1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 22, 2012

ചിലവ് ചുരുക്കല്‍ നടപടികളുടെ ഭാഗമായി ബ്രിട്ടനില്‍ എന്‍എച്ച്എസ് ജീവനക്കാരെ വന്‍തോതില്‍ പിരിച്ചു വിടുന്ന പ്രവണത കഴിഞ്ഞ കുറച്ച കാലങ്ങളായി യുകെയില്‍ കാണുന്നുണ്ട്. ഇതുമൂലം വെളുക്കാന്‍ തേച്ചത് പാണ്ടാകുമോ എന്ന് മാത്രമേ ഇനി അറിയേണ്ടതുള്ളൂ, കാരണം മെഡിക്കല്‍ സ്റ്റാഫിന്റെ അഭാവത്തെത്തുടര്‍ന്ന് യുകെയില്‍ പല ആശുപത്രികളിലും സൈനിക വിഭാഗങ്ങളെ നിയോഗിച്ചതായുള്ള റിപ്പോര്‍ട്ടാണ് കഴിഞ്ഞ ദിവസം പുറത്ത് വന്നിരിക്കുന്നത്. ആക്സിഡന്റ്, എമര്‍ജന്‍സി ഡിപ്പാര്‍ട്ടുമെന്റുകളിലാണ് പ്രശ്നം രൂക്ഷമായി അനുഭവപ്പെടുന്നത്. ഇതേത്തുടര്‍ന്ന് എന്‍എച്ച്എസ് ട്രസ്റ്റുകള്‍ രാത്രി യൂണിറ്റുകള്‍ നിര്‍ത്തലാക്കി.

പല ആശുപത്രികളിലും ജൂണിയര്‍ ഡോക്ടര്‍മാര്‍ക്കും കണ്‍സല്‍ട്ടന്റുമാര്‍ക്കും ഇടയിലുള്ള മിഡ്ഗ്രേഡ് ഡോക്ടര്‍മാരെയാണ് കിട്ടാനില്ലാത്തത്. പല ആശുപത്രികള്‍ക്കും ആവശ്യമുള്ളതിനെക്കാളും 30 ശതമാനം കുറവ് സ്റ്റാഫാണുള്ളത്. ഒടുവില്‍ സുരക്ഷിതമായി പ്രവര്‍ത്തിക്കാന്‍ പര്യാപ്തമായ ജീവനക്കാര്‍ ഇല്ലെന്ന് എന്‍എച്ച്എസും സമ്മതിച്ചിട്ടുണ്ട്. മിഡ്യോര്‍ക്ഷെയര്‍ ആശുപത്രിയിലെ എന്‍ എച്ച് എസ് ട്രസ്റ് ഇതേത്തുടര്‍ന്ന് കഴിഞ്ഞദിവസം 24 മണിക്കൂര്‍ സേവനം തുടരാനായി ആര്‍മി മെഡിക്കല്‍ സര്‍വീസിനെ നിയോഗിച്ചു.

പോന്റിഫ്രാക്ട് ഹോസ്പിറ്റലിലെ എമര്‍ജന്‍സി വിഭാഗം നവംബര്‍ മുതല്‍ രാത്രി പത്തിനും രാവിലെ ആറിനുമിടയില്‍ പ്രവര്‍ത്തിക്കുന്നില്ല. ഈ വിഭാഗം പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് അധികൃതര്‍ക്ക് നിവേദനം നല്‍കിയിട്ടുണ്ട്. സര്‍ക്കാരിന്റെ ആരോഗ്യ പരിഷ്കാരങ്ങളാണ് പ്രതിസന്ധിക്ക് ഇടയാക്കിയതെന്ന് പറയപ്പെടുന്നു. രാജ്യത്തെ ജനങ്ങളുടെ ആഹാര രീതിയും രോഗികള്‍ കൂടിയതും കണ്‍സല്‍ട്ടേഷന്‍ സമയങ്ങളിലല്ലാതെ ജനറല്‍ പ്രാക്ടീഷണര്‍മാരെ ലഭിക്കാതിരിക്കുന്നതും പ്രശ്നങ്ങള്‍ വഷളാക്കി.

നിലവിലുള്ള എന്‍എച്ച് എസിന്റെ രൂപഘടന മാറ്റിമറിക്കാനുള്ള തീരുമാനം സ്ഥിതി കൂടുതല്‍ സങ്കീര്‍ണമാക്കുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. എന്തായാലും കുടിയേറ്റക്കാരെ നിയന്ത്രിക്കുക എന്ന ലക്ഷ്യവും മുന്‍ നിര്‍ത്തിയാണ് എന്‍എച്ച്എസ് ജീവനക്കാരുടെ എണ്ണം വെട്ടി ചുരുക്കിയത് ഇതോടു കൂടി ആരോഗ്യ മേഖലയുടെ താളം തെറ്റാതെ പോകണമെങ്കില്‍ മലയാളികള്‍ അടക്കമുള്ള നേഴ്സുമാരെ എന്‍എച്ച്എസ് ആശ്രയിച്ചേ മതിയാകൂ എന്ന അവസ്ഥയിലേക്കാണ് കാര്യങ്ങളുടെ പോക്ക്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.