കോട്ടയം:ബ്രട്ടീഷ് രാജവംശത്തിന്റെയും ബ്രിട്ടന്റെയും ചരിത്രത്തിലെ നിര്‍ണായകമായ ഒരുനിമിഷം കോട്ടയം ജില്ലയിലെ പൊന്‍കുന്നത്ത് വഴിയരികില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കിടക്കുന്നു. ഇന്ത്യ-ഇംഗ്ലീഷ് ബന്ധത്തെക്കുറിച്ച് പഠിക്കുന്ന ചരിത്രകാരന്മാര്‍ ഏറെ ശ്രദ്ധനല്കിയേക്കാവുന്ന ഒന്നാണ് കെ.കെ. റോഡരികില്‍ പൊന്‍കുന്നം രാജേന്ദ്രമൈതാനത്ത് ആരാലും ശ്രദ്ധിക്കപ്പെടാതെ വെയിറ്റിംഗ് ഷെഡിന് ചേര്‍ന്ന് കിടക്കുന്നത്. ബ്രിട്ടന്‍ ഭരിച്ച പ്രതാപശാലിയായ ജോര്‍ജ് അഞ്ചാമന്‍ ചക്രവര്‍ത്തിയുടെ നാമം പേറുന്ന ശിലയാണ് വര്‍ഷങ്ങളായി ഇവിടെ മണ്ണില്‍ പുതഞ്ഞും ആള്‍ക്കാരുടെ ഇരിപ്പിടമായും ഉപേക്ഷിക്കപ്പെട്ട നിലയില്‍ കിടക്കുന്നത്. 1910ല്‍ ചക്രവര്‍ത്തിയുടെ ചുമതലയേല്‍ക്കുകയും 1912 ല്‍ ജോര്‍ജ് അഞ്ചാമന്‍ കിരീടധാരണ മാമാങ്കം നടത്തുകയും ചെയ്ത വേളയിലാണ് അദ്ദേഹത്തോടുള്ള വിധേയത്വം പ്രഖ്യാപിച്ച് നാടുവാഴികള്‍ പൊന്‍കുന്നത്ത് കിരീടധാരണ സ്മാരക ശില സ്ഥാപിച്ചത്.
ജോര്‍ജ് അഞ്ചാമന്റെ മുത്തശ്ശി വിക്ടോറിയ രാജ്ഞിയുടെ സ്മരണ നിലനിര്‍ത്താന്‍ 1911 ല്‍ പൊന്‍കുന്നത്ത് ‘വിക്ടോറിയ വെല്‍’ എന്ന പേരില്‍ അഞ്ച് കിണറുകള്‍ കുഴിക്കുകയും ചെയ്തിരുന്നു. വിക്ടോറിയ ജൂബിലി സ്മാരകമായും ജോര്‍ജ് അഞ്ചാമന്റെ കിരീടധാരണ സ്മാരകമായും ചരിത്രം രേഖപ്പെടുത്തിയ കിണറുകളിലൊരെണ്ണം രാജേന്ദ്രമൈതാനത്തുതന്നെയാണ്. പി.പി. റോഡില്‍ രണ്ടു കിണറുകള്‍ കൂടി ഈ പേരിലുണ്ട്. മറ്റ് രണ്ട് കിണറുകള്‍ മൂടിപ്പോയി. 1895ല്‍ പൊന്‍കുന്നത്തു നിര്‍മ്മിച്ച സര്‍ക്കാര്‍ അംഗീകൃത വണ്ടിപ്പേട്ട (കാളവണ്ടികള്‍ നിര്‍ത്തിയിടാനുള്ള സ്ഥലം) 1911 ല്‍ വിക്ടോറിയന്‍ കിണര്‍ കുഴിച്ചതോടെ പുത്തന്‍ കിണര്‍ മൈതാനം എന്ന പേരുനേടി. പിന്നീട് 1947ല്‍ തിരുവനന്തപുരം പേട്ട മൈതാനത്ത് സി.പി. ക്കെതിരെ നടന്ന സമരത്തില്‍ രാജേന്ദ്രന്‍ എന്ന 13 വയസ്സുകാരന്‍ കൊല്ലപ്പെട്ടതില്‍ മനംനൊന്ത ദേശാഭിമാനികള്‍ പുത്തന്‍കിണര്‍ മൈതാനത്തിന് രാജേന്ദ്രമൈതാനം എന്ന പേരു നല്‍കുകയായിരുന്നു.
സ്വാതന്ത്ര്യസമരകാലത്ത് ബ്രിട്ടീഷ് ഭരണത്തിനെതിരെ നിരവധി സമരങ്ങള്‍ അരങ്ങേറിയത് ഈ മൈതാനത്താണ്. നൂറ്റാണ്ടു പിന്നിട്ട സ്മാരകശില പുരാരേഖയായി കരുതി സംരക്ഷിക്കണമെന്ന് റവന്യു അധികൃതര്‍ മൂന്നു വര്‍ഷം മുമ്പ് ചിറക്കടവ് പഞ്ചായത്തിനോട് നിര്‍ദ്ദേശിച്ചെങ്കിലും ഫലമുണ്ടായില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല