സ്വന്തം ലേഖകൻ: യുകെയില്‍ അടുത്ത വര്‍ഷത്തോടെ വാര്‍ഷിക എനര്‍ജി ബില്ലുകള്‍ വീണ്ടും 2000 പൗണ്ടിന് മുകളിലേക്ക് വര്‍ദ്ധിക്കുമെന്ന് മുന്നറിയിപ്പ്. ചെലവേറിയ വിന്റര്‍ കടന്നുപോകുന്ന ലക്ഷക്കണക്കിന് കുടുംബങ്ങള്‍ക്ക് കനത്ത തിരിച്ചടിയായി ഈ ബില്‍ വര്‍ദ്ധന മാറും. ജനുവരി 1 മുതല്‍ റെഗുലേറ്റര്‍ ഓഫ്‌ജെം നിശ്ചയിച്ചിട്ടുള്ള പ്രൈസ് ക്യാപ് മൂലം ശരാശരി ഗ്യാസ്, ഇലക്ട്രിസിറ്റി ബില്ലുകള്‍ പ്രതിവര്‍ഷം 2083 പൗണ്ടിലേക്ക് ഉയര്‍ത്തുമെന്ന് അസറ്റ് മാനേജര്‍ ഇന്‍വെസ്റ്റെക് പ്രവചിച്ചു.
നിലവിലെ താരിഫ് നിരക്കില്‍ നിന്നും 8 ശതമാനം വര്‍ദ്ധനവാണ് ഇത്. ഹീറ്റിംഗ് ഓണാക്കി വെയ്ക്കുന്ന ഘട്ടത്തിലാണ് കുടുംബ ബജറ്റില്‍ സമ്മര്‍ദം ഉയര്‍ത്തി ഈ നീക്കം വരുന്നത്. അടുത്ത മാസം ബില്‍ നിരക്കുകള്‍ താഴുന്നത് താല്‍ക്കാലികമാകുമെന്നാണ് റിപ്പോര്‍ട്ട്. പണപ്പെരുപ്പത്തിന്റെ പേരില്‍ മന്ത്രിമാരും, ബാങ്ക് ഓഫ് ഇംഗ്ലണ്ടും തലവേദന അനുഭവിക്കുമ്പോഴാണ് ഈ അവസ്ഥ.
ഇതിനിടെ പണപ്പെരുപ്പം വീണ്ടും ഉയരുമെന്ന് ചാന്‍സലര്‍ ജെറമി ഹണ്ട് മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു. കുടുംബങ്ങളില്‍ നിന്നും ഈടാക്കാന്‍ കഴിയുന്ന താരിഫുകള്‍ക്ക് പരിധി ഏര്‍പ്പെടുത്തിയാണ് ഓഫ്‌ജെം പ്രൈസ് ക്യാപ് നിശ്ചയിക്കുന്നത്. സപ്ലൈയര്‍ക്ക് ആഗോള വിപണിയില്‍ ഗ്യാസിനും, വൈദ്യുതിക്കും കൂടുതല്‍ ചെലവ് നേരിടുന്ന ഘട്ടങ്ങളില്‍ ഈ പരിധി ഓരോ പാദത്തിലും വ്യത്യാസപ്പെടും.
കഴിഞ്ഞ വര്‍ഷം റഷ്യ- യുക്രൈന്‍ യുദ്ധം മൂലം ആഗോള ഗ്യാസ് വില കുതിച്ചുയര്‍ന്നിരുന്നു. ബില്ലുകള്‍ 1000 പൗണ്ടില്‍ നിന്നും 2500 പൗണ്ടിലേക്ക് വരെയാണ് വര്‍ദ്ധിച്ചത്. ബില്ല്യണ്‍ കണക്കിന് പൗണ്ട് നികുതി സബ്‌സിഡി നല്‍കിയാണ് ജനങ്ങളെ സര്‍ക്കാര്‍ ദുരന്തത്തില്‍ നിന്നും രക്ഷിച്ചത്. ജൂലൈയില്‍ ഹോള്‍സെയില്‍ ഗ്യാസ് വിലയില്‍ ഇളവ് വന്നതോടെയാണ് ബില്ലുകള്‍ താഴ്ന്ന് തുടങ്ങിയത്. കഴിഞ്ഞ സമ്മറിന് ശേഷം ആദ്യമായി ഒക്ടോബറിലാണ് പ്രൈസ് ക്യാപ് 1923 പൗണ്ടിലെത്തിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല