സ്വന്തം ലേഖകൻ: ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന് നേരെയുളള നേരിട്ടുള്ള ആക്രമണങ്ങളെ ശക്തമായി അപലപിച്ച് യുകെ വിദേശകാര്യ സെക്രട്ടറി ജെയിംസ് ക്ലെവര്‍ലി. ഇത്തരം ആക്രമണങ്ങള്‍ അംഗീകരിക്കാന്‍ കഴിയുന്നതല്ലെന്നും അദ്ദേഹം പറഞ്ഞു.
യുഎസ്, ഓസ്ട്രേലിയ, കാനഡ എന്നിവിടങ്ങളിലെ ഇന്ത്യന്‍ നയതന്ത്ര പ്രതിനിധികളെ ലക്ഷ്യമിട്ടുള്ള ഭീഷണികളും ആക്രമണങ്ങളും, യുകെയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ വിക്രം ദൊരൈസ്വാമി, ബിര്‍മിംഗ്ഹാമിലെ ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ ഡോ ശശാങ്ക് വിക്രം എന്നിവരുടെ ചിത്രങ്ങളുള്ള ചില ഭീഷണി പോസ്റ്ററുകള്‍ ഓണ്‍ലൈനില്‍ പ്രചരിക്കുന്നതിനെ തുടര്‍ന്നാണ് ജെയിംസ് ക്ലെവര്‍ലിയുടെ പ്രതികരണം.
”ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനിനെതിരായ ഏതെങ്കിലും തരത്തിലുള്ള നേരിട്ടുള്ള ആക്രമണം പൂര്‍ണ്ണമായും അംഗീകരിക്കാനാവില്ല. ഹൈക്കമ്മീഷനിലെ ജീവനക്കാരുടെ സുരക്ഷ പരമപ്രധാനമാണെന്ന് ഞങ്ങള്‍ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ വിക്രം ദൊരൈസ്വാമിയോടും ഇന്ത്യാ ഗവണ്‍മെന്റിനോടും വ്യക്തമാക്കിയിട്ടുണ്ട്.
മാര്‍ച്ചില്‍ ഇന്ത്യന്‍ ത്രിവര്‍ണ പതാക താഴെയിറക്കാന്‍ ശ്രമിക്കുകയും ജനാലകള്‍ തകര്‍ക്കുകയും ചെയ്ത ഖലിസ്ഥാനികള്‍ ഹൈക്കമ്മീഷന്‍ കെട്ടിടം ലക്ഷ്യമിട്ടത് മുതല്‍ സെന്‍ട്രല്‍ ലണ്ടനിലെ ഇന്ത്യാ ഹൗസില്‍ മെട്രോപൊളിറ്റന്‍ പൊലീസിന്റെ സുരക്ഷാ സാന്നിധ്യമുണ്ട്.
‘കില്‍ ഇന്ത്യ’ പോസ്റ്ററുകള്‍ വിവാദമായതോടെ കനേഡിയന്‍ ഹൈക്കമ്മീഷണര്‍ക്ക് ഇന്ത്യ സമന്‍സ് അയച്ചിരുന്നു. ഖാലിസ്ഥാന്‍ അനുകൂല നേതാക്കള്‍ പോസ്റ്റര്‍ പുറത്തിറക്കുകയും ജൂലൈ 8ന് കാനഡയില്‍ നടക്കുന്ന ‘ഖലിസ്ഥാന്‍ ഫ്രീഡം റാലി’യിലേക്ക് ആളുകളെ ക്ഷണിക്കുകയും ചെയ്തു. ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ സഞ്ജയ് കുമാര്‍ വര്‍മ്മയെയും ടൊറന്റോയിലെ ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ അപൂര്‍വ ശ്രീവാസ്തവയെയും ഖലിസ്ഥാന്‍ നേതാവ് ഹര്‍ദീപ് സിംഗ് നിജ്ജാറിന്റെ ഘാതകരെന്ന് മുദ്രകുത്തി. കാനഡയില്‍ സ്ഥിരതാമസമാക്കിയ പഞ്ചാബി പ്രവാസികള്‍ക്കിടയില്‍ ഈ സംഭവം വ്യാപകമായ രോഷത്തിന് കാരണമായി.
അതിനിടെ, യുഎസില്‍ ഖാലിസ്ഥാന്‍ അനുകൂലികള്‍ സാന്‍ ഫ്രാന്‍സിസ്‌കോയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിന് നേരെ ആക്രമണം നടത്തിയതായി റിപ്പോര്‍ട്ടുണ്ടായി. മാസങ്ങള്‍ക്കുള്ളില്‍ രണ്ടാമത്തെ അക്രമത്തില്‍ കോണ്‍സുലേറ്റിന് തീയിടാന്‍ അനുയായികള്‍ ശ്രമിച്ചു. സംഭവത്തെ യുഎസ് സര്‍ക്കാര്‍ അപലപിക്കുകയും ‘ക്രിമിനല്‍ കുറ്റം’ എന്ന് വിശേഷിപ്പിക്കുകയും ചെയ്തു.
മാര്‍ച്ചില്‍ ഖലിസ്ഥാന്‍ അനുകൂല മുദ്രാവാക്യങ്ങള്‍ വിളിച്ച് ഇന്ത്യന്‍ ഹൈക്കമ്മീഷനിനു മുന്നിലെ ത്രിവര്‍ണ പതാക പ്രതിഷേധക്കാര്‍ പിടിച്ചെടുത്തിരുന്നു. മാര്‍ച്ച് 19 ന് നടന്ന സംഭവത്തെത്തുടര്‍ന്ന്, ഹൈക്കമ്മീഷന്‍ പിരിസരത്ത് മതിയായ സുരക്ഷയില്ലെന്നും ചൂണ്ടികാട്ടി ഇന്ത്യ ബ്രിട്ടീഷ് സര്‍ക്കാരിനെ അതൃപ്തി അറിയിച്ചിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല