1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 25, 2023

സ്വന്തം ലേഖകൻ: വിദേശ അപേക്ഷകരുടെ വിസിറ്റിംഗ്, സ്റ്റഡി, വർക്ക്, ഇമിഗ്രേഷൻ വീസ ഫീസുകളിൽ ഒക്ടോബർ നാല് മുതൽ വൻ വർദ്ധനവ് നടപ്പിലാക്കിയതിനുശേഷം ജനുവരി മുതൽ ഹെൽത്ത് ആൻഡ് കെയർ, നഴ്സിംഗ് സ്റ്റുഡൻറ് വീസകളുടേയും ഹെൽത്ത് സർചാർജിന്റെയും ഫീസുകൾ വർധിപ്പിക്കുവാൻ തയ്യാറെടുക്കുകയാണ് യുകെ ഹോം ഓഫീസ്.

എന്നാൽ ഇതിനെതിരെ നഴ്സുമാരുടേതടക്കം ആരോഗ്യ മേഖലയിലെ വിവിധ സംഘടനകൾ രംഗത്തെത്തിക്കഴിഞ്ഞു. ഹെൽത്ത് ആന്റ് കെയർ വീസയുടെ ചാർജുകൾ വർദ്ധിപ്പിച്ചത് പിൻവലിക്കണമെന്ന് ഗവൺമെന്റിനോട് ആവശ്യപ്പെട്ട് നഴ്‌സുമാരുടെ സംഘടനയായ റോയൽ കോളേജ് ഓഫ് നഴ്‌സിംഗ് (ആർസിഎൻ) ആഭ്യന്തര സെക്രട്ടറിക്ക് കത്തെഴുതി.

സ്റ്റാഫുകളുടെ കുറവുമൂലം ആരോഗ്യമേഖല കടുത്ത പ്രതിസന്ധി നേരിടുന്ന ഈ ഘട്ടത്തിൽ, ഇത് യുകെയെ വിദേശ ആരോഗ്യ ജീവനക്കാർക്കിടയിൽ അനാകർഷക ജോലിസ്ഥലമാക്കി മാറ്റുമെന്നും ആർസിഎൻ മുന്നറിയിപ്പ് നൽകി. 2023 ജൂലൈയിലാണ് വിദേശ അപേക്ഷകരുടെ വീസ ഫീസുകളിലും ആരോഗ്യ സർചാർജിലും സർക്കാർ വർദ്ധനവ് പ്രഖ്യാപിച്ചത്. ഒക്ടോബർ 4 മുതൽ , വർക്ക്, വിസിറ്റ് വീസ ഫീസുകൾ 15% , ഫാമിലി വീസ, സെറ്റിൽമെന്റ്, സിറ്റിസൺഷിപ്പ് എന്നിവയിൽ 20%, സ്റ്റുഡന്റ് വീസകൾ 35% എന്നിങ്ങനെ വർദ്ധനവ് പ്രാബല്യത്തിൽ വന്നു.

ഇതോടൊപ്പം കൂട്ടിയ ഹെൽത്ത് ആൻഡ് കെയർ വീസ ചാർജുകളും ആരോഗ്യ സർചാർജ്ജും വിദേശ നഴ്‌സിംഗ് വിദ്യാർത്ഥികളുടെ ഫീസ് വർദ്ധനവുകളും 2024 ജനുവരി 16-ന് മുമ്പായാണ് പ്രാബല്യത്തിൽ വരിക.

നിലവിലെ വിദേശ സ്റ്റാഫുകളുടേത് അടക്കം ഹെൽത്ത് സർച്ചാർജ് 66% വർദ്ധിച്ച് പ്രതിവർഷ ഫീസ് £1,035 ആയി ഉയരും. അപേക്ഷാ ഫീസും, വീസകൾക്കും വിപുലീകരണങ്ങൾക്കുമായി നിലവിൽ പ്രതിവർഷം £624 ഇമിഗ്രേഷൻ ഹെൽത്ത് സർചാർജ് ഈടാക്കുന്നതാണ് 2024-ൽ പ്രതിവർഷം £1,035 ആയി വർദ്ധിപ്പിക്കുക.

ഇതിനുപുറമെ, നഴ്സിംഗ് വിദ്യാർത്ഥികളുടെ വീസ ഫീസിൽ 127 പൗണ്ട് മുതൽ 490 പൗണ്ടിന്റെ വരെ വർദ്ധനവുവരും. വീസ ഫീസ് വർദ്ധനവ് പല ആരോഗ്യ പ്രവർത്തകർക്കും താങ്ങാനാവില്ലെന്നും സ്റ്റാഫിനെ നിലനിർത്തുന്നതിന് പ്രധാന തടസ്സമായി പ്രവർത്തിക്കുമെന്നും ആർസിഎൻ മുന്നറിയിപ്പ് നൽകുന്നു.

സർക്കാർ നിലവിൽ പ്രഖ്യാപിച്ചിട്ടുള്ള പുതിയ വർദ്ധനവ് അനുസരിച്ച് വിദേശത്തുള്ള നഴ്‌സിംഗ് സ്റ്റാഫിനെ എൻഎച്ച്എസിലോ കെയർ ഹോമിലോ ജോലിചെയ്യാൻ അനുവദിക്കുന്ന വീസയ്ക്ക്, അപേക്ഷിക്കുന്നതിനുള്ള ഫീസ് 15% ഉയർന്ന്; നിലവിൽ മൂന്ന് വർഷത്തിലേറെയായി യുകെയിൽ ജോലിചെയ്യുന്ന ജീവനക്കാർക്കുപോലും പ്രതിവർഷം 551 പൗണ്ട് വരെയായി കുത്തനെ കൂടുമെന്ന് ആർ സി എൻ ചൂണ്ടിക്കാട്ടുന്നു.

യുകെയിൽ പൗരത്വ അഥവാ സെറ്റിൽമെന്റിന് അപേക്ഷിക്കാനുള്ള ചെലവ് 20% വർധിച്ച് 2,885 പൗണ്ടായി മാറി. സെറ്റിൽമെന്റ് ഫീസ് നിലവിലെ £2,400 ൽ നിന്നാണ് £2,900 ആയി വർദ്ധിച്ചത്. എൻഎച്ച്എസിൽ പതിനായിരക്കണക്കിന് നഴ്‌സിംഗ് ഒഴിവുകളുണ്ടെന്നും സാമൂഹിക പരിചരണത്തിൽ കൂടുതൽ സ്റ്റാഫുകളെ ഇപ്പോഴും ആവശ്യമുണ്ടെന്നും ആർസിഎൻ അറിയിച്ചു.

“ഈ ഫീസ് വർദ്ധന യുകെയെ, ആരോഗ്യ, പരിചരണ മേഖലയ്ക്ക് സുപ്രധാന സംഭാവനകൾ നൽകുന്ന വിദേശ നഴ്‌സുമാർക്കും മറ്റ് ആരോഗ്യ വിദഗ്ധർക്കും താമസിക്കാനും ജോലിചെയ്യാനും ആകർഷകമല്ലാത്ത സ്ഥലമാക്കി മാറ്റും” കത്തിൽ, ആർ‌സി‌എൻ ജനറൽ സെക്രട്ടറി പാറ്റ് കുള്ളൻ വ്യക്തമാക്കി.

യുകെ സർക്കാർ പൊതുമേഖല സ്റ്റാഫുകളുടെ വേതനത്തിൽ സമീപകാലത്ത് വരുത്തിയ വർദ്ധനവ് തുക കണ്ടെത്താനാണ് പ്രധാനമായും വിദേശ തൊഴിൽ അപേക്ഷകരുടേയും കുടിയേറ്റക്കാരുടേയും വിദ്യാർത്ഥികളുടേയും ഫീസുകളിൽ വർദ്ധനവ് വരുത്തുന്നതെന്ന് പ്രധാനമന്ത്രി ഋഷി സുനക്കുതന്നെ നേരത്തെ ഫീസ് വർദ്ധനവിനെ ന്യായീകരിച്ച് വിശദീകരിച്ചിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.