സ്വന്തം ലേഖകൻ: ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ അവസാനിച്ച ഒരു വര്‍ഷത്തില്‍, യു കെയിലെ വീട് വാടകയില്‍, തൊട്ട് മുന്‍പത്തെ വര്‍ഷത്തേക്കാള്‍ 9 ശതമാനത്തിന്റെ വര്‍ദ്ധനവ് ഉണ്ടായതായി കണക്കുകള്‍ പറയുന്നു. ഇത് സംബന്ധിച്ച രേഖകള്‍ സൂക്ഷിക്കാന്‍ ആരംഭിച്ച 2015 ന് ശേഷമുള്ള ഏറ്റവും വലിയ വര്‍ദ്ധനവുമാണിത്. ഓഫീസ് ഫോര്‍ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്സ് ആണ് ഇന്നലെ ഈ കണക്കുകള്‍ പുറത്തു വിട്ടത്. കോസ്റ്റ് ഓഫ് റെന്റിംഗ് ക്രൈസിസ് എന്ന പുതിയ പ്രതിസന്ധി ബ്രിട്ടനിലെ സാധാരണക്കാരനെ ഉലയ്ക്കുകയാണെന്ന് പുതിയ ആരോപണം ഉയരുന്നു.
ഇംഗ്ലണ്ടില്‍ തൊട്ടു മുന്‍പത്തെ വര്‍ഷം, ഇതേ കാലയളവില്‍ ഉണ്ടായിരുന്നതിനേക്കാള്‍ വാടകയില്‍ 8.8 ശതമാനത്തിന്റെ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. നിലവില്‍ ഇംഗ്ലണ്ടിലെ ശരാശരി വീട്ടുവാടക പ്രതിമാസം 1,276 പൗണ്ട് ആണ്. അതേസമയം സ്‌കോട്ട്ലാന്‍ഡില്‍ ശരാശരി വീട്ടു വാടക 10.9 ശതമാനം വര്‍ദ്ധിച്ച് 944 പൗണ്ടില്‍ എത്തിയപ്പോള്‍ വെയ്ല്‍സില്‍ ഒന്‍പതു ശതമാനം വര്‍ദ്ധിച്ച് 723 പൗണ്ടിലും എത്തി. നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലെ ഏറ്റവും പുതിയ വിവരം ലഭ്യമല്ല,. എന്നാല്‍, 2023 ഡിസംബറില്‍ അവസാനിച്ച ഒരു വര്‍ഷത്തില്‍, തൊട്ട് മുന്‍പത്തെ വര്‍ഷത്തേക്കാള്‍ ഇവിടെ വാടകയില്‍ 9.3 ശതമാനത്തിന്റെ വര്‍ദ്ധനവ് ഉണ്ടായതായി ഒ എന്‍ എസ് റിപ്പോര്‍ട്ടില്‍ പറയുന്നു.
യുകെയില്‍ ഏറ്റവും അധികം വാടക നിലനില്‍ക്കുന്ന ലണ്ടനില്‍ തന്നെയാണ് ഇഗ്ലണ്ടില്‍ ഏറ്റവുമധികം വാടക വര്‍ദ്ധിച്ചതും. നഗരത്തിലെ വീട്ടുവാടക 10.6 ശതമാനം വര്‍ദ്ധിച്ച് 2,035 പൗണ്ടില്‍ എത്തിച്ചേര്‍ന്നു. വാടക ക്രമാനുഗതമായി വര്‍ദ്ധിക്കാറുണ്ടെങ്കിലും കഴിഞ്ഞ ഏതാനും മാസങ്ങളായി വര്‍ദ്ധനവിന്റെ വേഗത കൂടുകയാണെന്നും ഒ എന്‍ എസ് റിപ്പോര്‍ട്ടില്‍ വ്യക്തമാകുന്നു. വീട്ടുടമസ്ഥര്‍ക്ക് മോര്‍ട്ട്ഗേജ് നിരക്ക് വര്‍ദ്ധിച്ചതും, വാടകക്ക് ലഭ്യമാകുന്ന വീടുകളുടെ എണ്ണം കുറഞ്ഞതുമാണ് ഇതിന് കാരണമായിരിക്കുന്നത്.
ഇംഗ്ലണ്ടിലെയും വെയ്ല്‍സിലെയും നിലവില്‍ ഉള്ളതും പുതിയതുമായ വാടക കരാറുകളെയും നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലെ വാടക പരസ്യങ്ങളെയും സ്‌കോട്ട്ലാന്‍ഡിലെ താരതമ്യേന പുതിയ വാടക കരാറുകളെയും അടിസ്ഥാനമാക്കിയാണ് ഓഫീസ് ഫോര്‍ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്സ് ഈ സൂചിക പ്രസിദ്ധീകരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍, വാടക ഏറ്റവും ഉയര്‍ന്ന നിലയില്‍ എത്തിയത് ഫെബ്രുവരി മാസത്തിലാണ്.
ഞെട്ടിക്കുന്ന വസ്തുതയാണെങ്കിലും ഒട്ടും അദ്ഭുതപ്പെടുത്തുന്നതല്ല എന്നായിരുന്നു ജനറേഷന്‍ റെന്റ് എന്ന സന്നദ്ധ സംഘടനയുടെ ചീഫ് എക്സിക്യുട്ടീവ് ബെന്‍ ടോവ്മിയുടെ പ്രതികരണം. തങ്ങള്‍ക്ക് താങ്ങാവുന്നതിന്റെ പരിധിയില്‍ എത്തി നില്‍ക്കുകയാണ് പല വാടകക്കാരും എന്നും അദ്ദേഹം പറഞ്ഞു. കോസ്റ്റ് ഓഫ് ലിവിംഗ് പ്രതിസന്ധി പോലെ ഒരു കോസ്റ്റ് ഓഫ് റെന്റിംഗ് പ്രതിസന്ധിയും നിലവില്‍ വന്നു കഴിഞ്ഞു.
വാടകക്ക് നല്‍കുന്ന മിക്ക വീടുകള്‍ക്കും മോര്‍ട്ട്ഗേജ് ഇല്ല. വാടകക്കാരന് മറ്റ് വഴികള്‍ ഇല്ലെന്നറിയാവുന്ന വീട്ടുടമകള്‍ തന്നെ മനപ്പൂര്‍വ്വ്വം വര്‍ദ്ധിപ്പിക്കുന്നതാണിതെന്നും ബെന്‍ റ്റോവ്മേ പറയുന്നു. അമിതമായി വാടക ഈടാക്കുന്നത് നിരോധിക്കാന്‍ നിയമം കൊണ്ടുവരണമെന്നും അദ്ദേഹം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല