1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 31, 2024

സ്വന്തം ലേഖകൻ: കുടിയേറ്റം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി നേരത്തേ പാസ്സാക്കിയ പുതിയ ബില്ലുകള്‍ വൈകാതെ നിലവില്‍ വരും. വിദേശ തൊഴിലാളികള്‍ക്ക് വീസ ലഭിക്കാന്‍ ആവശ്യമായ പുതുക്കിയ മിനിമം വേതനം ഉള്‍പ്പടെയുള്ളവയാണ് ഈ നിയമങ്ങള്‍. ബ്രിട്ടനിലേക്ക് വരുന്നവര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും നിരവധി നിയന്ത്രണങ്ങള്‍ നിലവില്‍ വരുമെന്ന് കഴിഞ്ഞ ഡിസംബറിലായിരുന്നു സര്‍ക്കാര്‍ പ്രഖ്യാപിച്ചത്.

കെയര്‍ വര്‍ക്കര്‍മാര്‍ക്ക് യു കെയിലേക്ക് കുടുംബാംഗങ്ങളെയോ ആശ്രിതരെയോ കൊണ്ടു വരുന്നതിനുള്ള നിയന്ത്രണം മാര്‍ച്ച് 11 മുതല്‍ നിലവില്‍ വരും. അതുപോലെ, കുടിയേറ്റക്കാരെ സ്പോണ്‍സര്‍ ചെയ്യുന്നതിന് കെയര്‍ ദാതാക്കള്‍ക്ക് കെയര്‍ ക്വാളിറ്റി കമ്മീഷനില്‍ റെജിസ്റ്റര്‍ ചെയ്യുന്നതിനുള്ള നിബന്ധനയും അതേ ദിവസം പ്രാബല്യത്തില്‍ വരും.അതുപോലെ, യു കെയിലേക്ക് സ്‌കില്‍ഡ് വര്‍ക്കര്‍ വീസ ലഭിക്കുന്നതിനുള്ള മിനിമം വേതനം നിലവിലെ 26,200 പൗണ്ടില്‍ നിന്നും 38,7000 പൗണ്ട് ആയി ഉയരുന്നത് ഏപ്രില്‍ 4 മുതല്‍ ആയിരിക്കും.

അതുപോലെ യു കെയില്‍ ജോലി ചെയ്യുന്നവര്‍ക്ക് ആശ്രിതരെ കൂടെ കൊണ്ടു വരുന്നതിനുള്ള ഫാമിലി വീസയ്ക്ക് ആവശ്യമായ മിനിമം വേതനവും വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. നിലവില്‍ 18,600 പൗണ്ട് എന്നതില്‍ നിന്നും ഇത് 29,000 പൗണ്ട് ആയി വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ഈ മാറ്റം ഏപ്രില്‍ 11 മുതലായിരിക്കും നിലവില്‍ വരിക. എന്നാല്‍, ഈ മിനിമം തുക 29,000 പൗണ്ടില്‍ നിന്ന് എപ്പോള്‍ വര്‍ദ്ധിപ്പിക്കും എന്നതിനെ കുറിച്ച് വ്യക്തമായ ഒരു തീയ്യതി വെളിപ്പെടുത്തിയിട്ടില്ല.

കഴിഞ്ഞ വര്‍ഷം ആദ്യമായി ഈ നടപടികള്‍ പ്രഖ്യാപിച്ചപ്പോള്‍ ഹോം സെക്രട്ടറി ജെയിംസ് ക്ലെവര്‍ലി ഏറെ ആരോപണങ്ങള്‍ക്ക് വിധേയമായിരുന്നു. അധ്യാപകര്‍, പോലീസ് ഉദ്യോഗസ്ഥര്‍, ജൂനിയര്‍ ഡോക്ടര്‍മാര്‍ എന്നിവര്‍ ഉള്‍പ്പടെ പ്രൊഫഷണല്‍ രംഗത്ത് ജോലി ചെയ്യുന്ന പലര്‍ക്കും വിദേശങ്ങളിലുള്ള പ്രിയപ്പെട്ടവരെ ബ്രിട്ടനിലേക്ക് കൊണ്ടുവരാന്‍ കഴിയില്ല എന്നതായിരുന്നു പ്രധാനമായി ഉയര്‍ന്ന ആരോപണം.

അതേസമയം, നിലവില്‍ യു കെയില്‍ താമസിക്കുന്ന കുടുംബങ്ങള്‍ക്കും, ഈ മിനിമം വേതനം ഇല്ലെങ്കില്‍, വീസ കാലാവധി കഴിഞ്ഞ് പുതുക്കുമ്പോള്‍ എന്ത് സംഭവിക്കും എന്ന കാര്യത്തില്‍ വ്യക്തതയില്ലാത്തതും പ്രതിഷേധത്തിന് കാരണമായി. എന്നാല്‍, ഇതിനോടകം വീസ നീട്ടാനായി നല്‍കിയിട്ടുള്ള അപേക്ഷകള്‍ പഴയ നിയമത്തിന്റെ അടിസ്ഥാനത്തില്‍ കൈകാര്യം ചെയ്യുമെന്ന് ജെയിംസ് ക്ലെവര്‍ലി വ്യക്തമാക്കിയിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.