സ്വന്തം ലേഖകൻ: ആഗോള വിലക്കയറ്റവും റഷ്യയില്‍ നിന്നുള്ള ഗ്യാസ് ഇറക്കുമതിയും കുറഞ്ഞതോടെ ഊര്‍ജ്ജ പ്രതിസന്ധിയില്‍ പൊറുതിമുട്ടുകയാണ് ബ്രിട്ടണ്‍. ഗ്യാസ് വില കുതിച്ചുയരുമ്പോള്‍ ഖത്തറാണ് ഊര്‍ജ്ജ ആവശ്യങ്ങള്‍ നിറവേറ്റാന്‍ പാടുപെടുന്ന ബ്രിട്ടന്റെ അവസാന രക്ഷകരായി ഇപ്പോള്‍ മാറിയിരിക്കുന്നത്.
സെപ്റ്റംബറില്‍ യുഎന്‍ ജനറല്‍ അസംബ്ലിയില്‍ ബ്രിട്ടണ്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണും ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനിയും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയില്‍ വാതകക്കയറ്റുമതിയില്‍ തങ്ങളെ സഹായിക്കണമെന്ന് ബ്രിട്ടണ്‍ ഖത്തറിനോട് അപേക്ഷിച്ചിരുന്നു. അതിനുശേഷം, യുകെ വിദേശകാര്യ സെക്രട്ടറി ലിസ് ട്രസ് ഉള്‍പ്പെടെ ഇരു രാജ്യങ്ങളുടേയും മന്ത്രിമാര്‍ തമ്മില്‍ ചര്‍ച്ചകള്‍ നടന്നിരുന്നു.
ഗ്യാസ് വിതരണത്തിന്റെ കാര്യത്തില്‍ ബ്രിട്ടണും ഖത്തറും അനൗപചാരിക നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയതായാണ് ലണ്ടന്‍ ആസ്ഥാനമായുള്ള സ്വകാര്യ പത്രം പറയുന്നത്. യുകെയുമായി ദീര്‍ഘകാലാടിസ്ഥാനത്തില്‍ വാതക ഇടപാടുകളില്‍ ഏര്‍പ്പെടാന്‍ ഖത്തര്‍ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്.
ബ്രിട്ടണു പുറമേ യൂറോപിലെ പ്രധാന സമ്പദ്വ്യവസ്ഥകളായ ഫ്രാന്‍സിനെയും ജര്‍മ്മനിയെയും വിലവര്‍ദ്ധനവ് സാരമായി ബാധിച്ചിട്ടുണ്ട്. കഴിഞ്ഞ ഒക്ടോബറില്‍ വിദേശകാര്യ സെക്രട്ടറി ട്രസ് ഖത്തര്‍ സന്ദര്‍ശിച്ചതിനുശേഷം കയറ്റുമതിയില്‍ വര്‍ധനയുണ്ടായതായാണ് കരുതപ്പെടുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല