സ്വന്തം ലേഖകന്‍: ഒറ്റക്കു ഭരിക്കാനുള്ള ഭൂരിപക്ഷം നേടിയ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ വിജയം ഗംഭീരമെന്ന് അഭിനന്ദിക്കുമ്പോഴും രണ്ടാമൂഴത്തില്‍ പ്രധാനമന്ത്രി ഡേവിഡ് കാമറൂണിനെ കാത്തിരിക്കുന്ന കല്ലും മുള്ളും നിറഞ്ഞ വഴികളാണെന്ന് മുന്നറിയിപ്പു നല്‍കുകയാണ് ബ്രിട്ടീഷ് മാധ്യമങ്ങള്‍. സ്കോട്ട്ലന്റിനെ യുകെയിലും, യുകെയെ യൂറോപ്യന്‍ യൂണിയനിലും പിടിച്ചു നിര്‍ത്തുക എന്നതാവും കാമറൂണിന്റെ പ്രധാന വെല്ലുവിളിയെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു.
ഇത് തന്റെ ആദ്യ ഊഴത്തേക്കാള് ബുദ്ധിമുട്ടേറിയതാകും രണ്ടാമൂഴം എന്നാണ് മാധ്യമങ്ങളും നിരീക്ഷകരും നിയുക്ത പ്രധാനമന്ത്രിക്ക് നല്കുന്ന ഉപദേശം. തെരഞ്ഞെടുപ്പില്‍ നിലംപരിശായതിനെ തുടര്‍ന്ന് നേതാക്കള്‍ രാജിവച്ചു പുറത്തുപോയ ലേബര്‍, ലിബറല്‍ ഡെമോക്രാറ്റ് പാര്‍ട്ടികള്‍ എപ്രകാരമാണ് ഉയിര്ത്തെഴുന്നേല്ക്കുക എന്നുള്ള പ്രവചനങ്ങളും സജീവമാണ്.
പ്രധാനമന്ത്രി എന്ന നിലയില്‍ കാമറൂണിന്റെ രണ്ടാമത്തേതും അവസാനത്തേതുമായ ഈ ഊഴത്തില്‍ വെല്ലുവിളികളെ ഫലപ്രദമായി നേരിടാന്‍ അദ്ദേഹത്തിന്റെ എല്ലാ ഭരണനൈപുണ്യവും പുറത്തേടുക്കേണ്ടി വരുമെന്ന് ദി ടൈംസ് നിരീക്ഷിക്കുന്നു. ലേബര്‍ പാര്‍ട്ടിയേയും, ലിബറല്‍ ഡെമോക്രാറ്റ് പാര്‍ട്ടിയേയും നിഷ്കരുണം തള്ളിക്കളഞ്ഞ വോട്ടര്‍മാര്‍ സ്കോട്ലന്റില് ഒരു വിപ്ലവം തെന്ന് സൃഷ്ടിച്ചതായി ടൈസ് എഡിറ്റോറിയലില്‍ എഴുതി.
ഇടതുപക്ഷ സ്കോട്ടിഷ് നാഷണല്‍ പാര്‍ട്ടി (എസ്എന്‍പി) 59 സീറ്റുകളില്‍ 56 സീറ്റുകള്‍ നേടി സ്കോട്ലന്റ് തൂത്തുവാരിയിരുന്നു. യൂറോപ്യന്‍ യൂണിയന് വിരുദ്ധ, കുടിയേറ്റ വിരുദ്ധ നിലപാടുകള്‍ ഉയര്‍ത്തിപ്പിടിച്ച യുകെ ഇന്‍ഡിപെന്‍ഡന്‍സ് പാര്‍ട്ടി (യുകിപ്) 650 സീറ്റുകളില്‍ വെറും ഒരെണ്ണം മാത്രം നേടി നാമാവശേഷമാകുകയും ചെയ്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല