സ്വന്തം ലേഖകൻ: ഇംഗ്ലണ്ടില്‍ നഴ്‌സ്-രോഗി അനുപാതം സുരക്ഷിതമല്ലാത്ത നിലയിലെന്ന് മുന്നറിയിപ്പ് നല്‍കി റോയല്‍ കോളേജ് ഓഫ് നഴ്‌സിംഗ്. ഇംഗ്ലണ്ടിലെ എന്‍എച്ച്എസ് 40,000-ലേറെ നഴ്‌സ് വേക്കന്‍സികളുമായി ഒരു വര്‍ഷം തള്ളിനീക്കിയ ഘട്ടത്തിലാണ് ഈ മുന്നറിയിപ്പ്. എന്‍എച്ച്എസ് ഇംഗ്ലണ്ട് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 2023-24 വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ 43,339 ഫുള്‍ ടൈം ഇക്വലന്റ് (എഫ്ടിഇ) രജിസ്റ്റേഡ് നഴ്‌സ് വേക്കന്‍സികളാണുള്ളത്. മുന്‍ പാദത്തില്‍ നിന്നും 8% വര്‍ദ്ധനവാണിത്.
2022-23 ഒന്നാം പാദത്തില്‍ വേക്കന്‍സികള്‍ 46,241-ലേക്ക് കുതിച്ചുയര്‍ന്ന ശേഷം ഒഴിവുകളുടെ എണ്ണം 40,000ന് മുകളില്‍ തുടരുകയാണ്. ഹെല്‍ത്ത് സര്‍വ്വീസില്‍ മുന്‍പത്തേക്കാള്‍ കൂടുതല്‍ നഴ്‌സുമാര്‍ ജോലി ചെയ്യുന്ന ഘട്ടത്തിലും വേക്കന്‍സികള്‍ ഉയര്‍ന്ന നിലയിലാണ്.
എന്‍എച്ച്എസ് വര്‍ക്ക്‌ഫോഴ്‌സ് ഡാറ്റ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 2023 മേയില്‍ 334,690 എഫ്ടിഇ നഴ്‌സുമാരും, ഹെല്‍ത്ത് വിസിറ്റേഴ്‌സുമാണ് ആശുപത്രി, കമ്മ്യൂണിറ്റി സര്‍വ്വീസുകളിലായുള്ളത്. മുന്‍ മാസത്തേക്കാള്‍ 0.2% വര്‍ദ്ധനവാണ് ഇത്. 2009 സെപ്റ്റംബറില്‍ കണക്കുകള്‍ രേഖപ്പെടുത്താന്‍ തുടങ്ങിയത് മുതല്‍ 20% വര്‍ദ്ധനവും വന്നിട്ടുണ്ട്.
എന്നാല്‍ ഡിമാന്‍ഡിനൊപ്പം വേഗത്തില്‍ വര്‍ക്ക്‌ഫോഴ്‌സ് വളരുന്നില്ലെന്ന് ഹെല്‍ത്ത് നേതാക്കള്‍ മുന്നറിയിപ്പ് നല്‍കുന്നു. ഓരോ സമയത്തും 20 രോഗികളെ വരെയാണ് ഒരു നഴ്‌സ് പരിചരിക്കേണ്ടി വരുന്നതെന്ന് ഇംഗ്ലണ്ട് ആര്‍സിഎന്‍ ഡയറക്ടര്‍ പട്രീഷ്യ മാര്‍ക്വിസ് പറഞ്ഞു. നിലവിലെ നഴ്‌സുമാരുടെ അനുപാതം സുരക്ഷിതമല്ലെന്നും അവര്‍ ചൂണ്ടിക്കാണിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല