സ്വന്തം ലേഖകൻ: കോവിഡിന്റെ പുതിയ വകേഭദമായ എരിസ് EG.5.1 എന്ന വേരിയന്റ് യുകെയിൽ അതിവേഗം വ്യാപിക്കുന്നു. യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസി (യുകെഎച്ച്എസ്എ) വെളിപ്പെടുത്തിയിരിക്കുന്നത് രാജ്യത്തെ ഏഴ് കോവിഡ് കേസുകളിൽ ഒന്ന് ഇപ്പോൾ എരിസ് വേരിയന്റാണെന്നാണ്. ഈ പുതിയ വകഭേദം യുകെയിൽ ഏറ്റവും വേഗത്തിൽ വ്യാപിക്കുന്ന രണ്ടാമത്തെ സ്‌ട്രെയിനായി മാറി. യൂറോപ്പ്, ഏഷ്യ, വടക്കേ അമേരിക്ക എന്നിവിടങ്ങളിൽ എരിസ് സാന്നിധ്യം ഉണ്ടെന്ന് റിപ്പോർട്ടുകളുണ്ട്. ജപ്പാനിൽ, കോവിഡ് വൈറസിന്റെ ഒമ്പതാം തരംഗം ആരംഭിച്ചു.
യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസിയുടെ വെബ്‌സൈറ്റിൽ ലഭ്യമായ ഡാറ്റ അനുസരിച്ച്, ജൂലൈ രണ്ടാം വാരത്തിൽ 11.8 ശതമാനം കേസുകൾ എരിസ് ആണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. യുകെഎച്ച്എസ്എയിലെ പ്രതിരോധ കുത്തിവയ്പ്പ് മേധാവി ഡോ. മേരി റാംസെ ഏറ്റവും പുതിയ റിപ്പോർട്ടിൽ വർദ്ധിച്ചുവരുന്ന കോവിഡ് -19 കേസുകളിൽ ആശങ്ക രേഖപ്പെടുത്തി. മിക്ക പ്രായ വിഭാഗങ്ങളിലും, പ്രത്യേകിച്ച് പ്രായമായവരിൽ, ആശുപത്രി പ്രവേശന നിരക്കിൽ നേരിയ വർധനവുണ്ടായിട്ടുണ്ട്. സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്, ഐസിയു പ്രവേശനത്തിൽ സമാനമായ ഒരു കേസും ഉണ്ടായിട്ടില്ലെന്ന് അവർ വ്യക്തമാക്കി.
കോവിഡിന്റെ പുതിയ വകഭേദത്തിന്റെ സമീപകാല വർദ്ധനയുടെ മൂലകാരണം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെങ്കിലും, മോശം കാലാവസ്ഥയും പ്രതിരോധശേഷി കുറയുന്നതും ഇതിൽ ഒരു വലിയ പങ്ക് വഹിക്കുന്നതായി ആരോഗ്യ വിദഗ്ധർ വെളിപ്പെടുത്തി. ഈ പുതിയ വേരിയന്റിൽ നിന്ന് സ്വയം പരിരക്ഷിക്കാനുള്ള ഏറ്റവും നല്ല മാർഗം ശരിയായ ശുചിത്വവും രോഗലക്ഷണങ്ങൾ വികസിക്കുന്ന സാഹചര്യത്തിൽ സാമൂഹിക അകലം പാലിക്കുന്നതുമാണ്. ഇതുവരെ, എറിസിന്റെ പ്രത്യേകമായ ലക്ഷണങ്ങളെ കുറിച്ച് പരാമർശിച്ചിട്ടില്ല. എന്നാൽ, കോവിഡിന് സമാനമായ സാധാരണ പനി പോലുള്ള ലക്ഷണങ്ങൾ പ്രകടമാകുമെന്നാണ് കരുതുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല