്കുന്നതിനുള്ള മാര്‍ഗ്ഗം എന്ന അഭിപ്രായവും ഉയര്‍ന്ന് വരുന്നുണ്ട്. ആളുകള്‍ കുറച്ച് ഊര്‍ജ്ജം ഉപയോഗിക്കുന്ന തരത്തിലുള്ള പിന്തുണ നല്‍കുക എന്നതാണ് ഊര്‍ജ്ജ സുരക്ഷ ഉറപ്പാക്കാന്‍ ഏറ്റവും അനുയോജ്യമായ മാര്‍ഗ്ഗം. ലോ കാര്‍ബണ്‍ ഹീറ്റിംഗ് പ്രോത്സാഹിപ്പിക്കുക, യു കെയിലെ പാരമ്പര്യേതര ഊര്‍ജ്ജ ഉത്പാദനം വര്‍ദ്ധിപ്പിക്കുക തുടങ്ങിയ നിര്‍ദ്ദേശങ്ങളും ഉണ്ട്.
തെരഞ്ഞെടുപ്പ് ഈ വര്‍ഷം നടക്കാനിരിക്കെ രാഷ്ട്രീയ അജണ്ടകളില്‍ ഊര്‍ജ്ജ സുരക്ഷ ഒരു പ്രധാന ഇടം പിടിച്ചിട്ടുണ്ടെങ്കിലും, അതിനായി എടുത്ത നയങ്ങളൊന്നും തന്നെ വേണ്ടത്ര ഫലപ്രദമല്ലെന്ന അഭിപ്രായവും ചില കോണുകളില്‍ നിന്നും ഉയരുന്നുണ്ട്. ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള നടപടികള്‍ കൈക്കൊള്ളാതെ തത്ക്കാല ശാന്തി ആഗ്രഹിച്ചുള്ള തൊലിപ്പുറ ചികിത്സമാത്രമാണ് ഇപ്പോള്‍ നടക്കുന്നതെന്നും വിമര്‍ശകര്‍ ആരോപിക്കുന്നുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല