സ്വന്തം ലേഖകന്‍: സംഗീത ജീവിതത്തിന്റെ 35 ആം വര്‍ഷം പൂര്‍ത്തിയാക്കുന്ന ഗായകന്‍ എംജി ശ്രീകുമാറിന് യുകെ എക്‌സലന്റ് ഇന്‍ മ്യൂസിക് പുരസ്‌കാരവും ബ്രിട്ടീഷ് പാര്‍ലമെന്റ് മന്ദിരത്തില്‍ ആദരവും. കഴിഞ്ഞ 29 നായിരുന്നു ചടങ്ങ്. സംഗീത ജീവിതത്തില്‍ 35 വര്‍ഷം പൂര്‍ത്തിയാക്കിയ എംജി ശ്രീകുമാറിന് യുകെ എക്‌സലന്റ് ഇന്‍ മ്യൂസിക് അവാര്‍ഡ് ആദ്യമായാണ് ലഭിക്കുന്നത്.
ബ്രിട്ടന്‍ പാര്‍ലമെന്റ് എംപി മാരായ മാര്‍ട്ടിന്‍ ഡേ, ക്രിസ് ഫിലിപ്പ് എന്നിവര്‍ ചേര്‍ന്നാണ് പുരസ്‌കാരം സമ്മാനിച്ചത്. തുടര്‍ന്ന് മലയാളത്തിലും ഇംഗ്ലീഷിലും സംസാരിച്ച എംജി ശ്രീകുമാര്‍, പ്രിയദര്‍ശന്‍, മോഹന്‍ലാല്‍, എംജി ശ്രീകുമാര്‍ കൂട്ടുകെട്ടില്‍ 1988 ല്‍ പുറത്തിറങ്ങിയ ‘മുകുന്ദേട്ട സുമിത്ര വിളിക്കുന്നു’ എന്ന ചിത്രത്തിലെ ‘ഓര്‍മ്മകള്‍ ഓടി കളിക്കുവാനെത്തുന്ന’ എന്ന ഗാനവും ആലപിച്ചു.
ബ്രിട്ടീഷ് പാര്‍ലമെന്റില്‍ കയറുക എന്ന് പറയുന്നത് തന്നെ വലിയ നേട്ടമാണെന്നും ഈ അവാര്‍ഡ് തന്റെ ഭാര്യക്ക് സമര്‍പ്പിക്കുന്നുവെന്നും എംജി ശ്രീകുമാര്‍ പറഞ്ഞു. തന്റെ മൂത്ത സഹോദരന്‍
എംജി രാധാകൃഷ്ണന്‍ സംഗീത സംവിധാനം നിര്‍വഹിച്ച്, 1984 ല്‍ പുറത്തിറങ്ങിയ പ്രിയദര്‍ശന്റെ കന്നി ചിത്രം പൂച്ചക്കൊരു മൂക്കുത്തിയിലൂടെയാണ് എംജി ശ്രീകുമാര്‍ പിന്നണി ഗാനരംഗത്ത് എത്തിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല