സ്വന്തം ലേഖകൻ: യുകെയിലുള്ള ലക്ഷക്കണക്കിന് യൂറോപ്യന്‍ പൗരന്‍മാര്‍ക്ക് വോട്ടവകാശം നല്‍കാനുള്ള പദ്ധതിയുമായി ലേബര്‍ പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് പ്രകടന പത്രിക. ലേബര്‍ പാര്‍ട്ടി തങ്ങളുടെ പൊതു തിരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ ഒരു നൂറ്റാണ്ടിനിടയിലെ ഏറ്റവും വലിയ വോട്ടിങ് വിപുലീകരണം വാഗ്ദാനം ചെയ്യുമെന്ന റിപ്പോര്‍ട്ടിന് പിന്നാലെയാണിത്.
സണ്‍ഡേ ടെലിഗ്രാഫ് റിപ്പോര്‍ട്ട് ചെയ്യുന്നത് അനുസരിച്ച് 16 വയസ് മുതലുള്ള യുകെയില്‍ സ്ഥിരതാമസമാക്കിയ യൂറോപ്യന്‍ പൗരന്‍മാര്‍ക്കാണ് വോട്ടവകാശം ഉറപ്പാക്കുമെന്ന നിര്‍ദേശം ലേബര്‍ മുന്നോട്ടുവെച്ചിരിക്കുന്നത്. യുകെയിലെ പരമ്പരാഗത വോട്ടിങ് സമ്പ്രദായത്തെ പോലും അട്ടിമറിച്ച് തന്റെ പാര്‍ട്ടിക്ക് നേട്ടമുണ്ടാക്കാനാണ് സ്റ്റാമര്‍ ശ്രമിക്കുന്നതെന്ന് രോഷാകുലരായി ടോറികള്‍ ആരോപിച്ചു.
വോട്ടര്‍ പട്ടിക പരിഷ്‌കരിക്കുന്ന കാര്യം തങ്ങളുടെ പരിഗണനയിലുള്ള വിഷയമാണെന്ന് ലേബര്‍ പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവ് ജോനാഥന്‍ റെയ്നോള്‍ഡ്സും സമ്മതിച്ചു. എന്നാല്‍ ഈ നിര്‍ദേശത്തില്‍ അന്തിമ തീരുമാനമായിട്ടില്ലെന്നും ജനാധിപത്യത്തെ ശക്തിപ്പെടുത്തുകയെന്നത് എപ്പോഴും തങ്ങളുടെ പരിഗണനാ വിഷയമാണെന്നും അദ്ദേഹം പറഞ്ഞു.
ലേബര്‍ പാര്‍ട്ടിയുടെ പദ്ധതികള്‍ അനുസരിച്ച് 3.4 ദശലക്ഷം യൂറോപ്യന്‍ യൂണിയന്‍ പൗരന്‍മാര്‍ക്ക് പൊതുതിരഞ്ഞെടുപ്പില്‍ വോട്ടവകാശം ലഭിക്കും. നിലവില്‍ യുകെയില്‍ സ്ഥിരതാമസമാക്കിയ യൂറോപ്യന്‍ യൂണിയന്‍ പൗരന്‍മാര്‍ക്ക് തദ്ദേശ തിരഞ്ഞെടുപ്പുകളില്‍ മാത്രമാണ് വോട്ട് ചെയ്യാന്‍ അവസരമുള്ളത്. ലേബര്‍ പാര്‍ട്ടിയുടെ പദ്ധതികള്‍ സംബന്ധിച്ച് പുറത്തുവരുന്ന റിപ്പോര്‍ട്ടുകളെ കുറിച്ച് ചോദിച്ചപ്പോള്‍ സര്‍ക്കാരിന് തിരഞ്ഞെടുപ്പ് രീതികള്‍ മാറ്റുന്നതിന് ആലോചനയില്ലെന്നാണ് കാബിനറ്റ് മന്ത്രി ഗ്രാന്റ് ഷാപ്‌സ് പ്രതികരിച്ചത്.
വോട്ടര്‍മാരുടെ എണ്ണം വര്‍ദ്ധിപ്പിക്കാനും ബ്രക്സിറ്റ് റഫറണ്ടം വീണ്ടും തുറക്കാനുമാണ് ലേബര്‍ പാര്‍ട്ടി നേതാവും പാര്‍ലമെന്റിലെ പ്രതിപക്ഷ നേതാവുമായ കീര്‍ സ്റ്റാമറും പാര്‍ട്ടിയും ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല