സ്വന്തം ലേഖകൻ: മുന്‍ധാരണകള്‍ തെറ്റിച്ച് 54% ശമ്പളവര്‍ദ്ധന ആവശ്യപ്പെട്ട് ഹോസ്പിറ്റല്‍ കണ്‍സള്‍ട്ടന്റുമാര്‍. ഈ വിഷയം ഉന്നയിച്ച് സെപ്റ്റംബറില്‍ രണ്ട് ദിവസം സമരത്തിന് ഇറങ്ങുമെന്നാണ് ഡോക്ടര്‍മാരുടെ പ്രഖ്യാപനം. ഇതോടെ സമരനടപടികള്‍ മൂന്നാം മാസവും തുടരും.
ഗവണ്‍മെന്റ് ചര്‍ച്ചകള്‍ക്ക് തയ്യാറാകാതെ ഇരിക്കുകയോ, മാന്യമായ പുതിയ ഓഫര്‍ മുന്നോട്ട് വെയ്ക്കാതിരിക്കുകയോ ചെയ്യുന്ന സാഹചര്യത്തില്‍ സെപ്റ്റംബര്‍ 19, 20 തീയതികളില്‍ സീനിയര്‍ ഡോക്ടര്‍മാര്‍ പണിമുടക്കുമെന്നാണ് ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന്‍ വ്യക്തമാക്കിയിരിക്കുന്നത്. കണ്‍സള്‍ട്ടന്റുമാര്‍ക്ക് 6% ശമ്പളവര്‍ദ്ധനവാണ് പ്രധാനമന്ത്രി സുനാക് ഓഫര്‍ ചെയ്തത്, ഇതോടെ ഇവരുടെ ശരാശരി വരുമാനം പ്രതിവര്‍ഷം 134,000 പൗണ്ടിലേക്ക് ഉയര്‍ന്നിരുന്നു.
എന്നാല്‍ ഈ വര്‍ദ്ധന അപമാനിക്കുന്നതിന് തുല്യമാണെന്നായിരുന്നു യൂണിയന്റെ പ്രതികരണം. ജൂലൈ 20, 21 തീയതികളില്‍ കണ്‍സള്‍ട്ടന്റുമാര്‍ രണ്ട് ദിവസത്തെ സമരം നടത്തിയിരുന്നു. ആഗസ്റ്റ് 24, 25 തീയതികളില്‍ വീണ്ടും ഇവര്‍ പണിമുടക്കുന്നുണ്ട്. ഇതിന് പുറമെയാണ് പുതിയ സമരതീയതി കൂടി പ്രഖ്യാപിച്ചിരിക്കുന്നത്.
ശമ്പളവിഷയത്തില്‍ ചര്‍ച്ചയ്ക്ക് തയ്യാറാകണമെന്ന് ആവശ്യപ്പെട്ട് ഹെല്‍ത്ത് സെക്രട്ടറി സ്റ്റീവ് ബാര്‍ക്ലേയ്ക്ക് കത്തയച്ചതായി ബിഎംഎ വ്യക്തമാക്കി. കൂടാതെ ഡോക്ടര്‍മാരുടെ പേ റിവ്യൂ ബോഡി പുനഃസംഘടിപ്പിക്കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.
ഹെല്‍ത്ത് സെക്രട്ടറി തങ്ങളുമായി ചര്‍ച്ച നടത്തിയിട്ട് 133 ദിവസമായിരിക്കുന്നുവെന്നും കണ്‍സള്‍ട്ടന്റുമാരുടെ സേവനത്തിന്റെ മൂല്യത്തെയും പ്രശ്‌നങ്ങളെയും സര്‍ക്കാര്‍ തീര്‍ത്തും അവഗണിച്ചിരിക്കുന്നുവെന്നാണ് ഇതില്‍ നിന്ന് വ്യക്തമാകുന്നതെന്നുമാണ് ബിഎംഎ കണ്‍സള്‍ട്ടന്റ് കമ്മിറ്റി ചെയറായ ഡോ. വിശാല്‍ ശര്‍മ ആരോപിച്ചിരിക്കുന്നത്. ഇതിനാല്‍ തങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം നേടിയെടുക്കുന്നതിനായി കൂടുതല്‍ സമരങ്ങള്‍ക്ക് നിര്‍ബന്ധിതരായിരിക്കുന്നുവെന്നും ശര്‍മ വ്യക്തമാക്കുന്നു.
ഇതിനാല്‍ കൂടുതല്‍ സമരങ്ങളിലേക്ക് തങ്ങളെ വലിച്ചിഴക്കുന്നത് ഒഴിവാക്കാന്‍ ഉടനെ ചര്‍ച്ചകള്‍ക്ക് തയ്യാറാകണമെന്നും ശര്‍മ ഹെല്‍ത്ത് സെക്രട്ടറിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. കണ്‍സള്‍ട്ടന്റുമാരുടെ പ്രശ്‌നങ്ങള്‍ പരിഹരിച്ചില്ലെങ്കില്‍ പരിചയസമ്പന്നരായ നിരവധി ഡോക്ടര്‍മാര്‍ അടുത്ത് തന്നെ എന്‍എച്ച്എസ് വിട്ട് പോകുന്ന അവസ്ഥയാണുണ്ടാകാന്‍ പോകുന്നതെന്നും ശര്‍മ മുന്നറിയിപ്പേകുന്നു.
ഇപ്പോള്‍ തന്നെ റെക്കോര്‍ഡിലെത്തിയ എന്‍എച്ച്എസ് വെയ്റ്റിംഗ് ലിസ്റ്റിന്റെ നീളം കുറയ്ക്കുന്നതിനുള്ള കടുത്ത ശ്രമങ്ങള്‍ നടത്തുന്ന വേളയില്‍ കണ്‍സള്‍ട്ടന്റുമാര്‍ സമരം ചെയ്യുന്നത് തീര്‍ത്തും നിരാശാജനകമാണെന്നാണ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹെല്‍ത്ത് ആന്‍ഡ് സോഷ്യല്‍ കെയര്‍ വക്താവ് പ്രതികരിച്ചിരിക്കുന്നത്.
ഇന്റിപെന്റന്റ് പേ റിവ്യൂ ബോഡിയുടെ നിര്‍ദേശം മാനിച്ച് കണ്‍സള്‍ട്ടന്റുമാര്‍ക്ക് ആറ് ശതമാനം ശമ്പള വര്‍ധനവ് അനുവദിക്കാന്‍ തയ്യാറാണെന്നും ഇതിലൂടെ ശരാശരി ബേസിക് ഫുള്‍ ടൈം ശമ്പളത്തില്‍ 6300 പൗണ്ട് മുതല്‍ 111,800 പൗണ്ട് വരെ വര്‍ധിക്കുമെന്നും വക്താവ് വ്യക്തമാക്കുന്നു. കൂടുതല്‍ ചര്‍ച്ചകള്‍ക്ക് തയ്യാറല്ലെന്ന് സുനാക് സൂചിപ്പിച്ചിട്ടുണ്ട്. 6% വര്‍ധന അന്തിമമാണെന്നാണ് സര്‍ക്കാര്‍ നിലപാട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല