സ്വന്തം ലേഖകൻ: യുകെയിലെ ലക്ഷക്കണക്കിന് ജോലിക്കാരെ ബാധിക്കുന്ന ഫ്ലക്‌സിബിള്‍ പ്രവൃത്തിസമയം സംബന്ധിച്ച പുതിയ നിയമങ്ങള്‍ ഉടനെ പ്രാബല്യത്തില്‍ വരികയാണ്. യുകെ എംപ്ലോയ്‌മെന്റ് റെഗുലേഷനിലെ നിയമങ്ങളിലെ ചില ഭാഗങ്ങള്‍ ഈ മാസം പ്രാബല്യത്തില്‍ വരുന്നതോടെയാണ് ഏപ്രില്‍ 6 മുതല്‍ ഇത് നടപ്പാക്കാന്‍ ബിസിനസ്സുകള്‍ തയ്യാറാകുന്നത്.
പുതിയ നിയമങ്ങള്‍ പ്രകാരം ലക്ഷക്കണക്കിന് ജോലിക്കാര്‍ക്ക് എവിടെ, എപ്പോള്‍ ജോലി ചെയ്യണമെന്നത് സംബന്ധിച്ച് കൂടുതല്‍ ഫ്ലക്‌സിബിലിറ്റി ലഭിക്കും. ജോലിയില്‍ പ്രവേശിച്ച് ആദ്യ ദിവസം മുതല്‍ തന്നെ ഫ്ലക്‌സിബിള്‍ തൊഴില്‍ സൗകര്യം ആവശ്യപ്പെടാന്‍ ജോലിക്കാര്‍ക്ക് അവകാശം കൈമാറുന്നതാണ് പുതിയ റെഗുലേഷന്‍.
നിലവില്‍ ഇത്തരം സൗകര്യങ്ങള്‍ ലഭിക്കാന്‍ 26 ആഴ്ച വരെ കാത്തിരിക്കണം. പുതിയ നിയമപ്രകാരം ജോലിക്കാര്‍ക്ക് ഫ്ലക്‌സിബിള്‍ സമയം അനുവദിച്ചില്ലെങ്കില്‍ എംപ്ലോയേഴ്‌സ് ഇതിന്റെ കാരണം വിശദീകരിക്കേണ്ടി വരും. മുന്‍പ് എംപ്ലോയേഴ്‌സിന് ഇക്കാര്യത്തില്‍ വിശദീകരണം നല്‍കേണ്ട ബാധ്യത ഉണ്ടായിരുന്നില്ല.
കൂടാതെ ഫ്ലക്‌സിബിള്‍ തൊഴില്‍ സമയത്തെ കുറിച്ച് മുന്‍പത്തെ മൂന്ന് മാസത്തിന് പകരം രണ്ട് മാസത്തിനകം പ്രതികരിക്കാനും നിയമം അനുശാസിക്കുന്നു. 12 മാസങ്ങള്‍ക്കിടയില്‍ രണ്ട് അപേക്ഷകള്‍ നല്‍കാന്‍ എംപ്ലോയീസിന് പുതിയ നിയമം അവകാശം നല്‍കുന്നു. ഫ്ലക്‌സിബിള്‍ തൊഴില്‍ സമയം അനുവദിക്കുന്നതിലൂടെ ജോലിക്കാര്‍ക്ക് ജോലിയും, കുടുംബജീവിതവും ബാലന്‍സ് ചെയ്യാന്‍ സാധിക്കുന്നുവെന്നാണ് കണ്ടെത്തല്‍.
ആഴ്ചയില്‍ 4 ദിവസം ജോലി ചെയ്യാനുള്ള സ്‌കീമില്‍ 100 കമ്പനികളാണ് ഇതുവരെ തയ്യാറായിട്ടുള്ളത്. ഈ തെരഞ്ഞെടുക്കപ്പെട്ട കമ്പനികളിലെ ജോലിക്കാര്‍ക്ക് മാത്രമാണ് ഈ സ്‌കീമിന്റെ ഗുണം ലഭിക്കുക. ഭാവിയില്‍ മറ്റുള്ളവരും ഈ പാത പിന്തുടരുമെന്നു കരുതുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല