സ്വന്തം ലേഖകൻ: വിദേശ നഴ്‌സുമാര്‍ക്കുള്ള ഇംഗ്ലീഷ് ലാംഗ്വേജ് ടെസ്റ്റിന്റെ കാര്യത്തില്‍ ഉടനെ മാറ്റങ്ങള്‍ക്കില്ലെന്ന് എന്‍എംസി. വിദേശ പരിശീലനം നേടിയ നിരവധി നഴ്‌സുമാര്‍ രജിസ്റ്ററില്‍ ഇടംപിടിക്കാതെ പുറത്തുനില്‍ക്കുന്നതും പെര്‍മനന്റ് റസിഡന്‍സി വരെ നേടിയിട്ടും ഇംഗ്ലീഷ് ഭാഷയുടെ പേരില്‍ രജിസ്റ്ററില്‍ നിന്നും പുറത്തായവരുടെയും എണ്ണം ഉയരുന്നതിനിടെയാണ് മാറ്റങ്ങള്‍ വേണമെന്ന ആവശ്യം ശക്തമായത്.
രോഗികളുമായി ഏറ്റവും കൂടുതല്‍ സമയം ചെലവിടുന്ന ഹെല്‍ത്ത് & കെയര്‍ പ്രൊഫഷണലുകളാണ് നഴ്‌സുമാരും, മിഡ്‌വൈഫ്, നഴ്‌സിംഗ് അസോസിയേറ്റുകള്‍ തുടങ്ങിയവരെന്ന് എന്‍എംസി പറയുന്നു. രോഗികളുമായുള്ള ആശയവിനിമയം പ്രധാനമായതിനാല്‍ ഇംഗ്ലീഷ് പ്രാവീണ്യം അനിവാര്യമാണെന്ന് എന്‍എംസി യോഗം വിലയിരുത്തി. അതുകൊണ്ട് തന്നെ രജിസ്റ്ററില്‍ ചേരുന്നവര്‍ക്ക് ശക്തമായ ഇംഗ്ലീഷ് ലാംഗ്വേജ് സ്‌കില്‍ വേണമെന്ന് എന്‍എംസി വ്യക്തമാക്കി.
നിലവില്‍ മൂന്ന് രീതിയിലാണ് ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം പരിശോധിക്കുന്നത്. ഇംഗ്ലീഷ് ഭാഷയില്‍ പരിശീലനം നേടുകയോ, രജിസ്‌റ്റേഡ് നഴ്‌സിംഗ് & മിഡ്‌വൈഫറി പ്രൊഫഷണലായി ഇംഗ്ലീഷ് സംസാരിക്കുന്ന റോളില്‍ പ്രാക്ടീസ് ചെയ്യുകയോ ആണ് ആദ്യത്തെ വഴികള്‍. മറ്റൊന്ന് അംഗീകൃത ഇംഗ്ലീഷ് ലാംഗ്വേജ് ടെസ്റ്റ് പാസാകുകയാണ്.
ഐഇഎല്‍ടിഎസ്, ഒഇടി ടെസ്റ്റുകളാണ് നിലവില്‍ അന്താരാഷ്ട്ര പരിശീലനം നേടി രജിസ്റ്ററില്‍ ചേരാനെത്തുന്ന നഴ്‌സുമാര്‍ക്കായി എന്‍എംസി സ്വീകരിക്കുന്നത്. ഇതില്‍ നിന്നും സുപ്രധാന മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ടെങ്കിലും എല്ലാവര്‍ക്കും ന്യായമായ രീതിയിലേക്ക് നയം മാറ്റണമെന്ന ആവശ്യത്തില്‍ ജൂണില്‍ പബ്ലിക് കണ്‍സള്‍ട്ടേഷന്‍ ആരംഭിക്കുമെന്ന് എന്‍എംസി അറിയിച്ചു.
ഇംഗ്ലീഷ് ലാംഗ്വേജ് ടെസ്റ്റ് പരിഗണിക്കുന്ന രീതിയാണ് ആദ്യം കണ്‍സള്‍ട്ടേഷന് വിധേയമാകുക. രണ്ടാമത്, ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം പരിശോധിക്കാന്‍ മറ്റ് തെളിവുകള്‍ പരിഗണിക്കേണ്ടതുണ്ടോ എന്നതാണ്. എംപ്ലോയറുടെ റഫറന്‍സ്, യുകെയിലെ ഹെല്‍ത്ത്‌കെയര്‍ സംവിധാനങ്ങളില്‍ റെഗുലേറ്റ് ചെയ്യാത്ത പ്രാക്ടീസില്‍ നിന്നുള്ള തെളിവ്, പോസ്റ്റ്ഗ്രാജുവേറ്റ് ക്വാളിഫിക്കേഷന്‍ ഇംഗ്ലീഷില്‍ പഠിച്ച്, പരിശോധിച്ചതാണോ എന്നതും ഇതില്‍ പെടും.
പര്യാപ്തമായ സമയം നല്‍കിയായിരിക്കും മാറ്റങ്ങളെക്കുറിച്ച് അഭിപ്രായം തേടുകയെന്ന് എന്‍എംസി വ്യക്തമാക്കി. എല്ലാവരുടെയും അഭിപ്രായം ലഭിച്ച ശേഷമാകും തീരുമാനം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല