
സ്വന്തം ലേഖകൻ: പ്രൈവറ്റ് അപ്പോയിന്റ്മെന്റുകള്‍ക്ക് എന്‍എച്ച്എസ് രോഗികളില്‍ നിന്നും പണം ഈടാക്കാനുള്ള അവകാശം ചോദിച്ച് ഫാമിലി ഡോക്ടര്‍മാര്‍ രംഗത്ത് . ഇതോടെ സമ്പന്നരായ രോഗികള്‍ക്ക് ജിപിമാര്‍ക്ക് പണം നല്കി ക്യൂ ചാടിക്കടക്കാനുള്ള അനുമതി നല്‍കുകയും, രാവിലെ 8 മണിയിലെ തിക്കിത്തിരക്ക് ഒഴിവാക്കാനും കഴിയുമെന്നാണ് പറയുന്നത്.
എന്നാല്‍ പണം നല്കാനില്ലാത്ത രോഗികളെ ഇതോടെ ഡോക്ടര്‍മാര്‍ കൈവിടുകയും, ഇവര്‍ക്ക് ചികിത്സ ലഭിക്കാത്ത അവസ്ഥ സംജാതമാകുമെന്നും വിമര്‍ശകര്‍ മുന്നറിയിപ്പ് നല്കുന്നു. എന്‍എച്ച്എസ് ഫാമിലി ഡോക്ടറുടെ അപ്പോയിന്റ്മെന്റ് ലഭിക്കാന്‍ ബുദ്ധിമുട്ട് നേരിടുന്നവര്‍ പ്രതീക്ഷ കൈവിടുന്നതോടെ പ്രൈവറ്റ് ജിപിയെ കാണാന്‍ മണിക്കൂറിന് 550 പൗണ്ട് വരെ നല്‍കേണ്ടി വരുന്നുവെന്ന് ഗാര്ഡിയന് റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഷോര്‍ട്ട് നോട്ടീസില്‍ ഡോക്ടറെ മുഖാമുഖമോ, റിമോട്ട് രീതിയിലോ കാണാന്‍ അനുവദിച്ച് ക്ലിനിക്കുകള്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കുകയാണ്. ഇത് എന്‍എച്ച്എസിന്റെ 10 മിനിറ്റ് മുഖാമുഖത്തേക്കാള് ദൈര്‍ഘ്യമേറിയതുമാണ്. ഡെന്റിസ്റ്റുകള്‍ എന്‍എച്ച്എസ് ചികിത്സയും, കണ്‍സള്‍ട്ടേഷനും വെട്ടിച്ചുരുക്കി അവരുടെ കൂടുതല്‍ ലാഭകരമായ പ്രൈവറ്റ് സര്‍വ്വീസുമായി മുന്നോട്ട് പോകുകയാണ്. ഇതിനിടെയാണ് പ്രൈവറ്റ് സര്‍വ്വീസ് നല്കാന് അനുമതി ആവശ്യപ്പെട്ട് ജിപിമാര്‍ രംഗത്തെത്തിയത്.
യുകെ ലോക്കല്‍ മെഡിക്കല്‍ കമ്മിറ്റീസ് കോണ്‍ഫറന്‍സില്‍ ജിപി പ്രതിനിധികള്‍ പ്രൈവറ്റ് ചാര്‍ജ്ജ് ഈടാക്കാന്‍ അനുമതി ആവശ്യപ്പെട്ട് പ്രമേയം പാസാക്കി. ഈ ബോഡിയുടെ തീരുമാനം ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന് നയങ്ങള്‍ രൂപീകരിക്കാന്‍ സഹായിക്കുകയും, ജിപി കോണ്‍ട്രാക്ട് സംബന്ധിച്ച് എന്‍എച്ച്എസ് ഇംഗ്ലണ്ടുമായി ചര്‍ച്ച നടത്താന്‍ വഴിയൊരുക്കുകയും ചെയ്യും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല